സൗദി അറേബ്യ ഇനി എന്തുചെയ്യും? ഹൂതികള്‍ ബാബുല്‍ മന്തിബ് പിടിച്ചു, ഇന്ത്യക്കും കനത്ത തിരിച്ചടി
യമനിലെ ഹൂതികള്‍ തന്ത്രപ്രധാന കടല്‍ ചരക്കുപാതയായ ബാബുല്‍ മന്തിബിനോട് ചേര്‍ന്ന പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചു. യമനില്‍ തുടരുന്ന ആഭ്യന്തര യുദ്ധം ഒരാഴ്ച പിന്നിടുമ്പോഴാണ് ഹൂതികളുടെ മുന്നേറ്റം. നിരവധി സര്‍ക്കാര്‍ സൈനികര്‍ ഹൂതികളുടെ പക്ഷം ചേര്‍ന്നു. സൗദി അറേബ്യയുടെ പിന്തുണ യമനിലെ സര്‍ക്കാര്‍ സൈന്യത്തിനാണ്.
ഹോര്‍മുസ് കടല്‍പാത അടച്ചതോടെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് യമനോട് ചേര്‍ന്ന ബാബുല്‍ മന്തിബ് കടല്‍പാതയാണ്. ഇവിടെയാണ് ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ മുന്നേറ്റം നടത്തിയത്. സൗദി അറേബ്യ ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ ഇനിയെന്ത് ചെയ്യുമെന്ന ചോദ്യം ബാക്കിയാണ്. സൗദി അറേബ്യക്ക് മാത്രമല്ല, ഇന്ത്യയ്ക്കും വലിയ തിരിച്ചടിയാണിത്. യൂറോപ്യന്‍ വിപണിയിലെ ഇന്ത്യയുടെ സാന്നിധ്യം ഇടിയും.

ഏദന്‍ കടലിനും ചെങ്കടലിനുമിടയിലാണ് ബാബുല്‍ മന്തിബ്. 29 കിലോമീറ്റര്‍ വീതിയിലുള്ള ഈ ജലമേഖലയിലൂടെയാണ് ലോകത്തെ ചരക്കുകടത്തിന്റെ വലിയൊരു ഭാഗം പോകുന്നത്. ഹൂതികള്‍ ഈ പ്രദേശം പിടിച്ചു എന്നാല്‍, മേഖലയില്‍ ഇറാന്റെ ശക്തി വര്‍ധിച്ചു എന്നാണ് അര്‍ഥം. യുദ്ധത്തില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാന്‍ ഇറാന്‍ കാണുന്ന സമ്മര്‍ദ്ദ തന്ത്രമാണിത്. ഇതിലൂടെ ഏതൊക്കെ കപ്പല്‍ പോകണം എന്ന് ഇനി ഹൂതികള്‍ തീരുമാനിക്കുന്ന അവസ്ഥയായി.
അറബിക്കടലിലൂടെ വരുന്ന ചരക്കു കപ്പലുകള്‍ ഏദന്‍ ഉള്‍ക്കടല്‍ വഴി ബാബുല്‍ മന്തിബ് കടന്നാണ് ചെങ്കടലിലേക്ക് പ്രവേശിക്കുക. തുടര്‍ന്ന് ഈജിപ്തിലെ സൂയസ് കനാല്‍ വഴിയോ സുമദ് പൈപ്പ് ലൈന്‍ വഴിയോ ചരക്കുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്കും അതുവഴി യൂറോപ്പിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യൂറോപ്പിലേക്ക് ചരക്കുകള്‍ എത്തിക്കാനുള്ള എളുപ്പവഴിയാണിത്.
ഹോര്‍മുസിന് പിന്നാലെ ബാബുല്‍ മന്തിബ് കൂടി അടയുമ്പോള്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരും എന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന ഘടകമാണ്. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 104 ഡോളറാണ്. ഇനി ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുമ്പോള്‍ ഉയര്‍ന്ന വില കൊടുക്കേണ്ടി വരും. മാത്രമല്ല, പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് വരുന്നത് വളരെ കുറയും.
റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയാക്കി മാറ്റി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് ഇന്ത്യന്‍ കമ്പനികള്‍. ഈ ചരക്കുകള്‍ യൂറോപ്പിലേക്ക് പോകുന്നത് ബാബുല്‍ മന്തിബ് വഴിയാണ്. ആ വഴിയാണ് അടയുന്നത്. മത്രമല്ല, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവയും ഇന്ത്യയില്‍ നിന്ന് പോകുന്നത് ഈ വഴിയാണ്.
ബാബുല്‍ മന്തിബ് വഴി അടഞ്ഞാല്‍ ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളോട് ചേര്‍ന്ന വളഞ്ഞ കടല്‍പാത വഴി പോകേണ്ടി വരും. 16000-23000 കിലോമീറ്റര്‍ വരെ ദൂരമുണ്ട് ഈ വഴിക്ക്. ഇത്രയും ദൂരം പിന്നിട്ട് യൂറോപ്പിലെത്തുമ്പോള്‍ ഇന്ത്യന്‍ ചരക്കുകളുടെ വില കൂടും. യൂറോപ്യന്‍ വിപണിയില്‍ ചെലവാകാതെ വരികയും ചെയ്യും. കണ്ണീര്‍ കവാടം എന്ന പേരിലുള്ള ബാബുല്‍ മന്തിബ് സുരക്ഷിതമായാല്‍ മാത്രമാണ് ഇന്ത്യയ്ക്കും നേട്ടമാകുക.





Click it and Unblock the Notifications
