സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; വിപണിയില്‍ 2 അഭിപ്രായം... ചിത്രം നാളെ വ്യക്തമാകും, ഇന്നത്തെ പവന്‍ വില
കൊച്ചി: വില കുതിച്ചുയരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ വില താഴ്ന്നതിന് പിന്നാലെ ഇന്നും ഇടിഞ്ഞത് ഉപഭോക്താക്കള്‍ക്ക് നല്ല അവസരമാണ്. അമേരിക്കന്‍ ഫെഡ് റിസര്‍വിന്റെ തീരുമാനം ഇന്നുണ്ടാകും. അതിന് അനുസരിച്ചാകും വിപണിയിലെ വരുംദിവസങ്ങളിലെ വില മാറ്റം. ഇന്ത്യന്‍ വിപണിയില്‍ നാളെയാകും പ്രതിഫലിക്കുക.
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. അവസരം മുതലെടുത്ത് വിറ്റഴിച്ച് ലാഭം കൊയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇതോടെയാണ് വില അല്‍പ്പം താഴ്ന്നിരിക്കുന്നത്. ഡോളര്‍ സൂചിക കുറഞ്ഞുവരികയാണ്. ഇന്ത്യന്‍ രൂപ നേരിയ മുന്നേറ്റം കാഴ്ചവച്ചു. ക്രൂഡ് ഓയില്‍ വില ചാഞ്ചാടുകയാണ്. അറിയാം സ്വര്‍ണവില വിവരങ്ങള്‍...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 54800 രൂപയാണ് വില. 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസവും 120 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപ താഴ്ന്ന് 6850 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5680 രൂപയായി. വെള്ളിയുടെ വിലയില്‍ 1 രൂപ മാത്രമാണ് കുറഞ്ഞിരിക്കുന്നത്. 95 രൂപയാണ് ഗ്രാമിന് ഇന്ന് നല്‍കേണ്ടത്. വില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കുന്നതാണ് ഉചിതം.
്അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2574 ഡോളറായി താഴ്ന്നു. വില കൂടിയ സാഹചര്യത്തില്‍ കൂട്ടത്തോടെ വിറ്റഴിക്കല്‍ നടക്കുന്നതാണ് വില ഇടിയാന്‍ ഇടയാക്കിയത്. ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിറ്റഴിക്കല്‍. അതേസമയം, അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനമാണ് വിപണി ഉറ്റുനോക്കുന്നത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സാമ്പത്തിക രംഗം മെച്ചപ്പെടുകയും പണപ്പെരുപ്പം കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. എന്നാല്‍ എത്രത്തോളം പലിശ കുറയ്ക്കുമെന്ന കാര്യത്തില്‍ വിപണിയില്‍ രണ്ട് അഭിപ്രായമുണ്ട്. 50 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് മിക്കവരുടെയും അഭിപ്രായം. എന്നാല്‍ 25 ബേസിസ് പോയന്റ് കുറയ്ക്കാനാണ് സാധ്യത എന്ന് ചില നിരീക്ഷകര്‍ വിലയിരുത്തുന്നു.
50 ബേസിസ് പോയന്റ് പലിശ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടും. ഇതോടെ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടാകും. എന്നാല്‍ 25 ബേസിസ് പോയന്റാണ് കുറയ്ക്കുന്നത് എങ്കില്‍ സ്വര്‍ണവിലയില്‍ വന്‍ വ്യതിയാനത്തിന് സാധ്യതയില്ല. ഇന്ത്യന്‍ സമയം ഇന്ന് രാത്രിയാണ് ഫെഡ് റിസര്‍വ് നയം പുറത്തുവരിക. ഇന്ത്യയില്‍ നാളെയാകും വിപണിയില്‍ പ്രതിഫലനമുണ്ടാകുക.
ഡോളര്‍ സൂചിക 100.85 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ 83.77 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഡോളര്‍ ഇടിഞ്ഞതാണ് രൂപയ്ക്ക് നേട്ടമായത്. അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 73.42 ഡോളറാണ് വില. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് നികുതിയും പണിക്കൂലിയും ഉള്‍പ്പെടെ പവന് 59000 രൂപ ചെലവ് വന്നേക്കും. വില ഉയരുന്നതിലെ ആശങ്ക ഒഴിവാക്കാന്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാം. കുറഞ്ഞ വിലയ്ക്ക് ആഭരണം വാങ്ങാനുള്ള മാര്‍ഗമാണിത്. അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ചില ജ്വല്ലറികള്‍ പണിക്കൂലി ഇടാക്കുന്നില്ല.












Click it and Unblock the Notifications