'ശിവൻകുട്ടിക്കില്ലെങ്കിലും വിദ്യാഭ്യാസ മന്ത്രിക്ക് അൽപ്പം സാമൂഹ്യബോധവും സഹിഷ്ണുതയും ആകാം'; വിടി ബൽറാം
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടിയുമായി മുൻ എംഎൽഎ വിടി ബൽറാം. മന്ത്രിയുടേത് വെറും മുട്ടാപ്പോക്ക് ന്യായമാണെന്നും "ഭക്ഷണം പാചകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണ്" എന്ന വാദഗതിയുടെ പൊള്ളത്തരത്തേക്കുറിച്ചാണ് തനടക്കം ഉള്ളവർ വിമർശനം ഉന്നയിച്ചതെന്നെന്നും വിടി ബൽറാം പറഞ്ഞു. 'പാചകം ചെയ്യുന്ന ബ്രാഹ്മണൻ' ഇവിടെ നവോത്ഥാനവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ തെളിയിക്കുന്നില്ല. അങ്ങനെ ഉണ്ടെന്ന് വ്യാഖ്യാനിക്കാൻ കമ്മ്യൂണിസ്റ്റ് സാഹിത്യ പ്രഭൃതികൾക്ക് തോന്നുന്നത് ക്ലാസ് എന്നതിനപ്പുറം കാസ്റ്റ് എന്ന ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യത്തെ ആഴത്തിൽ മനസ്സിലാക്കാൻ അവർക്ക് കഴിയാതെ പോകുന്നതുകൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

ഒരു വിഷയത്തേക്കുറിച്ച് സമൂഹത്തിൽ ചർച്ചകൾ ഉയർന്നു വരുമ്പോൾ കൃത്യമായ രാഷ്ട്രീയ, സാമൂഹ്യ ബോധ്യങ്ങളുള്ളവർ അതിനോട് ആ സമയത്ത് പ്രതികരിക്കും. അതിന്റെ തുടർച്ചയായി യോജിച്ചും വിയോജിച്ചുമുള്ള പ്രതികരണങ്ങളും തുടർ പ്രതികരണങ്ങളും സ്വാഭാവികമാണ്, സ്വാഗതാർഹവുമാണ്. എന്നാൽ ഒരാൾ ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ അപ്പോൾ എന്തുകൊണ്ടവർ നേരത്തേ പ്രതികരിച്ചില്ല, മുമ്പ് അവർ ഉറക്കമായിരുന്നോ എന്നൊക്കെ തിരിച്ചു ചോദിക്കുന്നത് വെറും മുട്ടാപ്പോക്ക് ചോദ്യമാണ്. വിഷയത്തോട് പ്രതികരിക്കാതെ അതുന്നയിച്ച വ്യക്തിയെ ഇടിച്ചുതാഴ്ത്താനാണ് ശ്രമമെങ്കിൽ അതിനെ Ad Hominem എന്ന Logical Fallacy ആയാണ് കണക്കാക്കുക. സ്വന്തം വകുപ്പിനേ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് മാത്രമല്ല, പൊതുവായ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളേക്കുറിച്ചും ഇത്തരം ന്യായവൈകല്യങ്ങളില്ലാതെ പ്രതികരിക്കുന്നവരായിരിക്കണം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർ എന്നതൊക്കെ കേരളത്തിന്റെ ഒരു മിനിമം പ്രതീക്ഷയാണ്. അടുത്ത വർഷം തൊട്ട് നോൺ വെജിറ്റേറിയൻ ഭക്ഷണവും ഉൾപ്പെടുത്തും എന്ന് ഇപ്പോൾ പ്രഖ്യാപിച്ച മന്ത്രിക്ക് എന്തുകൊണ്ട് ഇത് നിങ്ങൾക്ക് നേരത്തേ തോന്നിയില്ല എന്ന് തിരിച്ച് ചോദിക്കാൻ ഏതായാലും ഞാനില്ല.

സ്ക്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് എന്റെ കഴിഞ്ഞ പോസ്റ്റിനേക്കുറിച്ച് ഒരു ചെറിയ വിശദീകരണം കൂടി നൽകാനാഗ്രഹിക്കുന്നു. കലോത്സവത്തിൽ പഴയിടം മോഹനൻ നമ്പൂതിരി ഭക്ഷണം തയ്യാറാക്കി നൽകുന്നതിൽ യാതൊരു വിയോജിപ്പുമുള്ള ആളല്ല ഞാൻ. അദ്ദേഹത്തെ മുൻപ് നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. മുൻ കലോത്സവങ്ങളിൽ അദ്ദേഹം തയ്യാറാക്കിയ ഭക്ഷണം കഴിച്ചിട്ടുമുണ്ട്. വെജിറ്റേറിയൻ ഭക്ഷണം മികച്ച രീതിയിൽ തയ്യാറാക്കുന്ന ഒരാളാണദ്ദേഹം എന്നത് തന്നെയാണ് എന്റെ അറിവും അനുഭവവും. നോൺ വെജിറ്റേറിയൻ ഭക്ഷണം തയ്യാറാക്കാൻ കഴിയുന്ന ഒരു ടീമും അദ്ദേഹത്തിനുണ്ട് എന്നും അറിയാൻ കഴിഞ്ഞു. ഇനിയുള്ള വർഷങ്ങളിലും നടപടിക്രമങ്ങൾ പാലിച്ച് കോംപറ്റേറ്റീവ് ടെണ്ടർ വഴി അദ്ദേഹത്തിന് തന്നെ ഭക്ഷണച്ചുമതല ലഭിക്കുകയാണെങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ. കലോത്സവ വേദിയിൽ നോൺ വെജ് ഭക്ഷണം മാറ്റിനിർത്തേണ്ടതില്ല എന്ന അഭിപ്രായവും എന്റെ ആദ്യ പോസ്റ്റിന്റെ അവസാന ഭാഗത്തെ ഒരു വരി മാത്രമാണ്. എന്നാൽ ഞാനടക്കം നിരവധി പേർ ഇന്നലെ പ്രതികരിച്ചത് തീർത്തും വ്യത്യസ്തമായ മറ്റൊരു കോൺടെക്സ്റ്റിലാണ്. കലോത്സവ വേദിയിലെ വെജ്, നോൺ വെജ് തർക്കത്തിൽ മാത്രം തളച്ചിടേണ്ടതല്ല ആ ചർച്ച.

"ഭക്ഷണം പാചകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണ്" എന്ന വാദഗതിയുടെ പൊള്ളത്തരത്തേക്കുറിച്ചാണ് ഇന്നലെ ഞാനടക്കം പലരും വിമർശനമുന്നയിച്ചത്. ആ വാദം മുന്നോട്ടുവച്ചത് സിപിഎമ്മിന്റെ സാഹിത്യ രംഗത്തെ പോഷക സംഘടനയുടെ പ്രസിഡണ്ടായ വ്യക്തിയാണെങ്കിലും നിരവധി സിപിഎം, ഇടതുപക്ഷ അനുഭാവികൾ വരെ അതിനോട് വിമർശനരൂപത്തിലാണ് പ്രതികരിച്ചത്. കാരണം അങ്ങനെ നവോത്ഥാനത്തിന്റെ ചെലവിൽ ഗ്ലോറിഫൈ ചെയ്യേണ്ട ഒന്നല്ല ഭക്ഷണ പാചക രംഗത്തെ ബ്രാഹ്മണ സാന്നിദ്ധ്യം എന്ന ചരിത്രബോധ്യത്തിൽ നിന്നാണ് ആ വിമർശനങ്ങളെല്ലാമുയർന്നത്. ഈ രംഗത്ത് ബ്രാഹ്മണർക്ക് നവോത്ഥാന പൂർവ്വ കാലം തൊട്ടേ മേൽക്കൈ ഉണ്ടായിരുന്നു എന്ന യാഥാർത്ഥ്യമാണ് എല്ലാവരും ചൂണ്ടിക്കാട്ടിയത്. വലിയ സദ്യകളുടെ ദേഹണ്ഡമായാലും നാട്ടിൻപുറത്തെ പഴയ ചായക്കടകളുടേയും ചെറുകിട വെജിറ്റേറിയൻ ഹോട്ടലുകളുടെയുമൊക്കെ നടത്തിപ്പായാലും അതിൽ നമ്പൂതിരി തൊട്ട് നായർ വരെയുള്ള സവർണ്ണ ജാതിക്കാർക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നു. അതായത് പാചക രംഗമെന്നത് ബ്രാഹ്മണൻ നവോത്ഥാനാനന്തരം കയറി വന്ന ഒരു പുതിയ മേഖലയല്ല, പണ്ടേ ബ്രാഹ്മണരുടേയും സവർണ്ണരുടേയും ഒരു ഹോം ടർഫ് ആണത്. പഴയിടം മാത്രമല്ല, മറ്റ് നിരവധി നമ്പൂതിരി ഇല്ലങ്ങളും സദ്യ ഒരുക്കുക, പായസം തയ്യാറാക്കി വിൽക്കുക, അച്ചാർ നിർമ്മിക്കുക തുടങ്ങിയ സംരംഭങ്ങൾ കാലങ്ങളായി ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നുണ്ട്.

ജാതിചിന്തയിലധിഷ്ഠിതമായ ശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങൾ ഏറ്റവും ശക്തമായി നിലനിൽക്കുന്ന ഒരു മേഖലയാണ് ഭക്ഷണം. ഹിന്ദുത്വ ഫാഷിസം മുസ്ലീങ്ങളെ മാത്രമല്ല, ഇതര ദലിത്, പിന്നാക്ക വിഭാഗങ്ങളേയും അപരവൽക്കരിക്കുന്നതിന് ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇത്തരം ശുദ്ധി വാദങ്ങളാണ്. ഭക്ഷണം തയ്യാറാക്കുന്നതിലും വിളമ്പുന്നതിലുമൊക്കെ യഥാർത്ഥത്തിൽ പാലിക്കേണ്ട വൃത്തിയും ഈ "ശുദ്ധി"യും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല എന്നും കാണേണ്ടതുണ്ട്. സാമ്പാർ ഇളക്കാൻ സന്തോഷത്തോടെ തയ്യാറാവുന്ന ബ്രാഹ്മണൻ ആളുകൾ ഭക്ഷണം കഴിച്ചതിന് ശേഷം എച്ചിലിലകൾ എടുക്കുന്നതിൽക്കൂടി പൂർണ്ണ മനസ്സോടെ വ്യാപൃതനാവുന്നുണ്ടെങ്കിൽ അത് നമ്മുടെ നവോത്ഥാനത്തിന്റെ വിജയമാണെന്ന് പറയാം. കാരണം സാമ്പാറും പ്രഥമനുമുണ്ടാക്കുന്നിടത്തല്ല, പാത്രം കഴുകുന്നിടത്തും എച്ചിൽ പെറുക്കുന്നിടത്തുമാണ് ജാതിയും ജെൻഡറുമൊക്കെ ഇപ്പോഴും കാര്യമായി പ്രവർത്തിക്കുന്നത്. അവിടങ്ങളിൽ മാറ്റമുണ്ടാവുമ്പോഴാണ് നമ്മുടെ നവോത്ഥാന പ്രക്രിയ മുന്നോട്ടുപോവുന്നത്.

ചുരുക്കിപ്പറഞ്ഞാൽ 'പാചകം ചെയ്യുന്ന ബ്രാഹ്മണൻ' ഇവിടെ നവോത്ഥാനവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ തെളിയിക്കുന്നില്ല. അങ്ങനെ ഉണ്ടെന്ന് വ്യാഖ്യാനിക്കാൻ കമ്മ്യൂണിസ്റ്റ് സാഹിത്യ പ്രഭൃതികൾക്ക് തോന്നുന്നത് ക്ലാസ് എന്നതിനപ്പുറം കാസ്റ്റ് എന്ന ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യത്തെ ആഴത്തിൽ മനസ്സിലാക്കാൻ അവർക്ക് കഴിയാതെ പോകുന്നതുകൊണ്ടാണ്. ഭരണഘടനാ ശിൽപ്പിയായ ബിആർ അംബേദ്കർ കമ്മ്യൂണിസ്റ്റുകളെ "ബ്രാഹ്മിൺ ബോയ്സ്" എന്നു വിശേഷിപ്പിച്ചിടത്തു നിന്ന് ഒരടി മുന്നോട്ടുവരാൻ ഇന്നും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾക്ക് കഴിയുന്നില്ല എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
പിൻകുറിപ്പ്:
മൈക്കും പിടിച്ച് "വി.ടി. ബൽറാമൊക്കെ ഇത്തരം വിദ്വേഷ പോസ്റ്റ് ഇടുന്ന"തിനേക്കുറിച്ച് വിദ്യാഭ്യാസ മന്ത്രിയോട് കുത്തിത്തിരുപ്പ് ചോദ്യം ചോദിക്കുന്ന ആ മാധ്യമപ്രവർത്തക ആരാണെന്നറിയില്ല. എന്നാൽ അതിനെ മന്ത്രി തിരുത്തുന്നില്ലെന്ന് മാത്രമല്ല "ഇത്തരം വൃത്തികെട്ട സംസ്ക്കാരത്തേ"ക്കുറിച്ച് കൂടുതൽ കുറ്റപ്പെടുത്തലാണദ്ദേഹത്തിൽ നിന്നുണ്ടാവുന്നത് എന്നത് ഏറെ ദയനീയമാണ്. ശിവൻകുട്ടിക്കില്ലെങ്കിലും ഇന്നാട്ടിലെ വിദ്യാഭ്യാസ മന്ത്രിക്ക് അൽപ്പം കൂടി സാമൂഹ്യബോധവും സഹിഷ്ണുതയും ആകാം.












Click it and Unblock the Notifications