പണ്ട് പങ്കാളിത്ത പെന്‍ഷനെതിരെ ഉറഞ്ഞുതുള്ളിയ സിപിഎം ഇപ്പോള്‍ അത് നടപ്പിലാക്കുന്നു: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രനയമനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ 2013 ഏപ്രില്‍ മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയപ്പോള്‍ സിപിഎമ്മും അതിന്റെ സംഘടനകളും ഉറഞ്ഞുതുള്ളിയ സിപിഎം ഇപ്പോള്‍ അതേ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
സിപിഎം പതിവുപോലെ പറഞ്ഞകാര്യം വിഴുങ്ങി ഒരു കാര്യം കൂടി നടപ്പാക്കി. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
കേന്ദ്രനയമനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ 2013 ഏപ്രില്‍ മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയപ്പോള്‍ സിപിഎമ്മും അതിന്റെ സംഘടനകളും ഉറഞ്ഞുതുള്ളി. രണ്ടു തവണ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ അനിശ്ചിതകാല സമരം തുടങ്ങി. രാത്രി ഒരു മണിക്ക് ക്ലിഫ് ഹൗസില്‍ വച്ച് അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കിയത് ഓര്‍ക്കുന്നു.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ പക്ഷേ പഴയ ശുഷ്‌കാന്തി കാട്ടിയില്ല. ജീവനക്കാര്‍ നിരന്തരം പ്രകടനപത്രിക ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങിയപ്പോള്‍, 2018ല്‍ റിട്ട. ജില്ലാ ജഡ്ജി എസ് സതീഷ് ചന്ദ്രബാബു ചെയര്‍മാനായി മൂന്നംഗസമിതിയെ നിയോഗിച്ചു.
സമിതിയുടെ നടപടികള്‍ തുടരുമ്പോഴാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
25 സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയപ്പോഴാണ് കേരളം 2013ല്‍ നടപ്പാക്കിയത്. രാജ്യത്തെ 90% ജീവനക്കാരും ഇതില്‍ ചേര്‍ന്നു കഴിഞ്ഞിരുന്നു. സംസ്ഥാന സര്‍്ക്കാരിന്റെ അന്നത്തെ സാമ്പത്തിക സ്ഥിതികൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്. പുതുതായി ചേര്‍ന്നവര്‍ക്കു മാത്രമാണ് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കിയത്.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരും ശമ്പളത്തിന്റെ 10% വീതമാണ് പെന്‍ഷന്‍ ഫണ്ടില്‍ അടയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരുന്നതിന് കേന്ദ്രം നിര്‍ദേശിച്ച നടപടിയാണിത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം ഇപ്പോള്‍ 14% വും കേന്ദ്ര ജീവനക്കാരുടേത് 10% വും ആണ്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോട് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം അടിയന്തരമായി 14% ആയി ഉയര്‍ത്തുകയാണു വേണ്ടത്.
യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുകയും സിപിഎം നഖശിഖാന്തം എതിര്‍ക്കുകകയും ചെയ്ത ശേഷം നടപ്പാക്കിയവയാണ് സ്വാശ്രയ കോളജുകള്‍, ഓട്ടോണമസ് കോളജുകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍. സിപിഎം മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നു.
ഇനിയുമെത്ര മാറാനിരിക്കുന്നു!!
അണ്‍ലോക്ക് 4: മെട്രോ സര്‍വീസുകള്‍ ആരംഭിക്കുന്നു, പൊതുപരിപാടികള്‍ക്കും അനുമതി- മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍
ബിജെപിയെ പിന്തുണയ്ക്കുന്നത് നിര്‍ത്തണം, ആരോപണം അന്വേഷിക്കണം; ഫേസ്ബുക്കിന് കോണ്‍ഗ്രസിന്റെ കത്ത്