കുട്ടിത്തം മാറും മുമ്പ് കെട്ടിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട!! ഇത് കുട്ടിക്കളിയല്ല!!
കാളികാവ് മേഖലയിൽ കരുവാരക്കുണ്ടിലാണ് ഏറ്റവുമധികം കുട്ടിക്കല്യാണം തടഞ്ഞിരിക്കുന്നത്. കല്യാണം തടയുന്നവർക്ക് ഭീഷണിയും നേരിടേണ്ടി വരുന്നുണ്ട്.
കാളികാവ്: കുട്ടിത്തം മാറുന്നതിന് മുമ്പ് തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതികൾക്കെതിരെ പെൺകുട്ടികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം ശക്തമായതോടെ ഈ വർഷം ഏപ്രിൽ അവസാനം വരെ കാളികാവ് ബ്ലോക്കിൽ മാത്രം തടഞ്ഞത് 30 ബാല വിവാഹങ്ങളാണ്. 26 വിവാഹങ്ങൾ കോടതി ഇടപെട്ടും നാലുപേരുടേത് ബാലവിവാഹ നിരോധന ഓഫീസറുമാണ് തടഞ്ഞത്.
പല വിവാഹങ്ങളും നിശ്ചയിക്കുന്ന വേളയിൽ തന്നെയാണ് തടഞ്ഞത്. കല്യാണം കുട്ടിക്കളിയാക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. കാളികാവ് മേഖലയിൽ കുട്ടിക്കല്യാണത്തിനെതിരെ പെൺകുട്ടികൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പല വിവാഹങ്ങളും പെൺകുട്ടികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടത്തുന്നത്.

കാളികാവ് മേഖലയിൽ കരുവാരക്കുണ്ടിലാണ് ഏറ്റവുമധികം കുട്ടിക്കല്യാണം തടഞ്ഞിരിക്കുന്നത്. കല്യാണം തടയുന്നവർക്ക് ഭീഷണിയും നേരിടേണ്ടി വരുന്നുണ്ട്. അംഗൻവാടി ജീവനക്കാർക്കാണ് പെൺകുട്ടികളുടെ സംരക്ഷണ ചുമതല. അതിനാൽ ഭീഷണി നേരിടേണ്ടി വരുന്നതും ഇവർക്ക് തന്നെയാണ്.
കുട്ടിക്കല്യാണത്തിനെതിരെ പെൺകുട്ടികളെ അണിനിരത്താനുള്ള ശിശു സംരക്ഷണ സമിതിയുടെ ശ്രമം ഇതിനോടകം തന്നെ വിജയം കണ്ടിരിക്കുകയാണ്.
കുട്ടിക്കല്യാണങ്ങളെ ചെറുക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുകയാണ് പ്രധാന ലക്ഷ്യം. ഇളംപ്രായത്തിലുള്ള വിവാഹം പല കുടുംബ പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നുണ്ടെന്നാണ് ശിശു സംരക്ഷ്മ സമിതി പറയുന്നത്. അതിനാൽ കെട്ടുറപ്പുള്ല ജീവിതത്തിനായി പെൺകുട്ടികൾക്ക് അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് സമിതി.
ഇതിന്റെ ഭാഗമായി അമരമ്പലം ഉള്ളാട് അങ്കണവാടിയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ നിരവധി പെൺകുട്ടികൾ പങ്കെടുത്തിരുന്നു. 116 പെൺകുട്ടികളാണ് പങ്കെടുത്തത്. ബാലവിവാഹത്തിനെതിരെ ഹ്രസ്വ ചിത്രവും പ്രദർശിപ്പിച്ചു.












Click it and Unblock the Notifications