കോണ്‍ഗ്രസില്ലെങ്കില്‍ ഞങ്ങളുമില്ലെന്ന് ലീഗ്; ബുദ്ധിപൂര്‍വമെടുത്ത തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി, കാരണമിതാ
കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കാനൊരുങ്ങുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. ഇന്ന് പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഏകീകൃത സിവില്‍ കോഡിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്നാണ് മുസ്ലീം ലീഗിന്റെ അഭിപ്രായമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിം ലീഗെന്നും അതുകൊണ്ടുതന്നെ എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ ഇതില്‍ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. എന്നാല്‍ സെമിനാര്‍ നടത്താനും പങ്കെടുക്കാനും സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ദേശീയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

അത്തരം ഒരു നിയമം പാര്‍ലമെന്റില്‍ പാസാകാന്‍ പാടില്ല എന്നും സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു. അതേസമയം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള പ്രതിഷേധപരിപാടികള്‍ക്ക് മുസ്ലീം ലീഗ് ഇല്ല എന്ന പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എയും മാധ്യമങ്ങളോട് വ്യക്തമാക്കി. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് പാര്‍ലമെന്റില്‍ ഏകീകൃത സിവില്‍ കോഡിനെതിരെ നീങ്ങാനാകില്ലെന്നും ഇതൊരു ദേശീയ പ്രശ്‌നമാണ്, കേരള പ്രശ്‌നമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാല്‍ പാര്‍ലമെന്റില്‍ എന്ത് നടക്കാന്‍ പോകുന്നു എന്നുള്ളതിലാണ് പ്രാധാന്യം. ഇവിടത്തെ സെമിനാറുകള്‍ ഭിന്നിപ്പിക്കാനുള്ള സെമിനാറുകളായി മാറരുത്. അത് ബി ജെ പിയെ സഹായിക്കുകയാണ് ചെയ്യുക എന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലേക്കുള്ള യോജിപ്പിക്കല്‍ സെമിനാറുകളാണ് ആവശ്യം. ഡല്‍ഹിയില്‍ ഒരു യോജിപ്പുണ്ടാക്കി ബി ജെ പിയുടെ ഈ ശ്രമത്തേയും ബില്ലിനേയും പരാജയപ്പെടുത്തണം.
അതാണ് മുസ്ലീം ലീഗ് നേരത്തെ എടുത്തിട്ടുള്ള സമീപനം എന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലെ പ്രധാനപ്പെട്ട ഘടകകക്ഷി എന്ന നിലയില്‍ അതിലെ ഘടകകക്ഷികളെ ക്ഷണിക്കാത്ത സെമിനാറില്‍ പങ്കെടുക്കുന്നത് ഗുണത്തേക്കളേറെ ദോഷം ചെയ്യും. ''അതും കോണ്‍ഗ്രസിനെ പോലെ പാര്‍ലമെന്റില്‍ നേതൃത്വം കൊടുക്കേണ്ട പാര്‍ട്ടിയെ മാറ്റി നിര്‍ത്തിയിട്ടുള്ള സെമിനാര്‍. കോണ്‍ഗ്രസില്ലാതെ ഈ ബില്ലിനെ ലോക്‌സഭയിലും രാജ്യസഭയിലും പരാജയപ്പെടുത്താന്‍ കഴിയില്ല.
ഇത് ഞങ്ങളുടെ ബുദ്ധിപൂര്‍വമുള്ള തീരുമാനമാണ്. ഏകീകൃത സിവില്‍ കോഡ് വന്നാല്‍ രാജ്യത്തുണ്ടാകാനിടയുള്ള അപകടം ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകണം,' കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം ഏകീകൃത സിവില്‍ കോഡിന് എതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത അറിയിച്ചിച്ചുണ്ട്.












Click it and Unblock the Notifications