അതിവേഗ ട്രെയിന്‍: ആലപ്പുഴ- മലപ്പുറം- കാസർകോഡ് ജില്ലകള്‍ക്ക് അവഗണന,കേരളത്തില്‍ ഒമ്പത് സ്റ്റേഷനുകള്‍!!
കൊച്ചി: കേന്ദ്ര റെയില്‍വെ സഹമന്ത്രി കൊച്ചുവേളിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്ത അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനു മുമ്പേ വിവാദത്തില്‍. അതിവേഗ ട്രെയ്‌നായ അന്ത്യോദയ എക്‌സ്പ്രസിന് ജില്ലാ ആസ്ഥാനങ്ങളായ ആലപ്പുഴയിലും കാസര്‍കോഡും സ്റ്റോപ്പ് അനുവദിക്കാത്തതാണ് പ്രതിഷേധത്തിനിട നല്‍കിയത്. മലപ്പുറം ജില്ലയിലും സ്റ്റോപ്പില്ല.
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അന്ത്യോദയ്ക്ക് കൊച്ചുവേളി, കൊല്ലം, എറണാകുളം ജംങ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം എന്നീ ഒന്‍പതു സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. ആലപ്പുഴ വഴിയാണു ട്രെയിന്‍ കടന്നു പോകുന്നതെങ്കിലും കൊല്ലത്തിനും എറണാകുളത്തിനുമിടെ സ്റ്റോപ്പില്ല. വടക്കന്‍ കേരളത്തിനാണ് ഏറ്റവും കൂടുതല്‍ അവഗണന. കണ്ണൂര്‍ സ്റ്റേഷന്‍ വിട്ടാല്‍ കര്‍ണാടകയിലെ മംഗലാപുരത്ത് മാത്രമാണു സ്റ്റോപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഉള്‍പ്പെട്ട തെക്കന്‍ കേരളത്തില്‍ നിന്നു നൂറു കണക്കിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന കാസര്‍കോഡ് ജില്ലയെ പൂര്‍ണമായി തഴഞ്ഞു. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള കാസര്‍കോഡ് നിന്നു സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ തിരുവനന്തപുരത്തും എറണാകുളത്തും എത്തുന്നുണ്ട്. കാസര്‍കോഡ് റെയ്ല്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുംമെന്ന പ്രതീക്ഷയിലാണു യാത്രക്കാര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് വേണമെന്ന മുറവിളിയും ശക്തമാണ്.
തിരുവനന്തപുരം-മംഗലാപുരം പാതയില്‍ രണ്ടര മണിക്കൂറിന്റെ സമയ ലാഭമാണ് അതിവേഗ ട്രെയ്ന്‍ തുടങ്ങുന്നതോടെ ലഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്നു മംഗലാപുരത്തേക്ക് മലബാര്‍ എക്‌സ്പ്രസിന് 15.30 മണിക്കൂറും തിരുവനന്തപുരം-മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസിന് (പഴയ കണ്ണൂര്‍ എക്‌സ്പ്രസ്) 14.25 മണിക്കൂറും പരശുറാം എക്‌സ്പ്രസിന് 14.15 മണിക്കൂറും ഏറനാട് എക്‌സ്പ്രസിന് (ആലപ്പുഴ വഴി) 13.30 മണിക്കൂറുമാണ് റണ്ണിങ് ടൈം. ഇതേ സ്ഥാനത്തു 11.50 മണിക്കൂര്‍ കൊണ്ട് അന്ത്യോദയ ഓടിയെത്തും.
15 ശതമാനം അധിക നിരക്ക്
അതിവേഗ ട്രെയ്‌നായ അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസില്‍ സഞ്ചരിക്കാന്‍ എക്‌സ്പ്രസ് ട്രെയ്‌നുകളേക്കാള്‍ 15 ശതമാനം അധിക നിരക്കു നല്‍കണം. 18 കോച്ചുകളാണുള്ളത്. മുന്‍കൂട്ടി റിസര്‍വേഷന്‍ സൗകര്യം ലഭ്യമല്ല. എല്‍എച്ച്ബി കോച്ചുകളായതിനാല്‍ അത്യാധുനീക സൗകര്യങ്ങളാണുള്ളത്. കുഷ്യന്‍ ലഗേജ് റാക്ക്, കോട്ട് ഹുക്ക്, ശുദ്ധജലത്തിനുള്ള വാട്ടര്‍ പ്യൂരിഫയര്‍, തീ കെടുത്താനുള്ള ഫയര്‍ എക്സ്റ്റിങ്ഷ്വര്‍, ബയോ ടോയ്ലറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍-ലാപ്ടോപ്പ് ചാര്‍ജറുകള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട്. എയര്‍കണ്ടീഷന്‍ കോച്ചുകളില്ല.
സമയക്രമം
കൊച്ചുവേളി-മംഗലാപുരം 16355 അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ് (വ്യാഴം, ശനി):
കൊച്ചുവേളി 21.25, കൊല്ലം (22.25/22.28), എറണാകുളം ജംക്ഷന്‍(00.45/00.50),തൃശൂര്‍(02.06/02.08), ഷൊര്‍ണൂര്‍ (02.50/03.00), കോഴിക്കോട് (04.30/04.35), കണ്ണൂര്‍(06.15/06.20), മംഗലാപുരം (09.15).
മംഗലാപുരം-കൊച്ചുവേളി 16356 അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ് (വെള്ളി, ഞായര്‍):
മംഗലാപുരം (20.00), കണ്ണൂര്‍ ( 22.15/ 22.20), കോഴിക്കോട് ( 23.35/23.40 ), ഷൊര്‍ണൂര്‍ (01.30 /01.40 ), തൃശൂര്‍ (02.35 /02.37 ), എറണാകുളം ജംക്ഷന്‍ (04.05 / 04.10), കൊല്ലം (06.30 / 06.32) , കൊച്ചുവേളി ( 08.15 ).
ഉദ്ഘാടന ദിവസമായ ഇന്നു കൊച്ചുവേളിയില്‍ നിന്നു രാവിലെ 10.30നാണു കന്നി ഓട്ടം. രാത്രി 10.45നു മംഗലാപുരത്ത് എത്തും.












Click it and Unblock the Notifications