ആലപ്പുഴയിലെ മുദ്രാവാക്യം, പിസി ജോര്‍ജ്, പ്രവാചക നിന്ദ... ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു
കൊച്ചി: നിയമം നടപ്പാക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെമാല്‍ പാഷ. പക്ഷപാത രഹിതമായി നിയമം നടപ്പാക്കേണ്ടതുണ്ടെന്നും പണമുള്ളവനും ഇല്ലാത്തവനും ഒരുപോലെ നീതി ലഭിക്കണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആലപ്പുഴയിലെ റാലിയില്‍ കുട്ടി വിളിച്ച മുദ്രാവാക്യം വലിയ വിവാദമായിരുന്നു. തുടര്‍ന്ന് കേസെടുത്ത പോലീസ് സംഘാടകരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു ജയിലിലിട്ടിരുന്നു.
കെമാല്‍ പാഷയുടെ വാക്കുകള്‍- ആലപ്പുഴയില്‍ ഒരു കുട്ടിയെ കൊണ്ട് തോന്നിവാസം പറയിപ്പിച്ചു, ശരിയാണ്, അതിന് ആവശ്യമുള്ള ശിക്ഷ വേണം. പക്ഷേ, അതെല്ലാം കഴിഞ്ഞ് അതിലും വലിയ വിദ്വേഷം പറഞ്ഞ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു. അയാള്‍ക്ക് വെളിയില്‍ ഇറങ്ങി നടക്കാം. പക്ഷേ, ആലപ്പുഴയിലെ സംഭവത്തില്‍ സംഘാടകരുള്‍പ്പെടെ 20ഓളം പേരെ അകത്തിട്ടിരിക്കുകയാണ്. ഇതിനൊക്കെ എവിടെ പറയും. ബിജെപിയിലെ രണ്ടു നേതാക്കള്‍ പ്രവാചക നിന്ദ നടത്തി. അവരെ ഇന്നുവരെ അറസ്റ്റ് ചെയ്‌തോ. ആളിനെ നിങ്ങള്‍ കാണിച്ചുതാ, നിയമം ഞാന്‍ പറഞ്ഞുതരാം എന്ന രീതിയിലേക്ക് മാറുകയാണ്. നിര്‍മാതാവ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാത്തതും വീഴ്ചയാണ്. പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ. സാധാരണക്കാരന് ദുബായില്‍ പോയി ഒളിച്ചിരുന്ന് ഇതുപോലെയുള്ള തോന്നിവാസം കാണിക്കാന്‍ സധിക്കുമോ എന്നും കെമാല്‍ പാഷ ചോദിക്കുന്നു.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലാണ് കുട്ടി വിളിച്ച മുദ്രാവാക്യം വിവാദമായത്. തുടര്‍ന്ന് സംഘടനയുടെ സംസ്ഥാന ട്രഷറര്‍, സംസ്ഥാന സമിതി അംഗം, ജില്ലാ പ്രസിഡന്റ്, മറ്റു ജില്ലാ, ഡിവിഷന്‍ നേതാക്കള്‍, കുട്ടിയുടെ പിതാവ്, കുട്ടിയെ തോളിലേറ്റിയ വ്യക്തി എന്നിവരുള്‍പ്പെടെ 20ല്‍പ്പരം ആളുകളെ അറസ്റ്റ് ചെയ്തു ജയിലിലിട്ടിരിക്കുകയാണ്.
പിസി ജോര്‍ജ് രണ്ടിടത്താണ് വിദ്വേഷ പ്രസംഗം നടത്തിയത്. തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിലാണ് ആദ്യം പ്രസംഗിച്ചത്. ഇതില്‍ കേസെടുക്കുകയും അറസ്റ്റിലാകുകയും ചെയ്തു. തൊട്ടുപിന്നാലെ ജാമ്യം ലഭിച്ചു. ശേഷം എറണാകുളം വെണ്ണലയിലെ ക്ഷേത്ര പരിപാടിയോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലും സമാനമായ പ്രസംഗം നടത്തിയെന്ന് ആരോപണമുയര്‍ന്നു. ഇതോടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റിലാകുകയും ചെയ്തു. പിന്നീട് ഹൈക്കോടതി പ്രായം പരിഗണിച്ച് പിസി ജോര്‍ജിന് ജാമ്യം നല്‍കുകയായിരുന്നു.
ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മയും ഡല്‍ഹിയിലെ നേതാവ് നവീന്‍ കുമാര്‍ ജിന്‍ഡാലുമാണ് പ്രവാചകനെ അവഹേളിച്ച് സംസാരിച്ചത്. അന്തര്‍ദേശീയ തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇരുവരെയും ബിജെപി സസ്‌പെന്റ് ചെയ്തു. എന്നാല്‍ രണ്ടു പേരെയും അറസ്റ്റ് ചെയ്തിട്ടില്ല. നുപുര്‍ ശര്‍മ മുങ്ങിയിരിക്കുകയാണ് എന്നാണ് പോലീസ് നല്‍കുന്ന വിവരം.












Click it and Unblock the Notifications