കർണാടക എംഎല്‍സി തിരഞ്ഞെടെുപ്പ്: കോണ്‍ഗ്രസിലും ബിജെപിയിലും തർക്കം രൂക്ഷം
ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസില്‍ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക രാഷ്ട്രീയ പാർട്ടികൾ തിങ്കളാഴ്ച വൈകീട്ടോടെ പ്രഖ്യാപിച്ചേക്കും. കൗൺസിലിൽ ഒഴിവുള്ള ഏഴ് സീറ്റുകളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ജൂൺ മൂന്നിന് തെരഞ്ഞെടുപ്പ് നടക്കും. ഏഴ് അംഗങ്ങളുടെ കാലാവധി ജൂൺ 14ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തില്‍ ഭരണകക്ഷിയായ ബി ജെ പിയിലും പ്രതിപക്ഷമായ കോണ്‍ഗ്രസിലും വലിയ തർക്കമാണ് രൂപപ്പെട്ടത്. കോൺഗ്രസിലെ വടംവലി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തമ്മിലുള്ള പരസ്യ പോരിലേക്കും നയിച്ചു. ഇരുവരും തങ്ങളുടെ സ്ഥാനാർത്ഥികളുടെ പട്ടിക ഹൈക്കമാൻഡിന് അയച്ചതായിട്ടാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്.

കൗൺസിലിലെ മുൻ പ്രതിപക്ഷ നേതാവ് എസ്.ആർ പാട്ടീലിന് ടിക്കറ്റ് നൽകുന്നതിനെച്ചൊല്ലിയാണ് കോൺഗ്രസ് നേതാക്കളായ ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. പാട്ടീലിനെ വീണ്ടും മത്സരിപ്പിക്കണം, അദ്ദേഹം വടക്കൻ കർണാടകയിൽ നിന്നുള്ള ലിംഗായത്താണെന്നും അത് പാർട്ടിയെ സഹായിക്കുമെന്നുമാണ് സിദ്ധരാമയ്യ പറയുന്നത്. അതേസമയം സമുദായത്തിലെ മറ്റേതെങ്കിലും നേതാവിന് അവസരം നൽകണമെന്നാണ് ശിവകുമാറിന്റെ ആവശ്യം.അതേസമയം, രാജ്യസഭാംഗം മല്ലികാർജുൻ ഖാർഗെയും നടപടികളിൽ സജീവമായി ഇടപെടുകയും തന്റെ അനുയായി ടിപ്പണ്ണ കാമകനൂറിന് ടിക്കറ്റ് ഉറപ്പാക്കാന്‍ ചരട് വലികള്‍ നടത്തുകയും ചെയ്യുന്നു.
അതേസമയം, ന്യൂനപക്ഷ ക്വാട്ടയിൽ ഇത്തവണ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾക്ക് അവസരം നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ബി ജെ പിയിൽ മുൻ മുഖ്യമന്ത്രി യദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയുടെ കാര്യത്തിലും പാർട്ടി ഇതുവരെ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല.
പാർട്ടിക്കുള്ളിലെ യെദ്യൂരപ്പയുടെ ബദ്ധശത്രുക്കൾ വിജയേന്ദ്ര കുടുംബ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് പുതിയ അധികാര കേന്ദ്രം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ് സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർക്കുകയാണ്. അതേസമയം ജെഡി(എസ്) നേതാക്കൾ വിഷയം മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യെദ്യൂരപ്പയുടെ പങ്കാളിത്തത്തെ ഈ തീരുമാനം നേരിട്ട് ബാധിക്കുമെന്നതിനാൽ പാർട്ടി വലിയ ആലോചനയിലാണുള്ളത്.
യെദ്യൂരപ്പ തന്റെ മകനെ എം.എൽ.സിയായി തിരഞ്ഞെടുത്തതിന് ശേഷം ഒരു പ്രമുഖ കാബിനറ്റ് പദവിയിലേക്ക് കൊണ്ടുവരാനാണ് നീക്കം. ഇതിലൂടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ പ്രധാന പങ്ക് വഹിക്കുമെന്ന് ഉറപ്പാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അതേസമയം മകനിലൂടെ യെദ്യൂരപ്പ വീണ്ടും പാർട്ടിയെ ഹൈജാക്ക് ചെയ്യുമെന്ന ഭയത്തിലാണ് പാർട്ടിയിലെ എതിർപക്ഷം.
ബിജെപി എംഎൽസിയും മുൻ ഡിസിഎമ്മുമായ ലക്ഷ്മൺ സംഗപ്പ സവാദി, കോൺഗ്രസ് എംഎൽസി രാമപ്പ തിമ്മാപൂർ, അല്ലം വീരഭദ്രപ്പ, ജെഡി(എസ്) എംഎൽസി എച്ച്.എം. രമേഷ് ഗൗഡ, കോൺഗ്രസ് എം.എൽ.സി വീണ അച്ചയ്യ, ജെ.ഡി (എസ്) എം.എൽ.സി കെ.വി. നാരായണസ്വാമിയും ബിജെപി എംഎൽസി ലെഹർ സിങ്ങും എന്നിവരുടെ കാലാവധിയാണ് ജൂണ്‍ 14 ന് കഴിയുന്നത്.
നിയമസഭയിലെ എംഎൽഎമാരുടെ എണ്ണം കണക്കാക്കുമ്പോള്‍ ഭരണകക്ഷിയായ ബിജെപി കൗൺസിലിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ബിജെപിക്ക് നാല് സീറ്റും കോൺഗ്രസിന് രണ്ട് സീറ്റും ജെഡി(എസ്) ഒരു സീറ്റും നിലനിർത്താന്‍ സാധിച്ചേക്കും.












Click it and Unblock the Notifications