സ്വർണ വില വീണു, ഇനിയെന്ത് വേണം? ആഭരണപ്രിയർക്ക് സന്തോഷിക്കാം..കാത്തിരിക്കുന്നതും വൻ വീഴ്ച?
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ വർധനവായിരുന്നു രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തും സ്വർണ വിലയെ സ്വാധീനിച്ചത്. എന്നാൽ രാജ്യാന്തര വിപണയിൽ കഴിഞ്ഞ ദിവസം വില ഇടിഞ്ഞെങ്കിലും കേരളത്തിലെ സ്വർണവില മുന്നേറി. വ്യാഴാഴ്ച ഗ്രാമിന് 9265 രൂപയായിരുന്നു വില. പവൻ വില 74,120 രൂപയും.
ഇന്ന് സ്വർണപ്രേമികൾക്ക് ആശ്വാസം നൽകി വിലയിൽ ഒറ്റയടിക്ക് 440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,680 യായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9210 രൂപയും. ഈ മാസത്തെ ഏറ്റവും ഉയർന്ന വില മാർച്ച് 14 നായിരുന്നു രേഖപ്പെടുത്തിയത്. അന്ന് 9320 രൂപയായിരുന്നു ഗ്രാം വില, പവൻ വില 74560 രൂപയും.

വില കുറഞ്ഞെങ്കിലും ഒരു പവൻ സ്വർണം വേണമെങ്കിൽ 80,000 രൂപയ്ക്കടുത്ത് ചെലവാക്കേണ്ടി വരും. 5 ശതമാനം ജി എസ് ടി , മൂന്ന് ശതമാനം പണിക്കൂലി എന്നിവ ചേർത്താണ് പവൻ വില ഈടാക്കുക. വിവാഹ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വൈവിധ്യമാർന്ന ഡിസൈനുകൾക്ക് 35 ശതമാനം വരെ പണിക്കൂലി ഈടാക്കും, സ്വാഭാവികമായും ആഭരണം കൈപ്പൊള്ളിക്കും. വാങ്ങാൻ പോകുന്നവരുടെ കൈപ്പൊള്ളുമെങ്കിലും സ്വർണം വിൽക്കുന്നവരെ സംബന്ധിച്ച് വലിയ ലാഭമാണ്. പവൻ വിലയായ 73,680 രൂപ ലഭിക്കുല്ലെങ്കിലും നേരിയ വില വ്യത്യാസത്തിൽ സ്വർണം വിൽക്കാൻ സാധിക്കും.
ഇനി വില വീഴുമോ അതോ ഉയരുമോ?
ആഗോള വിപണിയിലെ പ്രതിസന്ധികളാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. യുഎസ്-ചൈന വ്യാപാര യുദ്ധമായിരുന്നു ഒരു സമയത്ത് സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ മുന്നേറ്റത്തിന് വഴിവെച്ചത്. എന്നാൽ ഇപ്പോൾ പ്രതിസന്ധി തീർക്കുന്നത് ഇറാൻ-ഇസ്രായേൽ സംഘർഷമാണ്. പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നൽ വിപണിയിൽ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതോടെ സ്വർണത്തിന്റെ പെരുമ ഉയരുകയും വില കുതിച്ചുയരുകയും ചെയ്തു.
അതേസമയം യുഎസിൽ പണപ്പെരുപ്പം ശക്തമാകുന്നുവെന്ന യുഎസ് ഫെഡ് നൽകിയ സൂചനയാണ് നിലവിൽ സ്വർണ വിലയുടെ മുന്നേറ്റത്തിന് തടയിട്ടിരിക്കുന്നത്. മാത്രമല്ല ഇറാനെതിരായ നിലപാട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്തിയതും വിപണിക്ക് ആശ്വാസമായി. ഇറാനെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന ഭീഷണിയപ്പെടുത്തിയ ട്രംപ് ഇറാന്റെ കാര്യത്തിൽ രണ്ടാഴ്ച കഴിഞ്ഞേ നിലപാട് സ്വീകരിക്കൂവെന്ന് അറിയിച്ചതാണ് വിപണിക്ക് വീണ്ടും ആത്മവിശ്വാസം പകർന്നത്.
എന്നാൽ നിലവിലെ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായാൽ സ്വർണ വില കത്തിക്കയറുമെന്നാണ് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇറാനെതിരെ യുഎസും തിരിഞ്ഞാൽ കാര്യങ്ങൾ കൈവിട്ടേക്കുമെന്നും സ്വർണം റോക്കറ്റ് കുതിപ്പ് നടത്തുമെന്നും ഇവർ പറയുന്നു. അതേസമയം ഇസ്രായേലും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചാൽ വിപണിയിൽ അത് ആശ്വാസം വിതയ്ക്കും സ്വാഭാവികമായും സ്വർണ വില കുത്തനെ കുറയും. വെടിനിർത്തൽ ശ്രമങ്ങൾ ആഗോളതലത്തിൽ നടക്കുന്നുണ്ടെന്നത് ശുഭസൂചനയാണ്.
എന്നാൽ ഇതുകൊണ്ട് മാത്രം കേരളത്തിലെ സ്വർണ വില കുറയണമെന്നില്ല. ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക്, മുംബൈ വിപണിയിലെ സ്വർണവില , സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് ഇതെല്ലാമാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഘടകങ്ങളേയും ആശ്രയിച്ചായിരിക്കും വരും ദിവസങ്ങളിലെ സ്വർണവില. അതേസമയം രണ്ട് മാസത്തിനുള്ളിൽ സ്വർണ വില 10 ശതമാനം കുറയുമെന്നും ഈ വർഷത്തിനുള്ളിൽ 30 ശതമാനത്തിന്റെ ഇടിവ് വിലയിൽ ഉണ്ടാകുമെന്നുള്ള പ്രവചനങ്ങളും ഉണ്ട്.












Click it and Unblock the Notifications