കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടേക് ഓഫിലെ ഫഹദിനെ പോലുള്ളവരൊന്നും ഉണ്ടാവില്ലെന്ന് അറിയാം.. എങ്കിലും; കുറിപ്പുമായി പ്രതാപന്‍

Google Oneindia Malayalam News

യുക്രെയിനിലെ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും അവിടുത്തെ എംബസി ഒരു പരാജയമാണെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് ഉള്ളതെന്ന് ടിഎന്‍ പ്രതാപന്‍ എംപി. മലയാളികള്‍ ഉള്‍പ്പടേയുള്ളവരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ടി എന്‍ പ്രതാപന്‍ എംപി ആവശ്യപ്പെടുന്നു. സർക്കാർ കാര്യങ്ങളൊക്കെ കുറച്ചുകൂടി വേഗത്തിൽ ഉത്തരവാദിത്വത്തിൽ ചെയ്യണമെന്നാണ് അപേക്ഷ.

ടേക് ഓഫ് സിനിമയിലെ ഫഹദ് ഫാസിലിനെ പോലുള്ളവരൊന്നും അവിടെ ഉണ്ടാവില്ലെന്നറിയാം. എന്നാലും അതിർത്തിക്കപ്പുറം പത്തുവാരയകലെ സമാധാനം കാണുന്ന ആളുകൾക്ക് അതിർത്തിവേലികളുടെ തടസ്സത്തിനുമുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന സാഹചര്യമെങ്കിലും ഒഴിവാക്കാൻ സർക്കാരിന് കഴിയണമെന്നും ടിഎന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സുനി അങ്ങനെ പറഞ്ഞതായി പുറത്ത് പറയരുത്: ദിലീപ് വിഷയത്തില്‍ ജിന്‍സണ്‍ തുറന്ന് പറയുന്നുസുനി അങ്ങനെ പറഞ്ഞതായി പുറത്ത് പറയരുത്: ദിലീപ് വിഷയത്തില്‍ ജിന്‍സണ്‍ തുറന്ന് പറയുന്നു

വിദേശകാര്യ മന്ത്രാലയ

ഇന്നലെ രാവിലെയാണ് ഉക്രയിനിലെ രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട് എന്റെ ഡൽഹി ഓഫീസിൽ ഒരു കൺട്രോൾ റൂം തുറന്നത്. യുക്രയിനിൽ റഷ്യയുടെ സൈനിക നടപടി ആരംഭിച്ചപ്പോൾ തന്നെ നിരവധി രക്ഷിതാക്കളും യുക്രയിനിലെ വിദ്യാർത്ഥികളും എന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലേക്കുള്ള യാത്രക്കിടെ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി സംസാരിച്ചിരുന്നു. ഡൽഹിയിൽ എത്തിയപ്പോൾ വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയ്‌ശങ്കറിനെയും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നമ്മുടെ ആശങ്കകൾ എഴുതിയറിയിച്ചിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെൽപ്‌ലൈൻ സൗകര്യങ്ങളുണ്ടായിരിക്കെ തന്നെ എനിക്ക് വരുന്ന കോളുകളുടെ എണ്ണം ശ്രദ്ധിച്ചപ്പോഴാണ് ഡൽഹി ഓഫീസിൽ കൺട്രോൾ റൂം തുറക്കാമെന്ന് കരുതിയത്. നമ്മുടെ പരിമിതികൾ പരിഗണിച്ച് തൃശൂർ ജില്ലയിൽ നിന്നുള്ളവർക്കാണ് പ്രയോറിറ്റി കൊടുക്കാമെന്ന് വിചാരിച്ചത്. മറ്റൊരു രാജ്യത്ത് നടക്കുന്ന സംഘർഷത്തിൽ നിന്ന് നമ്മുടെ രാജ്യക്കാരെ രക്ഷിച്ചുകൊണ്ടുവരിക എന്ന വലിയ നയതന്ത്ര ദൗത്യത്തിൽ ഒരു പാർലമെന്റ് അംഗത്തിന് നേരിട്ട് ചെയ്യാൻ കുറെയൊന്നുമില്ല എന്ന നല്ല ധാരണയുണ്ടായിരുന്നു. എങ്കിലും നമുക്കാവും വിധം വിദേശകാര്യ മന്ത്രാലയം, കീവിലെയും ബുഡാപെസ്റ്റിലെയും ഇന്ത്യയുടെ മിഷനുകളുമായും പോളണ്ട്, റൊമാനിയൻ അതിർത്തികളിലെ ലൈസൻ ഓഫീസർമാരുമായും ബന്ധപ്പെട്ടും വിവരങ്ങൾ ശേഖരിച്ചും യുക്രയിനിലെ വിദ്യാർത്ഥികളോട് സംസാരിച്ചും ആശങ്കാകുലരായ അവരെയും അവരുടെ രക്ഷിതാക്കളെയും സമാധാനിപ്പിക്കുക എന്നതായിരുന്നു പ്രധാന ദൗത്യം.

ഇന്നലെ രാവിലെ മുതൽ

ഇന്നലെ രാവിലെ മുതൽ അർധരാത്രി വരെയും ഇപ്പോൾ പുലർച്ചെ മുതലും കൺട്രോൾ റൂമിൽ വരുന്നത് നിരവധി അന്വേഷണങ്ങളാണ്. ഇതിനകം രണ്ടോ മൂന്നോ വിമാനങ്ങൾ യുക്രയിന്റെ അതിർത്തി രാജ്യങ്ങളിൽ നിന്ന് അതിർത്തി മുറിച്ചുകടന്ന നാനൂറോ അറുനൂറോ ആളുകളെയും കൊണ്ട് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. 20000ൽ അധികം വിദ്യാർത്ഥികളുടെ കൂട്ടത്തിൽ നിന്ന് ഇത്രയും കുറച്ചാളുകൾ ഇന്ത്യയിലെത്തിയപ്പോഴേക്കും ഓപ്പറേഷൻ ഗംഗ എന്നോ മറ്റോ പേരിട്ട ഈ ദൗത്യം ഗംഭീരമായി ആഘോഷിക്കുന്ന ദേശീയ മാധ്യമങ്ങളെയും ചില കേന്ദ്ര മന്ത്രിമാരെയും കണ്ടപ്പോൾ അതിശയം തോന്നിയതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ രാവിലെ മുതൽ കൺട്രോൾ റൂമിൽ വന്ന കോളുകളുടേയും അന്വേഷങ്ങളുടെയും ആകെത്തുകയാണ് പറയുന്നത്.

ഇന്നലെ പീച്ചിയിൽ നിന്ന് ഒരു രക്ഷിതാവ് വിളിച്ചു. എൺപത്തിയഞ്ച് കിലോമീറ്റർ നടന്ന് പോളണ്ട് അതിർത്തിയായ ഷെഹ്നായിൽ എത്തിയപ്പോൾ തടയപ്പെട്ട് മരം കോച്ചുന്ന തണുപ്പിൽ ഉപേക്ഷിക്കപ്പെട്ട മകളുടെയും കൂട്ടുകാരുടെയും ദയനീയതയാണ് അവർ പറഞ്ഞത്. നാല്പത്തിയെട്ട് കിലോമീറ്റർ കാൽനടയായി ഇതേ അതിർത്തി പോസ്റ്റിൽ എത്തിയ ഗുരുവായൂരിൽ നിന്നുള്ള വിദ്യാർത്ഥിയുടെ സഹോദരൻ ഇന്നലെ അർദ്ധ രാത്രിയാണ് വിളിച്ചത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുള്ള ഒരു ചാലക്കുടിക്കാരൻ ഇതുപോലെ നൂറുകണക്കിന് കിലോമീറ്റർ താണ്ടി ഇതേ അതിർത്തിയിൽ വന്ന് നില്പാണെന്ന് വിതുമ്പി പറയുന്ന അവരുടെ ഭാര്യ ഇന്നലെ ഉച്ചക്ക് വിളിച്ചു. ഷെഹ്നായി അതിർത്തിയിൽ ഇങ്ങനെ വന്നെത്തിയവരിൽ അധികവും ലേവിവ് പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. കീവും കാർഖിവുമൊക്കെ അപേക്ഷിച് ലേവിവ് സമാധാന സാഹചര്യമുള്ള ഇടമായിരുന്നു. അവിടെ നിന്ന് അതിർത്തിയിലെ ഈ കൊടും തണുപ്പിലേക്ക് വിളിച്ചു വരുത്തി അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടത് ഇന്ത്യൻ മിഷനിലെ ഉദ്യോഗസ്ഥരാണ്. അവരുടെ വാക്കുകേട്ട് അതിർത്തിയിൽ എത്തിയ വിദ്യാർഥികൾ അടക്കമുള്ളവരെ ഉത്തരവാദിത്വത്തോടെ സ്വീകരിക്കാൻ കഴിയാതെപോകുന്നത് വലിയ വീഴ്‍ചയാണ്. ഇന്ന് രാവിലെയും വിദേശകാര്യ മന്ത്രാലയത്തിൽ ബന്ധപ്പെടുമ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല എന്ന കുറ്റസമ്മതമാണ് കേൾക്കേണ്ടി വരുന്നത്.

ഒഡേസ, മിക്കലോവ്, സപ്രേഷ്യ, സുമി

വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം ആളുകൾ എത്തിപ്പെട്ടതോടെയാണ് അതിർത്തി അടച്ചിടേണ്ടി വന്നതെന്നാണ് പോളണ്ട് അധികൃതരുടെ പക്ഷം. എന്നാൽ അതിർത്തിക്കിരുപുറവും നിന്ന് കൃത്യമായി കാര്യങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യൻ പൗരന്മാരെ കണ്ടെത്താനും അവരെ അതിർത്തി കടത്താനും വലിയ തടസ്സമുണ്ടാകില്ലായിരുന്നു. അതിർത്തി കടത്തിയില്ലെങ്കിലും തണുപ്പ് കുറച്ചേൽക്കുന്ന ഏതെങ്കിലും സുരക്ഷിത സ്ഥലത്തേക്കെങ്കിലും അവരെ മാറ്റമായിരുന്നു.

ഒഡേസ, മിക്കലോവ്, സപ്രേഷ്യ, സുമി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിളിക്കുന്നവരോട് ഇപ്പോഴുള്ള സുരക്ഷിത സ്ഥലങ്ങളിൽ തന്നെ ക്ഷമിച്ചിരിക്കാനാണ് പറയുന്നത്. ഇതിൽ ഒഡേസയിലും മികലോവിലും അനേകം വിദ്യാർഥികളുള്ള സ്ഥലങ്ങൾക്കടുത്തുവരെ റഷ്യൻ ആക്രമണമുണ്ടായിട്ടുണ്ട്. ഇവിടെയൊക്കെ യുക്രയിൻ സൈന്യം പ്രതിരോധം തുടരുന്നതിനാൽ ശക്തമായ റഷ്യൻ ആക്രമണവും തുടരുമെന്ന ഭീതിയിലാണ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമുള്ളത്. മിക്കലോവ് ബ്ലാക് സീ സർവ്വകലാശാലയിൽ നിന്ന് ഒരുപാട് വിദ്യാർഥികൾ വിളിച്ചു. റഷ്യയോട് അടുത്ത് കിടക്കുന്ന സപ്രേഷ്യ, സുമി തുടങ്ങിയ പ്രവിശ്യകളിൽ നിന്നും നിരവധി അന്വേഷങ്ങളാണ് വരുന്നത്.

വിനീഷ്യയിൽ നിന്നുള്ള വിദ്യാർത്ഥികളോട് റൊമാനിയൻ അതിർത്തിയിലേക്ക് റോഡ് മാർഗ്ഗമോ അല്ലങ്കിൽ ഹങ്കരിയുടെ അതിർത്തിയിലേക്ക് ട്രെയിൻ മാർഗ്ഗമോ എത്താൻ അധികൃതർ പറഞ്ഞു. റൊമാനിയൻ അതിർത്തിയിലേക്ക് വാഹനമോടിക്കാൻ യുക്രയിൻകാർ പലരും തയ്യാറല്ലായിരുന്നു എന്നാണ് വിദ്യാർഥികൾ പറയുന്നത്, പിന്നീട് അവിടെയുള്ള ഒരു അറബ് കമ്യുണിറ്റി അവർക്ക് വാഹന സൗകര്യം തരപ്പെടുത്താമെന്ന് പറഞ്ഞപ്പോഴേക്കും റൊമാനിയൻ അതിർത്തി അടച്ചു. പിന്നീട് ആ കുട്ടികൾ ഹങ്കരിയിലേക്ക് ട്രെയിൻ കയറി. ഇന്ന് രാവിലെ അന്വേഷിക്കുമ്പോൾ അവർ ഉഷാരോടിലെ അതിർത്തി പോസ്റ്റിൽ നിന്ന് അധികൃതരോട് ബന്ധപ്പെടുമ്പോൾ അരദിവസമെങ്കിലും കാത്ത് നിൽക്കേണ്ടി വരുമെന്ന് പറഞ്ഞതായി വിദ്യാർത്ഥികൾ അറിയിച്ചു.

കീവിൽ നിന്നും ഖാർഖിവിൽ

പോളണ്ട് അതിർത്തിയിലുള്ളതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ റൊമാനിയൻ അതിർത്തിയിലുള്ളത്. ഇവനോ ഫ്രാങ്കിവികിൽ നിന്നുള്ള നൂറുകണക്കിന് മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാർ പലഭാഗങ്ങളിൽ നിന്നായി റൊമാനിയൻ അതിർത്തിയിൽ പെട്ടിരിക്കുകയാണ്. ഇവിടെയും അതിർത്തിയിലേക്ക് വിളിച്ചുവരുത്തി കൈമലർത്തിയ സ്ഥിതിയാണ്. മൾഡോവ, റൊമാനിയ, അൽബേനിയ തുടങ്ങിയ രാജ്യങ്ങൾക്ക് എല്ലാം കൂടി ഒരു മിഷനാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം വെച്ച് തൽക്കാലത്തേക്കെങ്കിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് സർക്കാർ ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. (Added later: റൊമാനിയൻ അതിർത്തിയായ പൊറൂബിനെ സിറേത് ഇപ്പോൾ (ഇന്ത്യൻ സമയം ഒൻപതേ കാലിന്) തുറക്കുകയും ഇന്ത്യക്കാരെ കടത്തിവിടുകയും ചെയ്തിട്ടുണ്ട് എന്നറിഞ്ഞു. ആശ്വാസം.)

കീവിൽ നിന്നും ഖാർഖിവിൽ നിന്നും വരുന്ന അന്വേഷണങ്ങളാണ് ഏറ്റവും സങ്കടകരം. കീവിൽ ഇപ്പോൾ കർഫ്യു ഉണ്ട്. വൈകുന്നേരങ്ങളിൽ പുറത്തിറങ്ങാനേ പറ്റില്ല. അവിടെ അധികമാളുകളും ബോഗോമോലെഡ്സ് സർവ്വകലാശാലയിൽ പഠിക്കുന്നവരാണ്. എല്ലാവർക്കും പറയാനുള്ളത് കൺമുന്നിൽ യുദ്ധം ഉണ്ടെന്ന ഭീതി മാത്രം. ഖാർഖിവിൽ ഷെല്ലാക്രണം ശക്തമാണ്. അവരുടെ കൈയ്യിലുള്ള ഭക്ഷണവും വെള്ളവും ആവശ്യ സാധനങ്ങളും തീർന്നു തുടങ്ങി. നിലവിൽ അവരോടൊക്കെ ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ ക്ഷമിച്ചിരിക്കാൻ മാത്രമാണ് പറയാൻ കഴിയുന്നത്. യുക്രയിനിന്റെ അകത്തുനിന്ന് ഒരു ഇവാക്വേഷൻ ഇല്ലാതെ കീവിലെയും ഖാർഖിവിലെയും ആളുകളെ നമുക്ക് തിരിച്ചെത്തിക്കാൻ പ്രയാസമാണ്. യുഎന്നിൽ ഇന്ത്യയുടെ നിലപട് ഇരുരാജ്യങ്ങളും ഒരുപോലെ അംഗീകരിച്ചു എന്ന വ്യഖ്യാനങ്ങൾ സർക്കാർ വൃത്തങ്ങൾ തന്നെ ആഘോഷിക്കുമ്പോൾ അവിടെയുള്ള ഓരോ ഇന്ത്യക്കാരനേയും ഇരുരാജ്യങ്ങളുമായി സംസാരിച്ചുറപ്പിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ എന്തേ ഉണ്ടാകാത്തത് എന്നത് ആലോചിക്കേണ്ട കാര്യമാണ്. സുമിയിലും സപ്രേഷയിലുമുള്ള ആളുകൾക്ക് അടുത്തുള്ള അതിർത്തി റഷ്യയാണ്. അങ്ങോട്ട് പോകുന്ന കാര്യം ആലോചിക്കാൻ തന്നെ പറ്റില്ല എന്നാണ് മന്ത്രാലയം പറയുന്നത്.

ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും

യുക്രയിനിലെ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും അവിടുത്തെ എംബസി ഒരു പരാജയമാണെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് ഉള്ളത്. അതിർത്തിയിലേക്കെത്താൻ പറയുന്നവരോട് സ്വന്തം ചിലവിലെത്താനാണ് മിഷൻ പറയുന്നത്. എവിടെയും ഭക്ഷണമോ വെള്ളമോ മറ്റു ആവശ്യവസ്തുക്കളോ വിതരണം ചെയ്യാൻ എംബസി വഴി ഇതുവരെ ഇന്ത്യൻ സർക്കാർ തുനിഞ്ഞിട്ടില്ലെന്ന് വിദ്യാർഥികൾ നിരാശരാകുന്നു. ഇപ്പോൾ ഡൽഹിയിലും ബോംബെയിലുമെത്തിയ വിദ്യാർത്ഥികളുടെ ബൈറ്റെടുത്ത് സർക്കാർ എല്ലാം ചെയ്യുന്നു എന്ന പ്രചരണം പൊള്ളയാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് കീവിലെയും ഖാർഖിവിലെയും സപ്രെഷയിലെയും സുമിയിലേയുമൊക്കെ വിദ്യാർഥികൾ അവർത്തിക്കുന്നത്.

പെട്ടെന്ന് നാട്ടിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽതന്നെ വെള്ളവും ഭക്ഷണവുമെങ്കിലും വിതരണം ചെയ്യാനും സുഖസുഖങ്ങൾ ആരായാനും സർക്കാരിന് ഉത്തരവാദിത്വമുണ്ടല്ലോ എന്നാണ് അവർ ചോദിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും ചെയ്യാൻ പറ്റുന്നില്ലെന്ന് ഇന്ന് രാവിലെയും വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള കുറ്റസമ്മതം കേട്ടു. സംഘർഷ കലുഷിതമായ മേഖലകളിലും അല്ലാത്തിടത്തും സ്ഥിതി സമാനമാണ്. കീവിൽ എങ്കിലും എംബസിക്ക് നോട്ടമുണ്ടായിരുന്നു. അവിടേക്ക് യുദ്ധം വ്യാപിച്ചതോടെ വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ് എംബസിയിൽ ഉള്ളതെന്ന് വിദ്യാർഥികൾ പറയുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ തന്നെയാണല്ലോ സർക്കാർ ആവശ്യമായി വരുന്നത്. അതിനാൽ കുറച്ചധികം ഗൗരവം വേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്.

ഹെൽപ്‌ലൈൻ സജീവമാണ്

ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെൽപ്‌ലൈൻ സജീവമാണ്. എങ്കിലും മലയാളത്തിൽ വിവരങ്ങൾ നൽകാൻ കഴിയുന്ന സ്റ്റാഫിന്റെ കുറവ് നന്നായി അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. അത്യാവശ്യ കോണ്ടാക്ടുകൾ അന്വേഷിച്ചു വിളിച്ചവരോട് അതൊക്കെ വെബ്‌സൈറ്റിൽ പോയി നോക്കണമെന്ന് പറയുന്ന പരുക്കൻ സംസാരങ്ങളും കേട്ട അനുഭവം ചിലർ വിളിച്ചുപറഞ്ഞു. സർക്കാർ കാര്യങ്ങളൊക്കെ കുറച്ചുകൂടി വേഗത്തിൽ ഉത്തരവാദിത്വത്തിൽ ചെയ്യണമെന്നാണ് അപേക്ഷ. ടേക് ഓഫ് സിനിമയിലെ ഫഹദ് ഫാസിലിനെ പോലുള്ളവരൊന്നും അവിടെ ഉണ്ടാവില്ലെന്നറിയാം. എന്നാലും അതിർത്തിക്കപ്പുറം പത്തുവാരയകലെ സമാധാനം കാണുന്ന ആളുകൾക്ക് അതിർത്തിവേലികളുടെ തടസ്സത്തിനുമുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന സാഹചര്യമെങ്കിലും ഒഴിവാക്കാൻ സർക്കാരിന് കഴിയണം.

English summary
I know there is no one like Fahadh Faasil : tn prathapan mp viral note on russia ukraine clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X