സ്വര്‍ണവില കൂടിയത് ആഭരണം വാങ്ങിക്കൂട്ടിയിട്ടല്ല; ഈ 5 മാറ്റങ്ങള്‍ അമ്പരപ്പിക്കും, ഇനിയുള്ള സാധ്യത
ആഭരണങ്ങള്‍ എന്ന നിലയിലാണ് അടുത്ത കാലം വരെ സ്വര്‍ണത്തെ കണ്ടിരുന്നത്. എന്നാല്‍ കൊവിഡിന് ശേഷം ചിത്രം ശരിക്കും മാറി. ആഭരണം എന്നതിന് അപ്പുറം ലാഭമുണ്ടാക്കാന്‍ സാധിക്കുന്ന നിക്ഷേപം ആയി കാണാന്‍ തുടങ്ങി. ഇതോടെ ഗോള്‍ഡ് ബാറുകളും കോയിനുകളും വാങ്ങുന്നവരും ഇടിഎഫില്‍ നിക്ഷേപിക്കുന്നവരും വര്‍ധിച്ചു. ഇതിന്റെ ഫലമായി സ്വര്‍ണവില കുത്തനെ ഉയര്‍ന്നു.
വിലയിലെ അതുല്യമായ മാറ്റം കാരണം ആഭരണ വിപണിക്ക് പഴയ തിളക്കമില്ല. എന്നാല്‍ സ്വര്‍ണവില കുതിക്കുകയും ചെയ്യുന്നു. ഡോളര്‍ രൂപ മൂല്യ വ്യത്യാസം സ്വര്‍ണവില നിശ്ചയിക്കുന്ന പ്രധാന ഘടകമാണ്. അന്തര്‍ദേശീയതലത്തില്‍ വ്യാപാരം നടക്കുന്നതിനാല്‍ സ്വര്‍ണത്തിന്റെ വില ഡോളറിലാണ് കണക്കാക്കുന്നത്. 2020ല്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1517 ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ 3367 ഡോളര്‍. 122 ശതമാനം വര്‍ധിച്ചു.

ഓരോ ദിവസവും കേരളത്തിലെ സ്വര്‍ണവില കണക്കാക്കുന്നത് ഡോളര്‍-രൂപ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ്. കൂടാതെ മുംബൈ വിപണിയിലെ സ്വര്‍ണവിലയും ആഗോള വിപണിയിലെ സ്വര്‍ണവിലയും പരിഗണിക്കുകയും ചെയ്യും. 2020ല്‍ രൂപയുടെ മൂല്യം 71.38 ആയിരുന്നു. ഇപ്പോള്‍ 86.60 രൂപയും. 21 ശതമാനം മൂല്യ വ്യത്യാസമുണ്ടായി.
2020 ജനുവരിയില്‍ 10 ഗ്രാം സ്വര്‍ണത്തിന് 39200 രൂപയായിരുന്നു വില. ഇപ്പോള്‍ ഒരു ലക്ഷം രൂപ കടന്നിരിക്കുന്നു. 155 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 29000ത്തില്‍ നിന്ന് 73880 രൂപയിലേക്ക് കയറി. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി വന്‍തോതില്‍ വെട്ടിക്കുറയ്്ക്കുകയും ചെയ്തു. 15ല്‍ നിന്ന് ആറ് ശതമാനത്തിലേക്കാണ് കുറച്ചത്.
ഇറക്കുമതി നികുതി കുറച്ചാല്‍ സ്വാഭാവികമായും സ്വര്‍ണവില കുറയേണ്ടതായിരുന്നു. ഈ വേളയില്‍ ആഗോള വിപണിയില്‍ വില കുതിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. രൂപ തകര്‍ന്നതും ഇന്ത്യയിലെ സ്വര്‍ണവില കൂടാന്‍ കാരണമായി. എന്നാല്‍ ഇതിനിടയ്ക്ക് ലാഭം കൊയ്തത് നേരത്തെ സ്വര്‍ണം വാങ്ങിവച്ചവരും നിക്ഷേപിച്ചവരുമാണ്. ഇവര്‍ക്ക് 150 ശതമാനം ലാഭമാണ് ഇക്കാലയളവില്‍ ഉണ്ടായത്.
സ്വര്‍ണവില ഇനിയും കൂടുമോ
ഇനിയെന്ത് സംഭവിക്കുമെന്ന ചോദ്യം ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിന്റെ തീവ്രത എത്രത്തോളമുണ്ടാകും എന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. ഇരുരാജ്യങ്ങളെയും പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനാല്‍ യുദ്ധം ഏത് സമയവും അവസാനിച്ചേക്കാം. അങ്ങനെയാണെങ്കില്‍ വിലയില്‍ ഇടിച്ചുകയറ്റം പ്രതീക്ഷിക്കേണ്ട.
ആഗോള രാഷ്ട്രീയ, സാമ്പത്തിക സാഹചര്യം സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്. നിക്ഷേപ സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന യുദ്ധം, സാമ്പത്തിക ഞെരുക്കം എന്നിവയുണ്ടായാല്‍ നിക്ഷേപകരും കേന്ദ്ര ബാങ്കുകളും കൂട്ടത്തോടെ സ്വര്‍ണം വാങ്ങിവയ്ക്കാന്‍ ശ്രമിക്കും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുക. വില കൂടുന്നതിലേക്ക് നയിക്കുന്ന ഘടകമാണിത്.
അതേസമയം, നിക്ഷേപ സൗഹൃദ അന്തരീക്ഷം രൂപപ്പെട്ടാല്‍ ജനങ്ങള്‍ സ്വര്‍ണം വിറ്റ് മറ്റു ലാഭകരമായ മാര്‍ഗങ്ങളിലേക്ക് തിരിയും. അപ്പോള്‍ സ്വര്‍ണവില കുറയും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്നു എന്ന് പറയുമ്പോള്‍ ആഭരണം വാങ്ങല്‍ വര്‍ധിക്കുന്നു എന്ന് മനസിലാക്കരുത്. ഇനിയുള്ള മാസങ്ങളില്‍ രാജ്യാന്തര വിപണിയില്‍ 3500 ഡോളര്‍ കടന്ന് സ്വര്‍ണം മുന്നോട്ട് പോയാല്‍ 3900 വരെ ഉയരാനും കുറഞ്ഞാല്‍ 2900 ഡോളര്‍ വരെ ഇടിയാനും സാധ്യതയുണ്ട് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.












Click it and Unblock the Notifications