ഹൈദരലി തങ്ങളെ പാണക്കാട്ടെത്തി കണ്ട നിമിഷം അനുസ്മരിച്ച് മോഹന്‍ലാല്‍; ആശുപത്രിയിലെത്തി മമ്മൂട്ടി
കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിയാണ് മമ്മൂട്ടി അനുശോചനം അറിയിച്ചത്. അല്‍പ്പ നേരം ആശുപത്രിയില്‍ ചെലവഴിച്ച ശേഷം താരം മടങ്ങി. പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍ എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ ചിത്രവും അദ്ദേഹം പങ്കുവച്ചു. പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട കാര്യം അനുസ്മരിച്ചാണ് മോഹന്‍ലാല്‍ അനുശോചനം അറിയിച്ചത്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ...
സ്വജീവിതം സമൂഹനന്മയ്ക്കും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യന്‍ ശ്രീ പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍. അഗതികള്‍ക്കും അനാഥര്‍ക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്. അടുത്ത കാലത്ത്, അദ്ദേഹത്തിന്റെ വസതിയിലെത്തി കുറച്ച് സ്‌നേഹനിമിഷങ്ങള്‍ പങ്കുവെക്കാന്‍ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ വാക്കുകള്‍- കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന് എന്നുമൊരു തണല്‍വൃക്ഷമാണ് പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷം തന്റെ സഹോദരന്‍ നടന്ന പാതയിലൂടെ ഈ നാടിന്റെ മതസൗഹാര്‍ദ്ദ പതാകവാഹകനായി നടന്ന ഏകാന്തപഥികനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും. ഇസ്ലാം മതവിശ്വാസികളുടെ ആത്മീയാചാര്യനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ അവസാനവാക്കും ആയിരിക്കുമ്പോള്‍ തന്നെ മറ്റ് മതവിശ്വാസങ്ങളേയും ബഹുമാനിച്ചിരുന്നയാളായിരുന്നു അദ്ദേഹം.
പാണക്കാട് ഹൈദരലി തങ്ങളുടെ കാലത്ത് മുസ്ലീം ലീഗ് പ്രസ്ഥാനം ഒരു രാഷ്ട്രീയപാര്‍ട്ടി എന്നതിലുപരി സമാനതകളില്ലാത്ത ജീവകാരുണ്യ പ്രസ്ഥാനമായി വളര്‍ന്നത് അദ്ദേഹം മുന്നോട്ടുവച്ച മാനവികരാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്. തന്റെ മുന്‍ഗാമികളെ പോലെ തന്നെ എളിമ മുഖമുദ്രയാക്കിയ ഒരു നേതാവാണ് യാത്രയാകുന്നത്. നാടിന്റെ മതേതര അന്തരീക്ഷം വെല്ലുവിളി നേരിടുന്ന കാലത്ത് അദ്ദേഹത്തിന്റെ വിയോഗം കേരളസമൂഹത്തിന്റെ ആകെ നഷ്ടമാണ്.
പ്രിയ ഹൈദരലി തങ്ങള്‍ക്ക് പ്രണാമം.
എല്ലാ രാഷ്ട്ര-മത വിഭാഗങ്ങള്‍ക്കും വേണ്ടപ്പെട്ടയാളായിരുന്നു എന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി അനുസ്മരിച്ചു. മതേതര കാഴ്ചപ്പാട് ഉയര്‍ത്തി പിടിച്ച വലിയ നേതാവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രസ്ഥാനത്തിന്റെ ശക്തി ചോര്‍ന്നു എന്നാണ് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ എംഎല്‍എ പ്രതികരിച്ചത്.
മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധയൂന്നിയുള്ള സമീപനമാണ് ഹൈദരലി തങ്ങള്‍ സ്വീകരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. എറണാകുളത്ത് നിന്ന് മൃതദേഹം മലപ്പുറത്തെത്തിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഖബറടക്കം.












Click it and Unblock the Notifications