സ്വര്‍ണം തുച്ഛം വിലയ്ക്ക് കിട്ടും; പവന് 30680 രൂപ മതി, പക്ഷേ ഈ 4 കെണികള്‍ അറിഞ്ഞില്ലെങ്കില്‍ പെടും
ഏതൊരാള്‍ക്കും താല്‍പ്പര്യമുള്ളതാണ് സ്വര്‍ണവും സ്വര്‍ണാഭരണവും. സ്വരുക്കൂട്ടി അല്‍പ്പം പണം കൈയ്യില്‍ എത്തിയാല്‍ പലരും തരി പൊന്നെങ്കിലും വാങ്ങണം എന്ന് താല്‍പ്പര്യപ്പെടും. ജനനം മുതല്‍ മരണം വരെ ഏതെങ്കിലും രൂപത്തില്‍ സ്വര്‍ണം ജീവിതത്തില്‍ ഭാഗമാകാത്തവര്‍ കുറവാണ്. എന്നാല്‍ അടിക്കടിയുള്ള വില വര്‍ധന ആശങ്ക നിറയ്ക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ സമീപകാലത്ത് ജനപ്രിയമാകുകയാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സ്വര്‍ണം. സാധാരണ കേരളത്തില്‍ സ്വര്‍ണവില കണക്കാക്കുന്നതും സ്വര്‍ണാഭരണം എന്ന് പറയുന്നതുമെല്ലാം 22 കാരറ്റിലുള്ളതാണ്. വില കൂടിയതോടെ പലരും കുറഞ്ഞ കാരറ്റിലേക്ക് വഴി മാറി. 18, 14, 9 കാരറ്റുകളിലായി ശ്രദ്ധ. എന്നാല്‍ ഇത്തരം സ്വര്‍ണങ്ങള്‍ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങളുണ്ട്...

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9315 രൂപയും പവന് 74520 രൂപയുമാണ്. 18 കാരറ്റ് ഗ്രാമിന് 7645 രൂപയും പവന് 61160 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5955 രൂപയും പവന് 47460 രൂപയുമാണ്. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 3835 രൂപയും 30680 രൂപയുമാണ്. വില കുറഞ്ഞ സ്വര്‍ണം കിട്ടിമ്പോള്‍ എന്തിന് ഉയര്‍ന്ന വില കൊടുത്ത് വാങ്ങണം എന്ന ചിന്ത സ്വാഭാവികമാണ്. എന്നാല്‍ ചില സുപ്രധാന കാര്യങ്ങള്‍ കൂടി അറിയണം.
ഇതാണ് പ്രധാന തിരിച്ചടി
22 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണവും നാണയങ്ങളും കിട്ടും. എന്നാല്‍ ഇതിന് താഴേക്കുള്ള കാരറ്റിലെ സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ മാത്രമേ കിട്ടൂ. അതായത്, സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഉപഭോക്താവ് നല്‍കേണ്ടി വരും. മറ്റൊന്ന് ഇത്തരം ആഭരണങ്ങള്‍ ഗോള്‍ഡ് ലോണിന് വേണ്ടി സ്വീകരിക്കില്ല.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഗോള്‍ഡ് ലോണ്‍ നല്‍കുന്ന വേളയില്‍ 22 കാരറ്റ് ആഭരണങ്ങളും ബാങ്കുകള്‍ ഇറക്കുന്ന നാണയങ്ങളും മാത്രമാണ് സ്വീകരിക്കുക. അതിന് താഴേക്കുള്ള കാരറ്റിലെ ആഭരണങ്ങള്‍ സ്വീകരിക്കില്ല. വില കൂടി വരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം ആഭരണങ്ങളും സ്വീകരിച്ചേക്കാം. കാരറ്റ് കുറഞ്ഞ ആഭരണങ്ങളും ഗോള്‍ഡ് ലോണിന് സ്വീകരിക്കണം എന്ന് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്.
പണിക്കൂലിയിലെ 'പണി'
കുറഞ്ഞ കാരറ്റിലെ ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുമെന്നതാണ് മറ്റൊരു കാര്യം. 22 കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് കുറഞ്ഞ പണിക്കൂലി 5 ശതമാനം ആണ്. എന്നാല്‍ 18 കാരറ്റിലും അതിന് താഴെ പരിശുദ്ധിയിലുള്ള ആഭരണങ്ങള്‍ക്കും കുറഞ്ഞ പണിക്കൂലി 10 ശതമാനത്തിന് മുകളിലാണ്. 20 ശതമാനമാണ് മിക്ക ആഭരണങ്ങള്‍ക്കും ഈടാക്കുന്നത്. അതായത്, ഉയര്‍ന്ന വില നല്‍കി ആഭരണം വാങ്ങേണ്ടി വരുമെന്ന് ചുരുക്കം.
ഡെയ്‌ലി വെയര്‍ ആഭരണങ്ങളാണ് കുറഞ്ഞ കാരറ്റില്‍ ഉള്ളത്. തൂക്കം കൂടിയ ആഭരണങ്ങള്‍ കിട്ടില്ല. ആവശ്യമെങ്കില്‍ പ്രത്യേകം നിര്‍മിക്കേണ്ടി വരും. അതിന് ഉയര്‍ന്ന പണിക്കൂലി നല്‍കുകയും വേണം. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും കലര്‍ന്നതാണ് 18 കാരറ്റ്. 58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും കലര്‍ന്നതാണ് 14 കാരറ്റ്. 37 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും കലര്‍ന്നതാണ് 9 കാരറ്റ്. സ്വര്‍ണം കുറവായത് കൊണ്ടുതന്നെ 22 കാരറ്റ് ആഭരണങ്ങളുടെ തിളക്കം കിട്ടാനിടയില്ല എന്നതും ഓര്‍ക്കണം. എങ്കിലും ഡെയ്‌ലി വെയര്‍ ആഭരണം എന്ന നിലയില്‍ മാത്രം കാണുന്നവര്‍ക്ക് ഇവ മതിയാകും.












Click it and Unblock the Notifications