കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്
തൃശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ എ സി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി എന്നാണ് വിവരം. എ സി മൊയ്തീന്‍ വീട്ടില്‍ തന്നെയുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി തെക്കുംകരയിലുള്ള മൊയ്തീന്റെ വീട്ടിലെത്തി പരിശോധന നടത്തുന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്. പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നതായുള്ള പരാതിയാണ് അന്വേഷിക്കുന്നത്. മൊയ്തീനുമായി ബന്ധമുള്ളവര്‍ ബാങ്കില്‍ വായ്പാ ഇടപാട് നടത്തിയതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

എന്നാല്‍ കേസ് അന്വേഷിച്ചിരുന്ന സംസ്ഥാന പൊലീസ് ഇക്കാര്യം പരിശോധിച്ചിരുന്നില്ല. ഇഡിയും കേസ് അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പരിശോധന. മൊയ്തീന്‍ സി പി എം ജില്ലാ കമ്മിറ്റി യോഗത്തിന് പങ്കെടുക്കാനായി പോകാന്‍ ഒരുങ്ങുമ്പോഴാണ് ഇ ഡി പരിശോധനക്ക് എത്തിയത്. മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയില്‍ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നതായി റിപ്പോര്‍ട്ട്.
ഇവിടേയും രാവിലെ തുടങ്ങിയ പരിശോധന തുടരുകയാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി കെ ചന്ദ്രന്റെയും മൊയ്തീന്റേയും പങ്ക് അന്വേഷിക്കണമെന്ന് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ടി ആര്‍ സുനില്‍ കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. സുനില്‍ കുമാര്‍ കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു.
പരമ്പരാഗത സിപിഎം കുടുംബത്തിലെ അംഗമാണ് ഇയാള്‍. ഭരണ സമിതി തീരുമാനമെടുത്ത് വരുന്ന ഫയലുകളില്‍ ഒപ്പിടുക മാത്രമേ മകന്‍ ചെയ്തിട്ടുള്ളൂ എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. പൊറത്തിശ്ശേരി, മാപ്രാണം ലോക്കല്‍ കമ്മിറ്റികളും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും തീരുമാനിച്ചിട്ടാണ് വായ്പകള്‍ അനുവദിക്കുന്നത്. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളില്‍ പാര്‍ട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാന്‍ തീരുമാനിച്ചിരുന്നു.
അത് ഈ നേതാക്കളുടെ അറിവോടെയാണെന്നാണ് രാമകൃഷ്ണന്‍ ആരോപിച്ചിക്കുന്നത്. എന്നാല്‍ തട്ടിപ്പുകാരന്റെ അച്ഛന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല എന്നായിരുന്നു ഇതിനോട് മൊയ്തീന്‍ പ്രതികരിച്ചത്. 2016 ല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറിയതാണ് താനെന്നും ആരോപണങ്ങളില്‍ പൊലീസ് അന്വേഷിച്ചു നടപടിയെടുക്കട്ടെ എന്നുമായിരുന്നു മൊയ്തീന്‍ പറഞ്ഞത്.












Click it and Unblock the Notifications