ചാരിറ്റി തട്ടിപ്പുകള്‍ എങ്ങനെ തടയാം; നിര്‍ദേശം മുന്നോട്ട് വെച്ച് ഫിറോസ് കുന്നംപറമ്പില്‍
കോഴിക്കോട്: ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയുള്ള തട്ടിപ്പ് തടയാന്‍ പരിഹാരമാര്‍ഗം നിര്‍ദേശിച്ച് ഫിറോസ് കുന്നംപറമ്പില്‍. ഒരു രോഗിക്ക് വേണ്ടി പിരിച്ച് കിട്ടുന്ന തുകയില്‍ നിന്നും ആ രോഗിക്ക് ആവശ്യമായതിന് ശേഷമുള്ള അധിക തുക സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൈമാറുന്ന സംവിധാനം ആവിഷ്കരിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രോഗികള്‍ക്കായി ആളുകള്‍ ഇഷ്ടം പോലെ പണം പിരിക്കുന്ന പ്രവണത നിരീക്ഷിക്കപ്പെടണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍മീഡിയ ചാരിറ്റിയില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടട്ടേ. എല്ലാവരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കണം. അതിന് പുറമെ ഏതെങ്കിലും ഒരു രോഗിക്കായി വീഡിയോ ചെയ്യുമ്പോള്‍ ആ പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടെ പൊലീസ് സ്റ്റേഷനില്‍ നിന്നോ ഒരു കത്ത് വാങ്ങട്ടെ. അതോടൊപ്പം തന്നെ ആ വീഡിയോ വഴി എത്ര പണം അക്കൗണ്ടിലേക്ക് വന്നുവെന്ന് പോലീസിനെ അറിയിക്കുകയും ചെയ്യട്ടേയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്‍റെ പ്രതികരണം.

പിരിച്ചെടുത്ത പണത്തില്‍ നിന്നും കൂടുതലായി വരുന്ന പണം നിക്ഷേപിക്കാന്‍ സാമൂഹ്യസുരക്ഷ മിഷന്‍ പോലെ സര്‍ക്കാര്‍ ഒരു സംവിധാനം ഉണ്ടാക്കണം. റിട്ട. ജഡ്ജിമാരെയോ, ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരെയോ ഉള്‍ക്കൊള്ളിച്ച് ഒരു കമ്മിറ്റി ഇതിനായി ഉണ്ടാക്കാം. ഒരു രോഗിക്ക് 18 കോടി രൂപ സര്‍ക്കാരിന് കൊടുക്കാന്‍ സാധിക്കുന്നില്ല. ആ ഘട്ടത്തിലാണ് കുറെ ആളുകള്‍ ചേര്‍ന്ന് ആറു ദിവസം കൊണ്ട് 18 കോടി രൂപ സംഘടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഞാനടക്കമുള്ള ആളുകള്‍ക്ക് ആയിരക്കണക്കിന് രോഗികള്‍ക്ക് ചാരിറ്റിയിലൂടെ ആശ്വാസം പകരാന്‍ സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ വീഡിയോ ചെയ്യുമ്പോള്‍ അത് വഴി രോഗിക്ക് 1 കോടി രൂപ ലഭിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങളോടുള്ള വിശ്വാസം കൊണ്ട് കൂടിയാണ്. മാധ്യമങ്ങള്‍ പോസ്റ്റര്‍ അടിച്ച് വിട്ടാല്‍ അത്രയും തുക ലഭിക്കില്ല. കണ്ണൂരിലെ ആ കുട്ടിക്ക് വേണ്ടി ആ പ്രദേശത്തെ നാട്ടുകാര്‍ വീഡിയോ ചെയ്തപ്പോള്‍ ഞാനടക്കമുള്ളവര്‍ ഷെയര്‍ ചെയ്തത് കൊണ്ടാണ് 18 കോടി രൂപ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി












Click it and Unblock the Notifications