ഫൈസലിനെ വധിച്ചത് ബന്ധുക്കളുടെ ഒത്താശയോടെ : എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam


തിരൂരങ്ങാടി : ഇസ്ലാം മതം സ്വീകരിച്ചതിന് പുല്ലാണി ഫൈസലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരു വിമുക്തഭടനും ഉള്‍പ്പെടുന്നു. ബന്ധുക്കള്‍ അടക്കമുളളവരാണ് അറസ്റ്റിലായിരിക്കുന്നത്.

മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫൈസലിനെ കൊല്ലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തവരും സഹായം ചെയ്തവരുമാണ് അറസ്റ്റിലായിരിക്കുന്നത്. കൃത്യം നടത്തിയെന്ന് കരുതുന്ന മൂന്നു പേര്‍ വലയിലായതായും പോലീസ് വ്യക്തമാക്കുന്നു.

arrest

ഫൈസലിന്റെ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനുമായ പുല്ലാണി വിനോദ്, പുല്ലാണി ഷാജി, പുല്ലാണി സജീഷ്, പുല്ലാണി ഹരിദാസന്‍, കൊടിഞ്ഞിയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു, വിമുക്തഭടനായ പരപ്പനങ്ങാടി സ്വദേശി ജയപ്രകാശ്, ചാനത്ത് സുനില്‍ കളത്തില്‍ പ്രദീപ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഫൈസലിന്റെ സഹോദരിയായ തന്റെ ഭാര്യയെയും മക്കളെയും മതംമാറ്റുമെന്ന് ഭയന്ന് വിനോദ് ആര്‍എസ്എസ് പ്രവര്‍ത്തകരായ ഹരിദാസന്‍, ഷാജി, സുനി, സജീഷ് എന്നിവരെ സമീപിച്ചു. ഇവര്‍ ഇക്കാര്യം സംഘടനാ നേതാക്കളെ അറിയിച്ചു. ഷാജി, സുനി, പ്രദീപ്, ഹരിദാസന്‍ പരപ്പനങ്ങാടിയിലെ സംഘടനാ നേതാവ് ജയപ്രകാശ് എന്നിവര്‍ മേലേപ്പുറത്ത് ഒത്തുകൂടി ഗൂഢാലോചന നടത്തുകയായിരുന്നു.

അതിനു ശേഷം ഇക്കാര്യം പ്രമുഖ ആര്‍എസ്എസ് നേതാവും യാസിര്‍ വധക്കേസിലെ മുഖ്യകണ്ണിയുമായ നേതാവിനെ അറിയിക്കുകയായിരുന്നു. ഇയാളുടെ നിര്‍ദേശ പ്രകാരമാണ് മൂന്നു പേര്‍ ഫൈസലിനെ വധിച്ചത്.

മകന്റെ കൊലപാതകത്തിനു പിന്നില്‍ സഹോദരി ഭര്‍ത്താവാണെന്ന് ഫൈസലിന്റെ അമ്മ മീനാക്ഷി നേരത്തെ ആരോപിച്ചിരുന്നു. ഇയാള്‍ പലതവണ ഫൈസലിനെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ പറയുന്നു.

ഗള്‍ഫില്‍ ജോലിക്ക് പോയ അനില്‍കുമാര്‍ എന്ന ഫൈസല്‍ ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നു. അതിനുശേഷം നാട്ടിലെത്തിയ ഇയാള്‍ കുടുംബാംഗങ്ങളെയും മതംമാറ്റുമെന്ന് ഭയന്നാണ് കൊലപാതകം.

English summary
Eight RSS workers arrested in Pullani Faizal murder case.
Please Wait while comments are loading...