കലിതുള്ളി കാലവർഷം; ഇടുക്കി, എറണാകുളം ജില്ലകളിൽ വ്യാപക നാശനഷ്ടം
എറണാകുളം പറവൂർ മേഖലയിലെ കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു
കൊച്ചി: തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇടുക്കി, എറണാകുളം ജില്ലകളുടെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്ന് പുലർച്ചെയുണ്ടായ കാറ്റിലും മഴയിലുമാണ് എറണാകുളം ജില്ലയുടെ വടക്ക് കിഴക്കൻ മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായത്.

എറണാകുളം പറവൂർ മേഖലയിലെ കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. അൻപതിലധികം വീടുകളാണ് പ്രദേശത്ത് ഭാഗികമായി തകർന്നത്. ശക്തമായ കാറ്റിൽ മരം വീണാണ് കൂടുതൽ അപകടങ്ങളും. കുന്നത്തുനാട്, തത്തപ്പിള്ളി എന്നിവിടങ്ങളിൽ മരം വീണ് പല വീടുകളും ഭാഗികമായി തകർന്നു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി റോഡിലേക്ക് വീണ് ഗതാഗതവും തടസപ്പെട്ടു. പല മേഖലകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ
ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ കനത്തമഴ തുടരുകയാണ്. പടിഞ്ഞാറേ കോടിക്കുളത്ത് നിരവധി വീടുകൾ തകർന്നു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെട്ടുകയും ചെയ്തു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കോട്ടയത്ത് ശക്തമായ കാറ്റിൽ ആറ് വീടുകൾ തകർന്നു. രാമപുരം മേതിരിയിലാണ് സംഭവം. ഇവിടെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തട്ടില്ല.
കോഴിക്കോട്ടും ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കനത്ത മഴയാണ് പെയ്തത്. മലപ്പുറം പേരശ്ശന്നൂരിൽ ശനിയാഴ്ച പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. എടച്ചലം സ്വദേശി സഹദിന്‍റെ മൃതദേഹം ആണ് കണ്ടത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സഹദും സുഹൃത്തുകളായ രണ്ട് പേരും ഒഴുക്കിൽ പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
അതേസമയം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്ര-ഓഡീഷ തീരത്ത് ന്യൂനമർദ്ദം രൂപമെടുക്കുന്നതും മഴ ശക്തമാകാൻ സാധ്യത വർധിപ്പിക്കുന്നു. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കലക്ടർമാരോട് സർക്കാർ നിര്‍ദേശിച്ചു. മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു. മത്സ്യബന്ധനത്തിനും വിലക്കുണ്ട്.












Click it and Unblock the Notifications