സ്വർണം വാങ്ങാന്‍ പോകുകയാണോ? ഓരാഴ്ച കാത്തിരുന്ന് കൂടെ: വില കുറയുമെന്ന് വിദഗ്ധർ
സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ച് കുതിച്ചുകൊണ്ടിരിക്കുന്നത് സാധാരണക്കാരായ സ്വർണാഭരണ പ്രേമികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവാഹത്തിനും മറ്റും സ്വർണം വാങ്ങാന്‍ തീരുമാനിച്ചവർ വാങ്ങാന്‍ ഉദ്ധേശിച്ചതിലും കുറഞ്ഞ അളവിലുള്ള ആഭരണം മാത്രമാണ് പലപ്പോഴും വാങ്ങുന്നത്. ശനിയാഴ്ചത്തെ വിലക്കുറവ് ആളുകളില്‍ നേരിയ പ്രതീക്ഷ പകർന്നിട്ടുണ്ട്. ഇതിന് ശക്തിപകരുന്ന പ്രവചനങ്ങളാണ് ചില സാമ്പത്തിക പ്രവർത്തകർ നല്‍കുന്നത്.
സ്വർണ വിലയില്‍ ഈ മാസം അവസാനത്തോടെ തന്നെ ചെറിയ തോതിലുള്ള ഇടിവ് ഉണ്ടാകുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഉത്സവകാലത്ത് ഉണ്ടായിരുന്ന ശക്തമായ ആഭ്യന്തര ഡിമാന്‍ഡ് കുറഞ്ഞതും, ആഗോള തലത്തിൽ ലാഭമെടുപ്പ് ശക്തമായതുമാണ് വിലയെ താഴോട്ടു നയിക്കാൻ ഇടയാക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ഔൺസിന് 4,392 ഡോളർ വരെ ഉയർന്നെങ്കിലും, ദിവസാവസാനം 4,213.30 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. അന്നേദിവസം മാത്രം ഔൺസിന് 91.30 ഡോളർ, അഥവാ 2.12% ഇടിവ് രേഖപ്പെടുത്തി. വിദഗ്ധരുടെ വിലയിരുത്തലിൽ കഴിഞ്ഞ ദിവസങ്ങളിലെ വേഗത്തിലുള്ള ഉയർച്ചകൾക്ക് ശേഷം വിപണി കുറച്ചു "ഓവർബോട്ട്" ആയതിനാൽ ഇടിവ് (correction) അനിവാര്യമാണ്.
സ്വർണവില അടുത്ത ആഴ്ച ചെറിയ ഇടിവിന് സാധ്യതയുണ്ടെന്ന് ജെഎം ഫിനാൻഷ്യൽ സർവീസസിലെ വൈസ് പ്രസിഡന്റ് പ്രണവ് മേറിനെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് സാമ്പത്തിക ഡാറ്റ, യുകെയിലെ പണപ്പെരുപ്പ് നിരക്ക്, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പി എം ഐ കണക്കുകൾ, അമേരിക്കൻ ഉപഭോക്തൃ ആത്മവിശ്വാസ സൂചിക, ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ തുടങ്ങിയവ വിപണിയെ കാര്യമായി തന്നെ സ്വാധീനിക്കും.
ഇ ടി എഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ) വഴിയുള്ള വാങ്ങലുകള്‍ വലിയ തോതില്‍ ഉയർന്നതും വിലയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 'ഡോളറിന്റെ ദുർബലതയും ബോണ്ട് യൂൽഡിലെ ഇടിവും സ്വർണവിലയെ ഉയർത്താൻ സഹായിച്ചു. കൂടാതെ അമേരിക്ക-ചൈന വ്യാപാര സംഘർഷങ്ങളും യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ ഭീഷണിയും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി (safe haven) കൂടുതൽ ആകർഷകമാക്കി. എന്നാൽ, വിലയിൽ ഉണ്ടായ അതിവേഗ ഉയർച്ചയ്ക്ക് ശേഷം, പല നിക്ഷേപകരും ലാഭമെടുപ്പിലേക്ക് മാറിയതുകൊണ്ടാണ് വെള്ളിയാഴ്ച്ച വലിയ ഇടിവ് സംഭവിച്ചത്.' സ്മാള്‍ കേസ് ഇൻവെസ്റ്റ്മെന്റ് മാനേജരായ കാർത്തിക ജോംഗഡ്ലാ അഭിപ്രായപ്പെടുന്നു.
ഇന്ത്യയിലെ ഉത്സവകാല ആവശ്യം കുറയുന്നതിനാൽ ഭൗതികമായുള്ള വാങ്ങൽ താൽക്കാലികമായി മന്ദഗതിയിലായേക്കാം. അതേസമയം, ആഗോള തലത്തിൽ ഒക്ടോബർ 28-29-ന് നടക്കാനിരിക്കുന്ന ഫെഡറൽ റിസർവ് നയയോഗം വരെയും സ്വർണവില വലിയ കയറ്റമില്ലാതെ സ്ഥിരത പുലർത്താനാണ് സാധ്യത. എന്നാല്‍ ദീർഘകാലാടിസ്ഥാനത്തില്‍ സ്വർണത്തിലെ നിക്ഷേപം ലാഭം കൊണ്ടുവരുമെന്നും വിദഗ്ധർ ഉറപ്പുനൽകുന്നു.
ശനിയാഴ്ചത്തെ ഇടിവ് സൂചന
വലിയ തോതിലുള്ള കുതിപ്പിന് ശേഷമായിരുന്നു സ്വർണ വില ശനിയാഴ്ച വലിയ തോതില്‍ ഇടിഞ്ഞത്. സ്വർണം മാത്രമല്ല, വെള്ളി വിലയിലും ഇടിവുണ്ടായി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണവും വെള്ളിയും നിക്ഷേപകർ കൂട്ടമായി വിറ്റഴിച്ചതോടെയാണ് വില ഇടിയാന്‍ പ്രധാനമായും കാരണമായിരിക്കുന്നത്. ഗ്രാമിന് 175 രൂപയും പവന്റെ വിലയിൽ 1400 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഒരു പവന്റെ വില 95960 രൂപയിലേക്ക് എത്തി. വെള്ളിയുടെ വിലയിൽ എട്ട് ശതമാനത്തിന്റെ നഷ്ടമാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. ഒരു കിലോ ഗ്രാം വെള്ളിക്ക് 1,70,415 രൂപയുണ്ടായിരുന്നത് 1,53,929 രൂപയിലേക്ക് എത്തി.












Click it and Unblock the Notifications