കെ.സി. വേണുഗോപാലിനെ 13ാം ‘മുഖ്യമന്ത്രിയാക്കി’-കേമനാരെന്ന മത്സരത്തിൽ പുസ്തകം, പാട്ട്, വിഡിയോ...
ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി മുതിർന്ന നേതാക്കൾക്കിടയിൽ വടംവലി പുരോഗമിക്കവേ, കെ.സി. വേണുഗോപാലിനെ കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയാക്കിയത് വിവാദമായി. കെ.സി. വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലാണ് അദ്ദേഹം 13-ാമത് കേരള മുഖ്യമന്ത്രിയാണെന്ന വിവരണം പ്രത്യക്ഷപ്പെട്ടത്. ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയിൽ മനഃപൂർവ്വം ആരോ വരുത്തിയ മാറ്റമാണിതെങ്കിലും മുഖ്യമന്ത്രി പദത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഈ ഭാഗം പേജിൽ നിന്ന് നീക്കം ചെയ്തു.
വേടനെ കുടുക്കിയത് ലഹരി മാഫിയ, പ്രസവ വേദന മനസിലാക്കാത്ത വിഡ്ഢിയല്ല ഞാന്‍: അഖില്‍ മാരാര്‍
ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായതോടെ കോൺഗ്രസ് ക്യാമ്പ് സജീവമായെങ്കിലും മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള പടയൊരുക്കം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നേതാക്കൾ ചേരിതിരിഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകളെ നിര്‍ദേശിക്കുന്നത് ഗ്രൂപ്പ് പോരിന്റെ വക്കത്ത് വരെ കാര്യങ്ങളെത്തിച്ചു. തെരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിട്ട കോൺഗ്രസിൽ പല ഗ്രൂപ്പായി തിരിഞ്ഞ് തർക്കം മൂർച്ഛിക്കാഞ്ഞത് സാധ്യതാ പട്ടികയിലുള്ള നേതാക്കൾ നേരിട്ട് ഇക്കാര്യങ്ങളിൽ പ്രതികരിക്കാഞ്ഞതുകൊണ്ടാണ്. എങ്കിലും അവർ അണിയറയിൽ നീക്കങ്ങൾ സജീവമാക്കുന്നുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളുടെ വിയോജിപ്പൊന്നും കാര്യമാക്കാതെയാണ് മുഖ്യമന്ത്രി പദവിക്ക് നേതാക്കളും അണികളും കിണഞ്ഞുശ്രമിക്കുന്നത്.

പരസ്യമായുള്ള മുഖ്യമന്ത്രി ചർച്ചകൾ തത്ക്കാലം ഒതുങ്ങിയെന്ന് കരുതുമ്പോഴാണ് വിക്കിപീഡിയ വഴി പുതിയ വിവാദം അരങ്ങേറിയത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങൾ പുതിയ തലങ്ങളിലേക്ക് മാറിയതായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഫലം വരുന്നതിന് മുമ്പ് പ്രതിച്ഛായ വർധിപ്പിക്കാനുള്ള പലതരം ശ്രമങ്ങളും തന്ത്രങ്ങളും നേതാക്കളും അണികളും തുടരുകയാണ്. പൊതുജനമധ്യത്തിൽ താനാണ് കേമനെന്ന് തെളിയിക്കാൻ മുഖ്യമന്ത്രി സ്ഥാനാർഥികളായി അണികൾ ഉയർത്തിക്കാട്ടുന്ന കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ ശ്രമിക്കുന്നുണ്ട്. ഇതിനായി വിഡിയോകളും പാട്ടും പുസ്തകങ്ങളുമൊക്കെയായി നിറഞ്ഞുനിൽക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന്റെ ബാക്കിപത്രമായാണ് വിക്കിപീഡിയയിലെ വിവരണവും കണക്കാക്കപ്പെടുന്നത്.
രമേശ് ചെന്നിത്തലയെ വാഴ്ത്തി 'ജനനായകൻ’ എന്ന വിഡിയോ പുറത്തുവന്നത് ഇമേജ് വർധിപ്പിക്കൽ ശ്രമത്തിന്റെ ഭാഗമായാണ്. ചെന്നിത്തലയുടെ ജീവചരിത്രം വ്യക്തമാക്കുന്ന നിലയിൽ പ്രസംഗങ്ങളും വാർത്തസമ്മേളനങ്ങളുമൊക്കെ ഉൾപ്പെടുത്തിയ വിഡിയോയാണ് പുറത്തിറക്കിയത്. 2005ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ പാര്‍ട്ടിയുടെ രക്ഷകനായത് ചെന്നിത്തലയാണെന്ന് വിഡിയോയിൽ പരാമർശവുമുണ്ട്. ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ 'കേരള യാത്ര’ എന്ന പോഡ് കാസ്റ്റും ചെന്നിത്തല പരീക്ഷിക്കുന്നുണ്ട്. ഇതിനായി പുതിയ യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കുറിച്ച ഡോക്യുമെന്ററി ഷൂട്ട് അവസാനഘട്ടത്തിലാണ്. വേണുഗോപാലിനെ പ്രകീര്‍ത്തിച്ച് ഗാനവും പുറത്തിറക്കിയിട്ടുണ്ട്. വേണുഗോപാലിന്റെ ജീവചരിത്രവും ഉടന്‍ പുറത്തുവരുമെന്നാണ് വിവരം. ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി 'നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ’ എന്ന തന്റെ പുസ്തകം വേണുഗോപാൽ അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നിയമസഭ, രാജ്യസഭ, ലോക്സഭ പ്രസംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണിത്.
കേരളം ചുട്ടുപൊള്ളുന്നു; പകൽ 11 മുതൽ 3 വരെ 'സെൽഫ് ലോക്ക്ഡൗൺ, മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകവും അണിയറയിൽ ഒരുങ്ങുകയാണ്. ഇതിനുപുറമെ ഓരോ നേതാക്കളെയും ഉയർത്തിക്കാട്ടുന്ന എ.ഐ വിഡിയോകളും വാർത്തസമ്മേളനങ്ങളും റീൽസുകളുമെല്ലാം പ്രചരിക്കുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് തൽക്കാലം മാറി നിൽക്കാനാണ് സതീശൻ പക്ഷത്തിന്റെ തീരുമാനം. ഘടകകക്ഷികളായ ലീഗ് അടക്കമുള്ളവർ നിർണ്ണായക ഘട്ടത്തിൽ തങ്ങളെ തുണയ്ക്കുമെന്നാണ് സതീശൻ പക്ഷത്തിന്റെ കണക്കുകൂട്ടൽ. ലോബി വർക്കുകൾ നടത്താതെ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി ഹൈക്കമാൻഡിനെ സമീപിക്കാനാണ് ഇവരുടെ നീക്കം. മറ്റ് ഗ്രൂപ്പുകളിലെ പല എംഎൽഎമാരും തങ്ങളോടൊപ്പമാണെന്ന് സതീശൻ പക്ഷം അവകാശപ്പെടുന്നുമുണ്ട്.












Click it and Unblock the Notifications