കുറുക്കന്‍ കൂട്ടിലെ കോഴി: പിസി തോമസിന്റെ തിരിച്ചറിവ് ജോണിക്കുണ്ടാവാന്‍ എത്ര കാലമെടുക്കും: എംവി ജയരാജന്‍
കുറുക്കന്റെ കൂട്ടിലെത്തിയ കോഴിയെപ്പോലെയായിപ്പോയി ബി ജെ പി പ്രവേശനമെന്ന് പിസി തോമസ് തിരിച്ചറിഞ്ഞെന്നും ആ തിരിച്ചറിവ് ഉണ്ടാവാന്‍ ജോണി നെല്ലൂരിന് എത്ര നാളെടുക്കുമെന്നും സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. ദേശീയ പാർട്ടി രൂപീകരിക്കുമെന്ന ജോണിനെല്ലൂരിന്റെ പ്രസ്താവനയും ക്രിസ്ത്യൻ മിഷണറിമാർ ചതിക്കുമെന്നും ജാഗ്രതവേണമെന്നുമുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ പ്രതികരണവും ഒരേദിവസത്തിലായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു. ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...
കുറുക്കന്റെ കൂട്ടിലെത്തിയ കോഴിയെപ്പോലെയായിപ്പോയി ബി ജെ പി പ്രവേശനമെന്ന് പിസി തോമസ് തിരിച്ചറിഞ്ഞു. ജോണി നെല്ലൂരിന് ആ തിരിച്ചറിവുണ്ടാകാൻ എത്ര നാളുകളെടുക്കും? ബി ജെ പി ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയല്ല. ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസ്. നയിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ്. ജനാധിപത്യവും മതനിരപേക്ഷതയും അംഗീകരിക്കാത്തവർ. 1950ൽ രാജ്യം അംഗീകരിച്ച ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി ഭരണഘടനയായി നടപ്പാക്കാൻ പരിശ്രമിക്കുന്നവർ.

അവർ വേട്ടക്കാരാണ്. ആട്ടിൻതോലിട്ടാൽ ചെന്നായുടെ സ്വഭാവം മാറില്ല. ഈ തിരിച്ചറിവില്ലാത്തത് മൂലമാണ് പലരും ബി ജെ പിയിലേക്ക് ചേക്കേറാനായി നിൽക്കുന്നത്. റബ്ബറിന് 300 രൂപ കിട്ടിയാൽ ഒരു എം.പി.യെ നിങ്ങൾക്ക് നൽകുമെന്ന ഓഫർ വന്നപ്പോൾ കേന്ദ്ര മന്ത്രിയുടെ മറുപടി എന്തായിരുന്നു? കോൺഗ്രസ് സർക്കാറിന്റെ കാലത്ത് ഒപ്പിട്ട ആസിയാൻ കരാർ മൂലം റബ്ബർ ഇറക്കുമതി നിയന്ത്രിക്കാനോ നികുതികൂട്ടാനോ 300 രൂപ തറവില നിശ്ചയിക്കാനോ കേന്ദ്രസർക്കാറിന് കഴിയില്ലെന്നാണ്.
ഇതോർക്കുന്ന ആരെങ്കിലും കൃഷിക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ബി ജെ പിയിൽ പോകുമോ? അത് കുറുക്കന്റെ കൂട്ടിൽ പോകുന്ന കോഴിയുടെ അനുഭവമായിരിക്കും എന്ന കാര്യം മനസ്സിലാക്കാൻ കഴിയുന്നില്ലേ? യു ഡി എഫും കേരള കോൺഗ്രസ്സും വിട്ട് ഒരു ദേശീയ പാർട്ടി രൂപീകരിക്കുമെന്ന ജോണിനെല്ലൂരിന്റെ പ്രസ്താവനയും ക്രിസ്ത്യൻ മിഷണറിമാർ ചതിക്കുമെന്നും ജാഗ്രതവേണമെന്നുമുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ പ്രതികരണവും ഒരേദിവസത്തിലായിരുന്നു.
യു ഡി എഫ് സമ്പൂർണ്ണ തകർച്ചയിലെത്തിയാൽ കോൺഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ടാവില്ല. കാരണം അനിൽ ആന്റണി മുതൽ ജോണി നെല്ലൂർ വരെ എത്തിച്ചേരുന്നത് തങ്ങളുടെ തന്നെ ബി ടീമിലാണെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. 'കലത്തിൽ നിന്ന് കഞ്ഞിക്കലത്തിലേക്കുള്ള' മാറ്റം. ജോണിനെല്ലൂർ യു ഡി എഫിന്റെ അപ്രധാന നേതാവാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. യു ഡി എഫിൽ പ്രധാനനേതാക്കളാരും ഇല്ലാതെയാവുന്ന കാലം വിദൂരമല്ല!












Click it and Unblock the Notifications