പോയത് ശുദ്ധ മനസുകൊണ്ട്: ആർ എസ് എസ് വേദിയിലെ സാന്നിധ്യത്തില്‍ വിശദീകരണവുമായി കെ എന്‍ എ ഖാദർ
കോഴിക്കോട്: ആർ എസ് എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എന്‍ എ ഖാദറിനെതിരെ പാർട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും വലിയ വിമർശനമാണ് ഉയർന്ന് വരുന്നത്. പാർട്ടി അണികള്‍ തന്നെ നേതാവിനെ രൂക്ഷമായി വിമർശിക്കുകയും നേതൃത്വം ശക്തമായ നടപടിയെടുക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിട്ടുണ്ട്.
വിമർശനങ്ങള്‍ ശക്തമായതോടെ സംഭവത്തില്‍ വിശദീകരണവുമായി കെ എൻ എ ഖാദർ രംഗത്ത് എത്തുകയും ചെയ്തു. സാംസ്കാരിക പരിപാടിയാണെന്ന് മനസിലാക്കിയാണ് പങ്കെടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇത്തരം പരിപാടികളില്‍ നേരത്തേയും പങ്കെടുത്തിട്ടുണ്ട്. പരിപാടിയില്‍ പറഞ്ഞത് മതസൗഹാര്‍ദത്തെക്കുറിച്ചും മാത്രമാണ്. നാട്ടില്‍ സംഘര്‍ഷവും വര്‍ഗീയതയും വര്‍ധിച്ച് വരുമ്പോള്‍ എല്ലാം മതസ്ഥരും തമ്മില്‍ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അത് തെറ്റായി ചിത്രീകരിച്ച് ദുഷ്പ്രചരണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതസൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ വിളിച്ചാല്‍ അവരെല്ലാം പരിപാടിയില്‍ പങ്കെടുക്കാറുണ്ടെന്നും അവരുടെ പരിപാടിയില്‍ വിളിച്ചാല്‍ ഞങ്ങളും പോവേണ്ടതല്ലെ എന്ന ശുദ്ധമനസ്സുകൊണ്ടാണ് വിളിച്ചപ്പോള്‍ പോയതെന്നും കെ എന്‍ എ ഖാദർ പറയുന്നു. മുസ്ലിം ലീഗ് സാദിഖലി ശിഹാബ് തങ്ങളുടെ ഞാൻ എല്ലാ മതസ്ഥരെയും കുറിച്ച് പറയാറുണ്ട്. ഇത് ഭ്രഷ്ടിന്റെ കാര്യമല്ല. ഇവിടെ പരിസ്ഥിതി ചർച്ച ചെയ്തു. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ മതവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ്. രാഷ്ട്രീയമായി മുസ്ലിം ലീഗിന്റെ പ്രവർത്തകനാണ്, ഇസ്ലാം മത വിശ്വാസിയുമാണ്. എന്നാല്‍ മറ്റ് മതങ്ങളെ വെറുക്കാന്‍ തനിക്ക് ആവില്ലെന്നും മുന്‍ എം എല്‍ എ കൂട്ടിച്ചേർത്തു.
കേസരി മാസിക സംഘടിപ്പിച്ച സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമായിരുന്നു മുന്‍ എംഎല്‍യായ കെ എന്‍ എ ഖാദർ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്നും വേദിയില്‍ കെ എന്‍ എ.ഖാദര്‍ തുറന്നു പറഞ്ഞിരുന്നു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications