ശരിക്കും ‘സ്‌ട്രോങ്’- ഇവിഎം സൂക്ഷിക്കുന്ന മുറി എങ്ങിനെ തുറക്കാം? ആരൊക്കെ വേണം?
ഇവിഎം സൂക്ഷിക്കുന്ന സ്ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദം കേരളത്തിൽ കത്തിക്കയറുന്ന വേളയിൽ, ആ മുറി എത്രമാത്രം സ്ട്രോങ് ആണെന്നും അത് തുറക്കാൻ എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കപ്പെടേണ്ടതും എന്നതെല്ലാം ചർച്ചയാകുകയാണ്. വോട്ടെണ്ണല്‍ ദിവസം വരെ ഒരാള്‍ പോലും സ്‌ട്രോങ് റൂമുകളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് കര്‍ശനമായ ചട്ടം. എന്നാൽ, ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്ട്രോങ് റൂം തുറക്കാം.
വിവാദം 'സ്‌ട്രോങ്' ആണ്; അന്തിമ വോട്ടിങ് ശതമാനം വരെ സംശയ നിഴലില്‍ നിര്‍ത്തി പ്രതിപക്ഷം
വോട്ടെടുപ്പ് കഴിഞ്ഞാല്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കാണ് വോട്ടിങ് മെഷിനുകളും തെരഞ്ഞെടുപ്പ് രേഖകളും സീല്‍ ചെയ്തു സുരക്ഷിതമാക്കേണ്ട ചുമതല. അത് റിട്ടേണിങ് ഓഫിസര്‍ക്ക് കൈമാറണം. മെഷീനുകൾ സുരക്ഷിതമായി പോളിങ് സ്‌റ്റേഷനില്‍നിന്നു സ്‌ട്രോങ് റൂമിലേക്ക് എത്തിക്കേണ്ട ചുമതല റിട്ടേണിങ് ഓഫിസര്‍ക്കാണ്. വോട്ടെണ്ണലിനു മുമ്പ് ഒരു തവണ മാത്രമേ സീല്‍ ചെയ്ത ഇവിഎമ്മുകള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. സ്ഥാനാര്‍ഥികളുടെയും അവരുടെ ഏജന്റുമാരുടെയും അനുമതിയോടെ മാത്രമേ ഈ നടപടിക്രമങ്ങള്‍ മുഴുവനും പാടുള്ളൂവെന്നാണ് നിയമം.

ഒരു പോളിങ് സ്‌റ്റേഷനില്‍നിന്നു ലഭിച്ച ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും ഒരുമിച്ചാണ് സൂക്ഷിക്കേണ്ടത്. ബാലറ്റ് യൂണിറ്റുകള്‍ക്കു മുകളില്‍ ഫോം 24 എക്ക് ഒപ്പമാണ് കണ്‍ട്രോള്‍ യൂണിറ്റ് വെക്കേണ്ടത്. വോട്ടെടുപ്പിനു മുമ്പും ശേഷവും പ്രിസൈഡിങ് ഓഫിസര്‍മാര്‍ തയാറാക്കുന്ന സത്യവാങ്മൂലം അടങ്ങുന്ന സീല്‍ ചെയ്ത കവര്‍, പ്രിസൈഡിങ് ഓഫിസര്‍മാരുടെ ഡയറി, ഫോം 21 എയിലെ വോട്ട് റജിസ്റ്റര്‍ എന്നിവ റിട്ടേണിങ് ഓഫിസറുടെ സുരക്ഷിത കസ്റ്റഡിയിലാണ് സൂക്ഷിക്കേണ്ടത്. ഒരു കാരണവശാലും ഇത്തരം രേഖകള്‍ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ വെക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിക്കപ്പെട്ടതിനാലാണ് നെന്മാറയിൽ സ്ട്രോങ് റൂം തുറക്കാനുള്ള നീക്കം തടയപ്പെട്ടത്.
2023 ജൂലൈ 18ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിലാണ് സ്ഥാനാര്‍ഥികളുടെ പ്രതിനിധികളെ സ്‌ട്രോങ് റൂമുകള്‍ നിരീക്ഷിക്കാന്‍ അനുവദിക്കണമെന്ന നിർദേശമുള്ളത്. വോട്ടെണ്ണല്‍ ദിവസം വരെയുള്ള കാലയളവില്‍ ഒഴിവാക്കാനാകാത്ത കാരണം മൂലം മുറി തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇക്കാര്യം റിട്ടേണിങ് ഓഫിസര്‍ രേഖാമൂലം സ്ഥാനാര്‍ഥികളെയോ അംഗീകൃത ഏജന്റുമാരെയോ അറിയിക്കണം. ഇവരുടെ സാന്നിധ്യത്തില്‍ മുറി തുറന്ന ശേഷം പെട്ടെന്നു തന്നെ അടച്ച് സീല്‍ ചെയ്യണം. വാതിലിന്റെ പൂട്ടിലും ജനാലകളിലും സീല്‍ പതിപ്പിക്കാന്‍ സ്ഥാനാര്‍ഥികളെയും അനുവദിക്കണം. ഫോം എന്‍-23ല്‍ ആരൊക്കെ മുറിയില്‍ പ്രവേശിച്ചു, ആവശ്യം എന്തായിരുന്നു, അകത്തു കടന്നതിന്റെയും പുറത്തു വന്നതിന്റെയും സമയം, സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയൊപ്പ് എന്നിവ അടങ്ങുന്ന ലോഗ് ബുക്ക് തയാറാക്കുകയും വേണം.
ടൈസൺ മാസ്റ്ററുടെ മണ്ഡലമാറ്റം പരീക്ഷണം, മലബാറിൽ ന്യൂനപക്ഷ വോട്ടുകൾ വെല്ലുവിളി-പത്തിലൊതുങ്ങി സിപിഐ പ്രതീക്ഷ
സ്‌ട്രോങ് റൂമില്‍ സുരക്ഷാ ഭടന്മാരെ വിന്യസിക്കുന്നത് മൂന്നു തലങ്ങളായാണ്. ഏറ്റവും പ്രധാന സുരക്ഷ വേണ്ട ഇന്നര്‍ യൂണിറ്റിന്റെ കാവൽ ചുമതല കേന്ദ്ര സുരക്ഷാ സേനക്കാണ്. സ്ട്രോങ് റൂമും പരിസരവും സിസിടിവിയുടേതടക്കമുള്ള സഹായത്തോടെയാണ് ഇവർ 24 മണിക്കൂറും നിരീക്ഷിക്കുന്നത്. സ്ട്രോങ് റൂം സ്ഥിതി ചെയ്യുന്നയിടത്തെ വളപ്പിനുൾവശം അഥവാ ഔട്ടര്‍ യൂണിറ്റിൽ കേരള പൊലീസാണ് സുരക്ഷ ഒരുക്കുന്നത്. ഗേറ്റിന് പുറത്തെ സുരക്ഷയാണ് മൂന്നാമത്തെ തലം. എആര്‍ ക്യാംപിലെ പൊലീസുകാരെയാണ് ഇവിടെ നിയോഗിക്കുക.
നിശ്ചിതദിവസത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ വോട്ടെണ്ണല്‍ ഹാളുകള്‍ സജ്ജമാക്കണമെന്നാണ് ചട്ടം. വോട്ടെണ്ണല്‍ തീയതി, സമയം, സ്ഥലം എന്നിവയെക്കുറിച്ച് സ്ഥാനാര്‍ഥികള്‍ക്കു മുന്‍കൂട്ടി വിവരം നല്‍കണം. വോട്ടെണ്ണൽ ദിവസം സ്ഥാനാര്‍ഥികള്‍, അംഗീകൃത പ്രതിനിധികള്‍, റിട്ടേണിങ് ഓഫിസര്‍, അസി.റിട്ടേണിങ് ഓഫിസര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വേണം സ്‌ട്രോങ് റൂം തുറക്കാന്‍. ഇതെല്ലാം പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിക്കണം. സിസിടിവി നിരീക്ഷണത്തിലായിരിക്കണം എല്ലാ നടപടിക്രമങ്ങളും. സ്‌ട്രോങ് റൂം തുറന്ന് കണ്‍ട്രോള്‍ യൂണിറ്റ് കൗണ്ടിങ് ഹാളിലേക്ക് എത്തിക്കേണ്ട ചുമതല റിട്ടേണിങ് ഓഫിസര്‍ക്കാണ്.
പോളിങ് സ്‌റ്റേഷനുകളുടെ സീരിയല്‍ അനുസരിച്ചാണ് കണ്‍ട്രോള്‍ യൂണിറ്റുകള്‍ കൗണ്ടിങ് ഹാളിലേക്ക് സ്‌ട്രോങ് റൂമുകളില്‍നിന്ന് ഏജന്റിന്റെ സാന്നിധ്യത്തില്‍ കൊണ്ടുവരുന്നത്. ബാലറ്റ് യൂണിറ്റുകള്‍ സ്‌ട്രോങ് റൂമില്‍ തന്നെ സൂക്ഷിക്കും. കണ്‍ട്രോള്‍ യൂണിറ്റുകളുടെ പെട്ടിയിലെ സീലുകള്‍ വിശദമായി പരിശോധിക്കും. തുടര്‍ന്ന് സീല്‍ പൊട്ടിച്ച ശേഷം കണ്‍ട്രോള്‍ യൂണിറ്റ് പുറത്തെടുത്ത് കൗണ്ടിങ്‌ടേബിളില്‍ വയ്ക്കും. സ്ഥാനാര്‍ഥി, ഏജന്റ് എന്നിവരെ കണ്‍ട്രോള്‍ യൂണിറ്റിലെ സീൽ പരിശോധിക്കാന്‍ അനുവദിക്കണം. സീല്‍ സംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ സംശയം ഉണ്ടായാല്‍ ആ യൂണിറ്റിലെ വോട്ടെണ്ണൽ നിർത്തി ഉടന്‍ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം.
റിട്ടേണിങ് ഓഫിസര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സീരിയല്‍ നമ്പര്‍ പരിശോധിച്ച് അതുവെച്ചിരുന്ന പെട്ടിയുടെ നമ്പരുമായി ചേര്‍ന്നതാണെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റ് സീല്‍ ചെയ്യാന്‍ ഉപയോഗിച്ച പിങ്ക് പേപ്പര്‍ സീലിന്റെ സീരിയല്‍ നമ്പര്‍, ഔട്ടര്‍ സ്ട്രിപ് സീല്‍, സ്‌പെഷല്‍ ടാഗ് സീല്‍ എന്നിവ പരിശോധിക്കണം. സീലുകള്‍ എല്ലാം കൃത്യമാണെന്നു ബോധ്യപ്പെട്ടശേഷം കണ്‍ട്രോള്‍ യൂണിറ്റിലെ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി ഫലം പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇത് സ്ഥാനാര്‍ഥികളുടെ കൗണ്ടിങ് ഏജന്റിന്റെ സാന്നിധ്യത്തിൽ വേണം.
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയ ശേഷമാണ് ഇവിഎമ്മുകളില്‍ വോട്ടുകള്‍ എണ്ണുന്നത്. ശേഷം ഫോം 24 എയില്‍ രേഖപ്പെടുത്തും. ഏതെങ്കിലും സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയോ ഏജന്റോ ആവശ്യപ്പെട്ടാല്‍ മാത്രം ബാലറ്റ് യൂണിറ്റ് സ്‌ട്രോങ് റൂമില്‍നിന്ന് കൗണ്ടിങ് ഹാളില്‍ എത്തിച്ചാല്‍ മതിയാകും. റിട്ടേണിങ് ഓഫിസര്‍മാര്‍ ഫലം പ്രഖ്യാപിച്ച ശേഷം കണ്‍ട്രോള്‍ യൂണിറ്റില്‍നിന്ന് ഡിച്ചാച്ചബിള്‍ മെമ്മറി യൂണിറ്റ് (ഡിഎംഎം) മാറ്റി പ്ലാസ്റ്റിക് കൂട്ടിലാക്കി തുണിയില്‍ പൊതിഞ്ഞ് സീല്‍ ചെയ്താണു സൂക്ഷിക്കുന്നത്. ഇതു പിന്നീട് ട്രഷറിയിൽ വെക്കും. പിന്നീട് ഇത് പുറത്തെടുക്കണമെങ്കിൽ കോടതിയുടെയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ അനുവാദം വേണം.












Click it and Unblock the Notifications