വാവച്ചി പാവമല്ല!... കാമുകനുവേണ്ടി ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ; കൊട്ടേഷൻ നേതാവ് അറസ്റ്റിൽ
വടക്കേക്കര: കൊട്ടേഷൻ സംഘ നേതാവ് അറസ്റ്റിൽ. കിളികൊല്ലൂർ കാട്ടുപുറത്ത് വീട്ടിൽ തങ്കപ്പനാചാരിയുടെ മകൻ വാവച്ചി എന്നു വിളിക്കുന്ന ദിനേഷ് ലാൽ ആണ് പിടിയിലായത്. 2016-ൽ ഗോതുരുത്ത് സ്വദേശിയുടെ ഭാര്യ തന്റെ ഗൾഫിലുള്ള കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊല്ലുന്നതിനായി പ്രമുഖ കൊട്ടേഷൻ സംഘനേതാവ് ദിനേഷ് ലാലിന് കൊട്ടേഷൻ നൽകിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2016 മാർച്ച് 27നായിരുന്നു സംഭവം.

ഗോതുരുത്ത് സ്വദേശിയുടെ ഭാര്യയാണു കാമുകനുമായി ചേർന്നു ഭർത്താവിനെ കൊലപ്പെടുത്താൻ രണ്ടു ലക്ഷം രൂപയ്ക്കു ക്വട്ടേഷൻ ഉറപ്പിച്ചത്. ആദ്യ ബന്ധത്തിൽ കുട്ടിയുള്ള വിവരം മറച്ചുവച്ചാണു യുവതി ഗോതുരുത്ത് സ്വദേശിയെ വിവാഹം കഴിച്ചത്. കുട്ടിയുള്ള വിവരം അറിഞ്ഞ ഭർത്താവു വിവാഹമോചനത്തിന് ആവശ്യപ്പെട്ടതാണു യുവതിയെ പ്രകോപിപ്പിച്ചത്. തുടർന്നു ക്വട്ടേഷൻ ഉറപ്പിക്കുകയായിരുന്നു. ദിനേഷ് ലാൽ അടങ്ങുന്ന മൂന്നംഗ സംഘം കൊച്ചിവരെ ബസിലും തുടർന്നു ബൈക്കിലും ഗോതുരുത്തിൽ എത്തി. ഈ സമയം ഗോതുരുത്ത് സ്വദേശിയുടെ സഹോദരനാണു വീട്ടിലുണ്ടായിരുന്നത്. ആളുമാറി ഇയാളെ മാരകമായി വെട്ടി പരുക്കേൽപ്പിച്ചു.
പൊലീസ് പിടിയിലാകാതിരിക്കാൻ കൊല്ലത്ത് വീടുകൾ മാറി താമസിച്ച പ്രതി ഇടയ്ക്കിടെ മൊബൈൽ ഫോൺ നമ്പരുകളും മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ കൊല്ലം കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണു വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. പുനലൂർ, കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്വട്ടേഷൻ ആക്രമണ കേസുകളിൽ പ്രതിയാണ്. പത്രപ്രവർത്തകൻ ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കണ്ടെയ്നർ സന്തോഷിനെയും പുനലൂരിലെ പ്രാദേശിക ബിജെപി നേതാവ് കലയനാട് ബിജുവിനെയും വെട്ടിപരുക്കേൽപ്പിച്ചതിന് അറസ്റ്റിലായിട്ടുണ്ട്.
2014ൽ ഗൂണ്ടാ പട്ടികയിൽ പെടുത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചു. ഗോതുരുത്ത് കേസിൽ ഗൾഫിലുള്ള യുവതി നേരത്തെ അറസ്റ്റിലായിരുന്നു. കാമുകനുൾപ്പെടെ മൂന്നു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. വടക്കേക്കര സിഐ എം.കെ. മുരളി, എസ്ഐ ഷോജോ വർഗീസ്, സീനിയർ സിവിൽ ഓഫിസർ സുരേഷ് ബാബു, സിപിഒമാരായ സി.ആർ. ബിജു, ബെൻസി എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. പ്രതിയെ പറവൂർ കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications