'മുഖ്യമന്ത്രി കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല; നാട്ടുകാർ ആഗ്രഹിച്ചാൽ ഇനിയും പരിപാടികളിൽ പങ്കെടുക്കും'; തരൂർ
മുഖ്യമന്ത്രി കോട്ട് തയ്പ്പിച്ച് വെച്ചവർ അത് ഊരി വെയ്ക്കണമെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിയുമായി ശശി തരൂർ എംപി. താൻ മുഖ്യമന്ത്രി കോട്ട് തയ്പ്പിച്ചിട്ടില്ലെന്നും ആര് എന്ത് പറഞ്ഞാലും നാട്ടുകാർ കാണാൻ ആഗ്രഹിച്ചാൽ താൻ പരിപാടികളിൽ പങ്കെടുക്കുമെന്നും തരൂർ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ.

'ആരാണ് കോട്ട് തയ്ച്ച് വയ്ച്ചത്. മുഖ്യമന്ത്രി സാധാരണ കോട്ടൊന്നും ഇടാറില്ലാലോ. കോട്ട് തയ്പ്പിച്ച് വെച്ച് പറയുന്നവരോട് പോയി ചോദിക്കു. ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അതൊന്നും എന്നെ ബുദ്ധിമുട്ടിക്കുന്നില്ല. ഞാൻ എന്റെ കാര്യവുമായി പോകുകയാണ്. ഇങ്ങനെയുള്ള വിമർശനങ്ങളിൽ അപമാനമൊന്നും തോന്നുന്നില്ല. പരിപാടികളിലേക്ക് ലഭിക്കുന്ന ക്ഷണത്തിന് അനുസരിച്ചാണ് ഞങ്ങൾ പോകുന്നത്'.

'എല്ലാ രാഷ്ട്രീയക്കാരും വിവിധ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. ഞാനും അതിന്റെ ഭാഗമായിട്ടാണ് പങ്കെടുക്കുന്നത്. 14 വർഷമായി ചെയ്യുന്നത് ഇപ്പോഴും ചെയ്യുന്നു. സമയം ലഭിക്കുന്നത് പോലെ പരിപാടികളിൽ പങ്കെടുക്കും. നാട്ടുകാർക്ക് എന്നെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സമയം അനുസരിച്ച് പോകും', ശശി തരൂർ പറഞ്ഞു. കെ കരുണാകരൻറെ സ്മരണക്കായി തിരുവനന്തപുരത്ത് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണോദ്ഘടന വേളയിലായിരുന്നു ചെന്നിത്തലയുടെ വിമർശനം. ആരെങ്കിലും മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ച് വെച്ചിട്ടുണ്ടെങ്കിൽ അത് അഴിച്ച് വെച്ചിട്ട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.

അതിനിടെ തരൂരിനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ ശശി തരൂരിനെതിരെ രംഗത്തെത്തി. എൻ എസ് എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നുവെന്നായിരന്നു വെള്ളാപ്പള്ളി നടേഷൻറെ പ്രതികരണം. 'തറവാടി നായർ എന്നൊക്കെ പരസ്യമായി വിളിച്ചിട്ട് കൂടി ഓരു കോൺഗ്രസ് നേതാവ് പോലും പ്രതികരിച്ചിട്ടില്ല. ആദ്യം പറഞ്ഞത് ഡൽഹി നായരാണെന്നാണ്, ആ നായർ ചങ്ങനാശേരിയിൽ ചെന്നപ്പോൾ തറവാടി നായരായി.അത് കഴിഞ്ഞ് വിശ്വപൗരനായി. തറവാടി നായർ എന്നതൊക്കെ സ്വകാര്യ സംഭാഷണമായി പറയാം. എന്നാൽ പൊതു ഇടത്ത് പറഞ്ഞതോട് കൂടി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നില്ലേ', വെള്ളാപ്പള്ളി പറഞ്ഞു.

'വില കുറഞ്ഞ പരാമർശം നടത്തിയിട്ട് കോൺഗ്രസ് ജനപ്രതിനിധികളെ എൻ എസ് എസ് ഭാരവാഹികളോ പോലും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.നായര്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ പല തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും എന്‍എസ്എസിന്‍റെ നേതാവിനെ തള്ളി ആരെങ്കിലും ഒരു പ്രസ്താവന ഇറക്കിയതായി കേട്ടിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരളത്തില്‍ പതിനഞ്ച് ശതമാനമുള്ള നായര്‍ സമുദായം മാത്രം വോട്ട് ചെയ്താല്‍ തരൂരിന് ജയിക്കാന്‍ കഴിയുമോ.പുറത്ത് വേറെയും വിഭാഗങ്ങൾ ഇല്ലേ. സുകുമാരന്‍ നായര്‍ക്ക് പകരം താനാണ് അത്തരമൊരു പ്രസ്താവന നടത്തിയിരുന്നതെങ്കില്‍ തനിക്കെതിരെ സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ എത്ര പേർ വിമർശനം ഉന്നയിക്കുമായിരുന്നു', വെള്ളാപ്പള്ളി പറഞ്ഞു. ശശി തരൂർ എം പി ഡൽഹി നായരല്ല, കേരള പുത്രനും വിശ്വപൗരനുമാണെന്നായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചത്.
അതേസമയം മുഖ്യമന്ത്രി പരാമർശത്തിൽ കൂടുതൽ നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തിയതോടെ തരൂർ അൽപം അയഞ്ഞിരിക്കുകയാണ്. പാർട്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടതെന്നും ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയെന്നതാണ് കോൺഗ്രസിനെ സംബന്ധിച്ച് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നുമായിരുന്നു തരൂർ പ്രതികരിച്ചത്.












Click it and Unblock the Notifications