കൊച്ചി-മംഗളൂരു ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈന്‍ നാളെ നാടിന് സമര്‍പ്പിക്കും
തിരുവനന്തപുരം: കൊച്ചി -മംഗളൂരു ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈന്‍ നാളെ
നാടിന് സമര്‍പ്പിക്കും. 2010 ൽ ആരംഭിക്കുകയും, സ്ഥലം ലഭ്യമാകാത്തതിനെത്തുടർന്ന് 2014ൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത പദ്ധതിയ്ക്ക് വീണ്ടും ജീവൻ ലഭിച്ചത് 2016ൽ ആണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കൊച്ചി മംഗലാപുരം പാതയിൽ 510 കിലോമീറ്റർ ദൈർഘ്യത്തിലാണ് പൈപ്പ് ഇടേണ്ടിയിരുന്നത്. അതിൽ വെറും 40 km മാത്രമായിരുന്നു അതുവരെ പൂർത്തിയാക്കിയത്. ബാക്കി ദൂരം മുഴുവൻ ഇടതുപക്ഷ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമാണ് പൈപ്പിടൽ പൂർത്തിയാക്കിയത്.
മതിയായ നഷ്ട പരിഹാരം നൽകി ജനങ്ങളുടെ ആശങ്ക പരിഹരിച്ച് അവരുടെ സഹകരണത്തോടെയാണ് സർക്കാർ ഈ പദ്ധതി പൂർത്തിയാക്കിയത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഊർജജ ലഭ്യതയിൽ വലിയ മുന്നേറ്റമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ഊർജ്ജ വിതരണം സാധ്യമാക്കാൻ ഈ പദ്ധതി സഹായകമാകും. ഈ പദ്ധതി പൂർത്തിയാക്കാൻ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് മംഗളൂരുവരെ തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്ന് പോകുന്നത്. പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് വാതക വാഹക ശേഷിയുള്ളതാണ് പൈപ്പ്‌ലൈന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് ഈ സര്‍ക്കാര്‍ യഥാർഥ്യമാക്കിയത് എന്ന് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കിയും സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയും ഇച്ഛാശക്തിയോടെ മുന്നോട്ടു പോയ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ വ്യാവസായിക - വാണിജ്യ ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വീട്ടാവശ്യത്തിന് പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതകവും ഗതാഗതമേഖലയ്ക്ക് സിഎന്‍ജിയും പൈപ്പ്‌ലൈനിലൂടെ ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കി. പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ വ്യാവസായിക - വാണിജ്യ ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം നല്‍കും. 5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം എന്നാണ് കണക്കാക്കിയിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.