സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ എതിര്‍ത്തിരുന്നെന്ന് മുരളി; 'കാരണങ്ങള്‍ രണ്ട്'
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ താന്‍ എതിര്‍ത്തിരുന്നു എന്ന് വെളിപ്പെടുത്തലുമായി കെ മുരളീധരന്‍. സന്ദീപ് വാര്യരുടെ രണ്ട് നിലപാടുകളെയാണ് താന്‍ എതിര്‍ത്തിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചതായിരുന്നു ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു.
സന്ദീപ് വാര്യരുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് വരുന്നതൊക്കെ സ്വാഭാവികമാണ്. നാളെ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ജോര്‍ജ് കുര്യനും വന്നാലും ഞാന്‍ സ്വീകരിക്കും,' മുരളീധരന്‍ പറഞ്ഞു. ഇന്നലെ അല്‍പം പരിഹാസത്തോടെയായിരുന്നു സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തോട് മുരളി പ്രതികരിച്ചിരുന്നത്.

അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വെറുപ്പിന്റെ കടയില്‍ അംഗത്വം തേടി പോകരുതെന്നും സ്‌നേഹത്തിന്റെ കടയില്‍ തന്നെ അംഗത്വം നിലനിര്‍ത്തണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വെറുപ്പിന്റെ കടയില്‍ നിന്നും സ്‌നേഹത്തിന്റെ കടയിലേക്ക് എത്തി എന്ന സന്ദീപിന്റെ പരാമര്‍ശത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'സന്ദീപ് കോണ്‍ഗ്രസിലേയ്ക്ക് എത്തിയത് ടിവിയില്‍ കണ്ടു. അതെന്തായാലും നന്നായി.
പലരും കോണ്‍ഗ്രസ് വിടുമെന്ന് പറയുമ്പോള്‍ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുന്‍പ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നിരുന്നെങ്കില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് പോകാമായിരുന്നു,' മുരളീധരന്‍ ചൂണ്ടിക്കാട്ടി. രാഹുലിനെ ശക്തമായി വിമര്‍ശിച്ചിരുന്ന ആളാണ് സന്ദീപെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ കാശ്മീരിലേയ്ക്കല്ല, ആന്‍ഡമാന്‍ നിക്കോബാറിലേയ്ക്ക് യാത്ര വേണ്ടതെന്നും അവിടെ സവര്‍ക്കറെ തടവില്‍ പാര്‍പ്പിച്ച മുറിയില്‍പ്പോയി നമസ്‌കരിച്ച് ക്ഷമാപണം നടത്തണം എന്ന് സന്ദീപ് പറഞ്ഞിരുന്ന കാര്യവും മുരളി ഓര്‍മപ്പെടുത്തിയിരുന്നു. രാഹുലിനെ കോട്ടയ്ക്കലില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്ന് പറഞ്ഞയാളാണ് സന്ദീപ്.
ഗാന്ധിയെ കൊന്നതല്ല വെടികൊണ്ടപ്പോള്‍ മരിച്ചതാണെന്ന പറഞ്ഞയാളാണ് സന്ദീപ് വാര്യര്‍. അതൊക്കെ ബിജെപിക്ക് വേണ്ടി പറഞ്ഞതാണെന്നാണ് സന്ദീപ് ഇപ്പോള്‍ പറയുന്നത് എന്നും എങ്കിലും അദ്ദേഹത്തിന്റെ പഴയകാര്യ ചരിത്രത്തെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല എന്നുമാണ് മുരളീധരന്‍ പറഞ്ഞത്. ഇനിയുള്ള എല്ലാ കാലഘട്ടങ്ങളിലും രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്നു മാത്രമേ താന്‍ പറയുന്നൂള്ളൂ എന്നും മുരളി പറഞ്ഞിരുന്നു.












Click it and Unblock the Notifications