'എല്ലാം ഗൂഢാലോചന'; ആരോപണം ഉന്നയിച്ച നടിമാര്‍ക്കെതിരെ പരാതി നല്‍കി ഇടവേള ബാബു
കൊച്ചി: തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ പരാതി നല്‍കി നടന്‍ ഇടവേള ബാബു. രണ്ട് സ്ത്രീകള്‍ക്കെതിരെ ഡിജിപിക്കും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും എതിരെയാണ് ഇടവേള ബാബു പരാതി നല്‍കിയത്. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
'മാധ്യമങ്ങളിലൂടെ എനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പരാതിയില്‍ കൃത്യമായി അന്വേഷണം നടത്തണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമനടപടികള്‍ അഭിഭാഷകനില്‍ നിന്നും നിയമോപദേശം തേടിയതിന് തുടര്‍ നടപടിയുമായി മുന്നോട്ടുപോകും,' ഇടവേള ബാബു അറിയിച്ചു.

ഇ-മെയില്‍ വഴിയാണ് ഇടവേള ബാബു പരാതി നല്‍കിയിരിക്കുന്നത്. അതിനിടെ നടന്‍ സിദ്ദിഖിനെതിരെ നടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് മേധാവിക്ക് ഇ-മെയില്‍ മുഖേനയാണ് പരാതി കൈമാറിയത്. ഈ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സിദ്ദീഖിനെതിരായ പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പുള്ള പരാതി ആയതിനാല്‍ തന്നെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുക്കുക.
മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് എത്തിയത് എന്നും അവിടെ വെച്ച് സിദ്ദീഖ് ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു എന്നുമാണ് പരാതിക്കാരി പറയുന്നത്. 2019 ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട് എന്നും പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു എന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
തന്റെ സമ്മതമില്ലാതെയാണ് സിദ്ദീഖ് ഉപദ്രവിച്ചത് എന്നും നടി പറഞ്ഞിരുന്നു. അതേസമയം ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട് എന്നും ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദീഖും പരാതി നല്‍കിയത്. നടിയുടെ ആരോപണത്തെ തുടര്‍ന്ന് സിദ്ദീഖിന് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.
അതിനിടെ മുകേഷ്, ജയസൂര്യ, മണിയണപിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ അഭിനേത്രി മിനു മുനീറും പരാതി നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കാന്‍ മിനു തയ്യാറായത്. സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെ അമ്മയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെച്ചിരുന്നു.
ഇതിന് പിന്നാലെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ രാജിക്കത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications