സ്വർണ വില സെപ്റ്റംബറിൽ പിടിവിട്ട് പറക്കും?വാങ്ങണോ അതോ വിൽക്കണോയെന്ന് തീരുമാനിച്ചോളൂ, ഇക്കാര്യം അറിയാം
കൊച്ചി: കേരളത്തിൽ സ്വർണ വില പിടിവിട്ട് പറക്കുകയാണ്. കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയിൽ 400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 74840 രൂപയാണ് പുതിയ വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9355 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7680 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 21 കാരറ്റ് ഗ്രാമിന് 9,305 രൂപയും പവന് വില 74,440 രൂപയുമായിരുന്നു വില.
ആഗോള വിലയിലെ ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അതുകൊണ്ട് തന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വിന്റെ തീരുമാനങ്ങൾക്കനുസരിച്ച് ഉടൻ തന്നെ സ്വർണ വിലയിൽ വലിയ മാറ്റങ്ങൾ പ്രകടമാകുമെന്നാണ് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫെഡറൽ റിസർവിന്റെ നയരൂപീകരണ യോഗം സപ്റ്റംബർ 16,17 തീയതികളിൽ നടക്കും.യുഎസിൽ പണപ്പെരുപ്പം ശക്തമാണ്. ഈ സാഹചര്യത്തിൽ ട്രംപ് ഭരണകുടത്തിന്റെ നിർദേശത്തിന്റെ കൂടി പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് റിപ്പോർട്ട്.
അതുമാത്രമല്ല വർഷാവസാനത്തോടെ യുഎസ് ഫെഡ് രണ്ടാമതും പലിശ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ഏഞ്ചൽ വൺ റിസർച്ച് അനലിസ്റ്റ് പ്രഥമേഷ് മല്ല്യ പറയുന്നത്. ഇത് സ്വർണ വിലയെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പലിശ നിരക്ക് കുറയ്ക്കുന്നത് സാധാരണയായി യുഎസ് ഡോളറിനെ ദുർബലപ്പെടുത്തും. ഇത് മറ്റ് കറൻസികളുള്ള നിക്ഷേപകർക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ ലാഭകരമാക്കുകയും, സ്വർണത്തിന്റെ ആവശ്യകത ഉയർത്തുകയും ചെയ്യും. സ്വാഭാവികമായും പെരുമ ഉയരുമ്പോൾ സ്വർണവില കുതിക്കും.
ഫെഡ് ചെയർ ജെറോം പവൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. എന്നാൽ, ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫുകൾ ആഭ്യന്തര പണപ്പെരുപ്പം വർദ്ധിപ്പിച്ചാൽ, വിലക്കയറ്റം കൂടുന്നത് ഒഴിവാക്കാൻ ഫെഡ് നിരക്ക് കുറയ്ക്കുന്നത് വൈകിപ്പിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആഗോള അനിശ്ചിതത്വങ്ങളോ ഭൗമരാഷ്ട്രീയ പ്രതിസന്ധികളോ, വ്യാപാര താരിഫുകളോ ആകട്ടെ സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്നവർ ഇനിയും സ്വർണത്തിലേക്കുള്ള നിക്ഷേപം തുടരുമെന്നാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിലെ പ്രെഷ്യസ് മെറ്റൽസ് അനലിസ്റ്റ് മാനവ് മോദി ചൂണ്ടിക്കാട്ടുന്നത്.
യുഎസ് ഫെഡിന്റെ തീരുമാനങ്ങൾ, ഡോളറിന്റെ കരുത്ത്, ആഗോള പിരിമുറുക്കങ്ങൾ, പണപ്പെരുപ്പം എന്നിവയാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. പലിശ നിരക്ക് കുറയുന്നത് സ്വർണത്തെ ആകർഷകമാക്കുന്നു. ഡോളർ ദുർബലമാകുമ്പോൾ സ്വർണ വില ഉയരാം. യുദ്ധങ്ങളും വ്യാപാര തർക്കങ്ങളും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കും. ഉയർന്ന പണപ്പെരുപ്പം സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കും. എന്നാൽ സ്വർണ വില വരും ദിവസങ്ങളിൽ ഉയരുമോ അതോ വർധിക്കുമോയെന്ന് ചോദിച്ചാൽ അതിന് ലളിതമായൊരു ഉത്തരമില്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ആഗോളതലത്തിലെ പലവിധ സംഭവങ്ങൾ കാരണം സെപ്റ്റംബർ മാസം സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.
അതുകൊണ്ട് തന്നെ ഓണം, ദീപാവലി പോലുള്ള ഉത്സവ സീസണിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾ വലിയ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് ആഗോള സാഹചര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.
ഫെഡ് പ്രതീക്ഷിച്ചപോലെ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ, സ്വർണ്ണവില ഇനിയും ഉയരാം. എന്നാൽ, താരിഫുകൾ വർദ്ധിക്കുകയോ പണപ്പെരുപ്പം വഷളാവുകയോ ചെയ്താൽ, ഫെഡ് നിരക്ക് കുറയ്ക്കാതിരിക്കാൻ സാധ്യതയുണ്ട്. ഇത് സ്വർണ്ണവിലയെ സ്ഥിരപ്പെടുത്താൻ സഹായിച്ചേക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്തായാലും സ്വർണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സെപ്റ്റംബർ നിർണായക മാസമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications