മാണി സി കാപ്പൻ എൽഡിഎഫ് വിടും? അന്തിമ തീരുമാനം വെള്ളിയാഴ്ച, സിപിഎം മര്യാദ പാലിച്ചില്ലെന്ന് മാണി സി കാപ്പൻ
ദില്ലി: സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങൾക്കിടെ മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന് സൂചന. എൽഡിഎഫ് സഖ്യകക്ഷിയായ എൻസിപിയോട് സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാലാ സീറ്റ് എൻസിപിക്ക് വിട്ടുനൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പാലാ സീറ്റ് വിട്ട് മറ്റൊരിടത്തും മത്സരിക്കാനില്ലെന്ന് മാണി സി കാപ്പനും വ്യക്തമാക്കിയിരുന്നു.

എൻസിപി ആർക്കൊപ്പം
എൽഡിഎഫിൽ നിന്ന് മുന്നണി മാറുന്നത് സംബന്ധിച്ച തീരുമാനം എൻസിപി ദേശീയ നേതൃത്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെള്ളിയാഴ്ച പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തോറ്റ പാർട്ടിയ്ക്ക് സീറ്റ് നൽകുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിക്കുന്നു. അതേ സമയം തന്നെ എൻസിപി ദേശീയ നേതൃത്വം തനിക്ക് അനുകൂലമായ തീരുാനം സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

മുന്നണി മാറ്റം
എൻസിപിയെ സംബന്ധിച്ച് പാലാ സീറ്റ് സംബന്ധിച്ച പ്രശ്നമല്ലെന്നും ക്രെഡിബിലിറ്റിയുടെ വിഷയമാണെന്നുമാണ് മാണി സി കാപ്പൻ ചൂണ്ടിക്കാണിക്കുന്നത്. മുന്നണി മാറ്റം ഉറപ്പായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങൾക്ക് ഊഹിക്കാമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

പാലായിൽ വിട്ടുവീഴ്ചയില്ല
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നതിനിടെ എൻസിപി നേതാവ് പ്രഫുൽ പട്ടേലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പാലാ നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പകരം കുട്ടനാട്ടിൽ മത്സരിക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ പാലാ വിട്ട് മറ്റെവിടേയും മത്സരിക്കാനില്ലെന്ന് മാണി സി കാപ്പനും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മാണി സി കാപ്പൻ, ടിപി പീതാംബരൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ളവർ ഇടതുമുന്നണി വിടാനുള്ള സാധ്യതയേറിയത്. എന്നാൽ എൻസിപിയിലെ എകെ ശശീന്ദ്രൻ വിഭാഗം എൽഡിഎഫിൽ തന്നെ തുടരുമെന്നാണ് സൂചന.

നിലപാട് വെള്ളിയാഴ്ച
എൻസിപിയിലെ ഭൂരിപക്ഷവും തനിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ മാണി സി കാപ്പൻ എൽഡിഎഫുമായി ഇപ്പോഴുള്ള പ്രശ്നങ്ങളിലുള്ള പാർട്ടി നിലപാട് വെള്ളിയാഴ്ച പ്രഫുൽ പട്ടേൽ വ്യക്തമാക്കി. മാണി സി കാപ്പനും ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കുന്നതാണ്. എന്നാൽ അത് നടക്കാത്തതിനാൽ നാളെ കൂടിക്കാഴ്ച നടക്കും.
Recommended Video


പാർട്ടി ആർക്കൊപ്പം
എൻസിപി ദേശീയ നേതൃത്വം മുന്നണി വിടാൻ അനുമതി നൽകിയാൽ പാർട്ടിയിലെ ഭൂരിപക്ഷവും മാണി സി കാപ്പന്റെ നിലപാടിനൊപ്പം നിന്ന് എൽഡിഎഫ് വിടാനാണ് സാധ്യത. നാല് ജില്ലാ കമ്മറ്റികൾ മാണി സി കാപ്പന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുക. അതേ സമയം ശരദ് പവാർ മാണി സി കാപ്പന്റെ തീരുമാനത്തെ പിന്തുണച്ചാൽ ശശീന്ദ്രനൊപ്പമുള്ള പത്ത് ജില്ലാ കമ്മറ്റികളും പാർട്ടിയുടെ ഔദ്യോഗിക തീരുമാനത്തിനൊപ്പം തന്നെ നിന്നേക്കും.












Click it and Unblock the Notifications