ആഭരണം സ്വര്‍ണം തന്നെയാണോ? കാരറ്റ് കുറവുണ്ടോ; മൊബൈല്‍ വഴി പരിശോധിക്കാം, എങ്ങനെ
കൊച്ചി: സ്വര്‍ണം വിവിധ കാരറ്റുകളില്‍ ലഭ്യമാണ്. ഓരോ കാരറ്റിനും വ്യത്യസ്ത വിലയുമാണ്. കേരളത്തില്‍ 22 കാരറ്റ് ആണ് ആഭരണം നിര്‍മിക്കാന്‍ സാധാരണ ഉപയോഗിക്കുക. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ 18, 14 കാരറ്റുകളും സജീവമാണ്. 22 കാരറ്റിന്റെ വില വാങ്ങി 18 കാരറ്റുള്ള ആഭരണങ്ങള്‍ തന്ന് പറ്റിക്കപ്പെടുന്നുണ്ടോ എന്ന് എങ്ങനെ അറിയാം.
24, 22, 18, 14 കാരറ്റുകളിലെ സ്വര്‍ണമാണ് കേരളത്തില്‍ സജീവമായുള്ളത്. അടുത്ത കാലത്തായി 9 കാരറ്റ് ആഭരണങ്ങളും ഇറങ്ങുന്നുണ്ട്. സ്വര്‍ണവും മറ്റു ലോഹങ്ങളും ചേര്‍ത്താണ് ആഭരണം നിര്‍മിക്കുന്നത്. ഇതില്‍ സ്വര്‍ണത്തിന്റെ അളവ് എത്ര എന്ന് വ്യക്തമാകുന്നതിനാണ് കാരറ്റുകള്‍ തരം തിരിച്ചിച്ചിട്ടുള്ളത്. 22 കാരറ്റില്‍ 92 ശതമാനം സ്വര്‍ണമായിരിക്കും. 18 കാരറ്റില്‍ 75 ശതമാനവും 14 കാരറ്റില്‍ 58 ശതമാനവുമാണ് സ്വര്‍ണം.

സാങ്കേതിക വിദ്യ ഇത്രയും മെച്ചപ്പെട്ട കാലത്ത് സ്വര്‍ണം വാങ്ങുമ്പോള്‍ കബളിക്കപ്പെടാതിരിക്കാന്‍ വഴിയുണ്ട്. ബിഐഎസ് കെയര്‍ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാന്‍ പറ്റും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് (ബിഐഎസ്) പുറത്തിറക്കിയ ആപ്പാണ് ബിഐഎസ് കെയര്‍ ആപ്പ്. ഉപഭോക്താക്കള്‍ക്ക് വാങ്ങിയ സ്വര്‍ണത്തെ കുറിച്ചുള്ള സമ്പൂര്‍ണ വിവരം ഈ ആപ്പില്‍ നിന്ന് കിട്ടും.
സ്വര്‍ണത്തിന്റെ അളവ് എങ്ങനെയാണ് പരിശോധിക്കുക
ഓരോ ആഭരണത്തിനും ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാണ്. അടുത്ത കാലത്ത് 9 കാരറ്റിലെ ആഭരണത്തില്‍ പോലും സര്‍ക്കാര്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആറക്ക നമ്പറാണ് ഹാള്‍മാര്‍ക്ക് ചെയ്യുന്നത്. ഹാള്‍മാര്‍ക്ക് യുണിക് ഐഡന്റിഫിക്കേഷന്‍ (എച്ച്‌യുഐഡി) നമ്പര്‍ എന്നത് ആഭരണത്തില്‍ കാണുന്ന കോഡ് ആണ്. ബില്ലിലും ഇക്കാര്യം വ്യക്തമാക്കും. ഈ കോഡ് ആപ്പില്‍ നല്‍കിയാല്‍ സ്വര്‍ണത്തിന്റെ സമ്പൂര്‍ണവിവരം ലഭിക്കും.
നിങ്ങള്‍ വാങ്ങിയ സ്വര്‍ണത്തില്‍ നിന്ന് വ്യത്യസ്തമായ അളവിലുള്ള ആഭരണമാണ് കൈയ്യിലുള്ളത് എങ്കില്‍ പരാതിപ്പെടാം. വഞ്ചിക്കപ്പെട്ടു എന്ന് ഉറപ്പായ ശേഷമാണ് നടപടി എടുക്കേണ്ടത്. അതിനും ഈ ആപ്പ് തന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ ബിഐഎസ് ഹാള്‍മാര്‍ക്കിങ് ചെയ്യുന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും പരാതി സമര്‍പ്പിക്കാം. സ്വര്‍ണത്തിന്റെ അളവ് കൃത്യമായുള്ള റിപ്പോര്‍ട്ട് ഈ സെന്ററില്‍ നിന്ന് കിട്ടും.
നഷ്ടപരിഹാരം കിട്ടാനുള്ള വഴി
സ്വര്‍ണം വാങ്ങിയ ബില്ല്, ഹാള്‍മാര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ് എന്നിവ പരാതി നല്‍കുമ്പോള്‍ ആവശ്യമാണ്. നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ (1800 11 4000) വിളിച്ച് പരാതി നല്‍കാം. അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴിയും പരാതി സമര്‍പ്പിക്കാം. ആപ്പിലൂടെ ഓണ്‍ലൈന്‍ ആയിട്ടാണ് പരാതി സമര്‍പ്പിക്കുന്നത് എങ്കില്‍ സ്വര്‍ണം വാങ്ങിയ ബില്ല്, ഹാള്‍മാര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ് എന്നിവ അറ്റാച്ച് ചെയ്യണം.
സ്വര്‍ണം വാങ്ങുന്ന വേളയില്‍ ബില്ല് എടുത്തു സൂക്ഷിക്കണം. സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ജിഎസ്ടി എന്നിവ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കുകയും വേണം. പറ്റിക്കപ്പെട്ടാല്‍ അത്രയും സ്വര്‍ണത്തിന്റെ ഇരട്ടി മൂല്യം ഉപഭോക്താവിന് നഷ്ടപരിഹാരമായി ലഭിക്കും. എല്ലാ സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്യണം എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മിക്ക ജില്ലകളിലും ഇതിന് സൗകര്യമുണ്ട്.












Click it and Unblock the Notifications