വിവാദം 'സ്‌ട്രോങ്' ആണ്; അന്തിമ വോട്ടിങ് ശതമാനം വരെ സംശയ നിഴലില്‍ നിര്‍ത്തി പ്രതിപക്ഷം
വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകൾ തുറന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും 'സ്ട്രോങ്’ ആയി മുന്നോട്ടുപോകുകയാണ്. ക്രമക്കേട് നടക്കാനുള്ള സാധ്യതകളെ മുതൽ അന്തിമ വോട്ടിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടാത്തതിനെ വരെ ഇതുമായി ബന്ധപ്പെടുത്തി സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് പ്രതിപക്ഷം. പോളിങ് കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും അന്തിമ വോട്ടിങ് ശതമാനം സംബന്ധിച്ച കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്നും ക്രമക്കേടിന് ശ്രമമുണ്ടോയെന്ന് സംശയമുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ടൈസൺ മാസ്റ്ററുടെ മണ്ഡലമാറ്റം പരീക്ഷണം, മലബാറിൽ ന്യൂനപക്ഷ വോട്ടുകൾ വെല്ലുവിളി-പത്തിലൊതുങ്ങി സിപിഐ പ്രതീക്ഷ
'തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികളെല്ലാം സംശയാസ്പദമാണ്. മുൻ കാലങ്ങളിൽ വോട്ടിങ് മെഷീൻ സൂക്ഷിച്ചിരുന്ന പോലെയല്ല ഇപ്പോഴുള്ളത്. സിസിടിവിയിലൂടെ മാത്രമേ ഇപ്പോൾ കാണാനാകൂ. ഇതിൻ്റെ ദൃശ്യങ്ങളിൽ തിരിമറി നടത്തുമോയെന്ന ഭയമുണ്ട്’- കോൺഗ്രസ് നേതാവ് എൻ. ശക്തൻ പറഞ്ഞു. ഈമാസം ഒമ്പതിനാണ് സംസ്ഥാനത്ത് പോളിങ് നടന്നത്. 78.27 ശതമാനം പോളിങ് നടന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം അറിയിച്ചത്. പിന്നീട് 79.63 ശതമാനമാണ് പോൾ ചെയ്തതെന്ന് അടുത്ത ദിവസം കമ്മീഷൻ വ്യക്തമാക്കി. കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആരോപണം.

അതിനിടെയാണ് സ്ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് തലവേദനയായിരിക്കുന്നത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകിയിട്ടുണ്ട് . വോട്ടെണ്ണൽ കഴിയുംവരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്നാണ് നിർദേശം. നെന്മാറ മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതിൽ വിശദീകരണം തേടിയിട്ടുമുണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ സ്ട്രോങ് റൂം വിവാദം അണയുന്നതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സ്ട്രോങ് റൂം വിവാദം ഉയർന്ന് വന്നത്.
സോഫ്റ്റ്‌വെയർ പണിമുടക്കടക്കം പതിവില്ലാത്ത തടസ്സങ്ങൾ
അന്തിമ വോട്ടിങ് ശതമാനം കണക്കാക്കുന്നതിലും വോട്ടിങ് സാമഗ്രികളുടെ സുരക്ഷ സംബന്ധിച്ചും മുമ്പെങ്ങുമില്ലാത്ത വിധമുള്ള തടസ്സങ്ങളാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. സർവീസ് വോട്ടുകളും ഉദ്യോഗസ്ഥരുടെ വോട്ടുകളും അന്തിമമാക്കിയ ശേഷം കണക്കുകൾ കൃത്യമാക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു. കേൽക്കർ പറയുന്നത്. കേരളത്തിൽ 53,984 സർവീസ് വോട്ടർമാരാണുള്ളത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന സർവീസ് വോട്ടുകൾ വോട്ടെണ്ണുന്ന അടുത്ത മാസം നാലിന് രാവിലെ വരെ സ്വീകരിക്കും. പോളിങ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഭൂരിഭാഗം സർവീസ് വോട്ടുകളും എത്താറുണ്ട്. ഇതുകൂടി ചേർത്താണ് സാധാരണ അന്തിമ കണക്ക് പ്രസിദ്ധീകരിക്കുക.
വിജയ് വൈകീട്ട് 6 മണിക്ക് ശേഷം പ്രചാരണം നടത്തിയില്ല; പരക്കെ സംസാരം, പിതാവിന്റെ പ്രതികരണം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ശേഷമേ സംസ്ഥാനത്തെ പോളിങ് കണക്കുകൾ പുറത്തുവിടൂ. കമ്മീഷൻ്റെ കണക്കുപ്രകാരം പതിനായിരത്തിലേറെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായിട്ടില്ല. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരിൽ നിരവധിപേർക്ക് തപാൽ വോട്ട് ചെയ്യാനായില്ലെന്ന പരാതിക്ക് പിന്നാലെ, തപാൽ വോട്ട് കൈകാര്യം ചെയ്തിരുന്ന സോഫ്റ്റ്‌വെയറും പണിമുടക്കി. സോഫ്റ്റ്‌വെയർ ലോഗിൻ ചെയ്യാനോ വിവരങ്ങൾ കാണാനോ കഴിയുന്നില്ലെന്നാണ് പരാതി.
തപാൽ വോട്ടിന് അപേക്ഷിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളെല്ലാം ജില്ല കേന്ദ്രങ്ങളിൽനിന്ന് അപ്‌ലോഡ് ചെയ്ത് സൂക്ഷിച്ചത് ഈ സൈറ്റിലായിരുന്നു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും റിട്ടേണിങ് ഓഫിസർമാർ, ജില്ല കലക്ടർമാർ തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥർക്കെല്ലാമായാണ് സൈറ്റ് സജ്ജമാക്കിയത്. തെരഞ്ഞെടുപ്പിൻ്റെ വിവരങ്ങൾക്കും നിർദേശങ്ങൾക്കുമൊപ്പം തപാൽ വോട്ട് വിവരങ്ങളും ഇതിലാണ് സൂക്ഷിച്ചിരുന്നത്.
ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂം ഉദ്യോഗസ്ഥർ തുറന്നതിൽ ഗുരുതര വീഴ്ചയെന്നാണ് കോഴിക്കോട് ജില്ല കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. രണ്ടു ദിവസത്തിനകം അന്തിമ റിപ്പോർട്ട് നൽകും. ജില്ലയിലെ എട്ടു നിയമസഭ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച ജെഡിടി ഇസ്ലാം കോംപ്ലക്സിലെ സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂം ഉദ്യോഗസ്ഥർ തുറന്നതിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലുള്ളത്.
അതിസുരക്ഷ മേഖലയായ സ്ട്രോങ് റൂമിന്റെയും മെറ്റീരിയൽ റൂമിന്റെയും അടുത്തേക്ക് പ്രവേശനത്തിന് കർശന മാനദണ്ഡങ്ങളുണ്ടായിരിക്കെ മെറ്റീരിയൽ റൂം തുറന്നതിന്റെ വിശദീകരണം ജില്ല കലക്ടർ തേടിയിരുന്നു. വോട്ടു കണക്കുകളുടെ ഒറിജിനൽ മെറ്റീരിയൽ റൂമിലും പകർപ്പ് റിട്ടേണിങ് ഓഫിസറുമാണ് സൂക്ഷിക്കേണ്ടത്. എന്നാൽ, ഇവ മെറ്റീരിയൽ റൂമിൽ മറന്നുവെക്കുകയായിരുന്നു. ഇതെടുക്കുന്നതിനാണ് മുറി തുറന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.
ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ റിട്ടേണിങ് ഓഫിസറുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. അതേസമയം, സീൽ ചെയ്തതും അല്ലാത്തതുമായ മുറികൾ വോട്ടെണ്ണൽ കഴിയും വരെ തുറക്കരുതെന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ നിർദേശം ലംഘിച്ച് വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂമിനടുത്ത് കൊയിലാണ്ടി വരണാധികാരി എത്തിയതായി യുഡി.എഫ് നേതാക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച് യുഡിഎഫ് നേതാക്കളായ അഡ്വ. കെ. പ്രവീൺകുമാർ, എം.എ. റസാഖ് മാസ്റ്റർ, ടി.ടി. ഇസ്മയിൽ എന്നിവർ കലക്ടർക്ക് പരാതി നൽകി. വരണാധികാരിക്ക് നോട്ടീസ് നൽകുമെന്ന് കലക്ടർ അറിയിച്ചതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെ വരണാധികാരി പൊലീസ് അകമ്പടിയിൽ എത്തിയ ഫോട്ടോ മാധ്യമങ്ങൾക്കു മുന്നിൽ കെ. പ്രവീൺകുമാർ കാണിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയ പേരാമ്പ്ര വരണാധികാരിക്കൊപ്പം കൊയിലാണ്ടി വരണാധികാരിയെയും നടപടികൾക്ക് വിധേയമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.












Click it and Unblock the Notifications