ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്,പിഎസ്‌സിയില്‍ 120 പുതിയ തസ്തിക....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പത്താം ശമ്പള കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നത് വരെ നിലവിലുള്ള മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് തുടരാനും ധാരണയായി.

പെന്‍ഷന്‍ക്കാര്‍ക്ക് നിലവില്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തലാക്കുകയും, അത് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയമായി അടക്കാനുമാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പ്രതിമാസം 300 രൂപയും ഇന്‍ഷൂറന്‍സ് പ്രീമിയമായി ഈടാക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പിലാക്കിയാല്‍ നിലവിലുള്ള പലിശ രഹിത ചികിത്സ വായ്പയും നിര്‍ത്തലാക്കും.

cmpinarayi

പിഎസ്‌സിയില്‍ വിവിധ വിഭാഗങ്ങളിലായി പുതിയ 120 തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ യോഗം തീരുമാനമെടുത്തു. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഷീല തോമസിനെ ഭരണ പരിഷ്‌കാര കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചു. പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് ചിലവായ 104 ലക്ഷം രൂപയും അനുവദിക്കും.

കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ശുദ്ധജലം, പുതിയ റോഡുകള്‍, പുതിയ ഹെല്‍ത്ത് സെന്റര്‍, മോഡല്‍ റസിഡ്യന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ ആരംഭിക്കും. സാക്ഷരത പ്രസ്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച കെവി റാബിയയ്ക്ക് തിരൂരങ്ങാടിയില്‍ കട ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. സഹായം അഭ്യര്‍ത്ഥിച്ച് കെവി റാബിയ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

English summary
Health Insurance for government employees and pensioners.
Please Wait while comments are loading...