ജെസ്‌ന തിരോധാന കേസ്; ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വീഴ്‌ചയുണ്ടായി, ഏതറ്റം വരെയും പോകുമെന്ന് പിതാവ്
കൊച്ചി∙ പ്രമാദമായ ജെസ്‌ന തിരോധാന കേസിലെ അന്വേഷണം സിബിഐ അവസാനിപ്പിച്ചെന്ന വാർത്തകൾക്കു പിന്നാലെ പ്രതികരിച്ച് പിതാവ് ജെയിംസ് ജോസഫ്. മകൾക്ക് എന്തു സംഭവിച്ചുവെന്ന് അറിയണമെന്ന് ജോസഫ് പറഞ്ഞു. ഇന്റർപോളിന്റെ സഹായത്തോടെ കൃത്യമായ അന്വേഷണം നടന്നെന്നു പറഞ്ഞ അദ്ദേഹം ആദ്യം അന്വേഷിച്ച ലോക്കൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായെന്നും കുറ്റപ്പെടുത്തി.
താനും ജെസ്‌നയുടെ സഹപാഠിയും നുണ പരിശോധനയ്ക്ക് വിധേയനായെന്നും ജെയിംസ് പറഞ്ഞു. അന്വേഷണം തുടക്കത്തിലെ പാളിയിരുന്നു. ലോക്കൽ പോലീസിന്റെ ഭാഗത്തുനിന്ന് വന്ന വീഴ്‌ച കേസിനെ സാരമായി ബാധിച്ചുവെന്നും ജെയിംസ് പറഞ്ഞു.

സിബിഐ ഉദ്യോഗസ്ഥർ ഇന്ന് രാവിലെയും വീട്ടിൽ വന്നിരുന്നു. സത്യം തെളിയാൻ ഏതറ്റം വരെയും പോകും. എന്തെങ്കിലും തെളിവ് ലഭിച്ചാൽ അന്വേഷണം തുടരുമെന്ന് സിബിഐ അറിയിവെന്നും, ജെസ്‌ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്‌ടമെന്നും ജെയിംസ് ജോസഫ് പ്രതികരിച്ചു.
അതേസമയം, ജെസ്‌ന തിരോധാന കേസിലെ അന്വേഷണം സിബിഐ അവസാനിപ്പിച്ചിരുന്നു. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും പെൺകുട്ടിക്ക് എന്താണ് സംഭവിച്ചെന്നതിന് തെളിവില്ലെന്നും സിബിഐ കോടതിയിൽ അറിയിച്ചു. നിർണായക വിവരങ്ങൾ ലഭിക്കാതെ കേസിൽ ഇനിയും മുന്നോട്ടു പോകാനാകില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
2018 മാര്‍ച്ച് 22നാണ് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞ് ജെസ്‌ന തന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസിലായിരുന്നു ജെസ്‌നയുടെ യാത്ര. ഇതിന് തെളിവുമുണ്ടായിരുന്നു. എന്നാൽ, പിന്നീട് ആരും ജെസ്‌നയെ കണ്ടിട്ടില്ല. മകളെ കാണാനില്ലെന്ന് മനസിലായതോടെ പിതാവ് ജെയിംസ് ജോസഫ് പോലീസിൽ പരാതി നൽകുകയായിരുന്നു.
2021 ഫെബ്രുവരിയിൽ ആയിരുന്നു കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റായിരുന്നു പ്രമാദമായ തിരോധാന കേസ് അന്വേഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ലൂക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ സിബിഐ പുറത്തിറക്കിയിരുന്നു. കൂടാതെ അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചെങ്കിലും അന്വേഷണ പുരോഗതി ഉണ്ടായില്ല.












Click it and Unblock the Notifications