ഐഎന്‍എല്‍ പിളര്‍ന്നു... ഇനി മുന്നണിയ്ക്ക് പുറത്തേക്ക്, മന്ത്രിസ്ഥാനവും പോകും
കോഴിക്കോട്:ഐഎന്‍എലിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറനീക്കി പുറത്ത് വരികയും പാർട്ടി പിളർപ്പിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് ഇട്ട ഓഡിയോ പുറത്ത് വന്നത്.
പാര്‍ട്ടി പിളര്‍പ്പിലേക്ക് എന്ന് വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രവര്‍ത്തക സമിതി യോഗം വിളിക്കുന്ന അതേ ദിവസം തന്നെ സംസ്ഥാന പ്രസിഡന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിച്ചാല്‍ പിളര്‍പ്പ് പൂര്‍ത്തിയാകും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും ഇപ്പോഴത്തെ ഐഎന്‍എലിന്റെ ഭാവി? സൂചനകള്‍ ഇങ്ങനെയൊക്കെ ആണ്...

പിളര്‍പ്പ് പൂര്‍ണം
ഐഎന്‍എലിലെ അഭിപ്രായ ഭിന്നതകള്‍ പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് എത്തി നില്‍ക്കുകയാണിപ്പോള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും ചേര്‍ന്നുള്ള നീക്കങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ എതിര്‍പ്പുകള്‍ക്ക് വഴിവച്ചിരുന്നു. ഇത് തന്നെയാണ് ഇപ്പോള്‍ പിളര്‍പ്പിലേക്കും എത്തിക്കുന്നത്.

എന്ത് സംഭവിക്കും?
ഐഎന്‍എല്‍ പിളര്‍ന്നാല്‍ പിന്നെ എല്‍ഡിഎഫിലെ സ്ഥാനവും മന്ത്രിസ്ഥാനവും എന്താകുമെന്നാണ് ഇപ്പോഴുയരുന്ന ചര്‍ച്ച. പാര്‍ട്ടി പിളര്‍ന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമായി എല്‍ഡിഎഫില്‍ നിലനിര്‍ത്തുമോ? അങ്ങനെയെങ്കില്‍ അത് ഏത് വിഭാഗമാകും? ചോദ്യങ്ങള്‍ പലവിധമാണ്.

ഒരേയൊരു എംഎല്‍എ
ഐഎന്‍എലിന് ഒരേയൊരു എംഎല്‍എ മാത്രമാണുള്ളത്. നിലവില്‍ മന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍ ആണത്. കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണ് ദേവര്‍കോവില്‍. നിലവില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും ആണ്. എംഎല്‍എയും മന്ത്രിയും ആയ ആള്‍ ഉള്‍പ്പെടുന്ന വിഭാഗത്തെ ആയിരിക്കുമോ എല്‍ഡിഎഫ് മുന്നണിയില്‍ നിലനിര്‍ത്തുക?

സിപിഎമ്മിന്റെ താത്പര്യം
ഐഎന്‍എല്‍ അടുത്തിടെ സൃഷ്ടിച്ച വിവാദങ്ങളില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. കാസിം ഇരിക്കൂര്‍- അഹമ്മദ് ദേവര്‍കോവില്‍ അച്ചുതണ്ടിന്റെ പ്രവര്‍ത്തനങ്ങളാണ് വിമര്‍ശനത്തിന് വഴിവച്ചത്. പിഎസ് സി അംഗത്തിന്റെ നിയമനം, അദാനി ഗ്രൂപ്പുമായുള്ള ചര്‍ച്ച, പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച ആക്ഷേപങ്ങള്‍ തുടങ്ങിയവയാണ് ആക്ഷേപങ്ങള്‍ക്ക് വഴിവച്ചത്. അതുകൊണ്ട് തന്നെ കാസിം ഇരിക്കൂര്‍ വിഭാഗത്തിനോട് സിപിഎമ്മിന് താത്പര്യമില്ലെന്നാണ് സൂചന.

മുന്നണിയില്‍ നിന്ന് പുറത്തേക്ക്
ഐഎന്‍എല്‍ പിളര്‍ന്നാല്‍ രണ്ട് വിഭാഗത്തേയും തത്കാലം മുന്നണിയില്‍ നിന്ന് എല്‍ഡിഎഫ് മാറ്റിനിര്‍ത്തിയേക്കും എന്നും സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനവും നഷ്ടപ്പെടും. പക്ഷേ, എംഎല്‍എ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാന്‍ ആയേക്കും.

മറ്റു സാധ്യതകള്‍
ഐഎന്‍എലിലെ ഇടത് സ്വഭാവമുള്ള നേതാക്കള്‍ ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും എന്ന രീതിയില്‍ നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പിടിഎ റഹീമിന്റെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്ന് ഐഎന്‍എലില്‍ എത്തിയ നേതാക്കളും ഇതില്‍ ഒപ്പമുണ്ടാകും. പിടിഎ റഹീമും ഈ പാര്‍ട്ടിയുടെ ഭാഗമായേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.

റഹീം മന്ത്രിയാകും?
ഐഎന്‍എലിനെ മുന്നണിയില്‍ നിന്ന് ഒഴിവാക്കുകയും ംഅഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്താല്‍, പിടിഎ റഹീമിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ അത്തരം ഒരു സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കാത്തിരുന്നു കാണാം
എന്തായാലും, ഐഎന്‍എലിലെ പൊട്ടിത്തെറികളുടെ വിവരം അറിയാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് ഉറപ്പാണ്. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് വരേയോ പ്രവര്‍ത്തക സമിതി യോഗം വരെയോ മാത്രം കാത്തിരുന്നാല്‍ മതിയാകും.












Click it and Unblock the Notifications