സ്ഥാനാർഥി നിർണയം: മുസ്ലിം ലീഗിനുള്ളിൽ ഭിന്നത രൂക്ഷം, അനുനയിപ്പിക്കാൻ നേതൃത്വം
സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവഹാജിയടക്കമുള്ള നേതാക്കളും സ്ഥാനാർഥി നിർണയത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗിനുള്ളിൽ ഉടലെടുത്ത ഭിന്നത നേതൃത്വത്തിന് വെല്ലുവിളിയാകുന്നു. സ്ഥാനാർഥി നിർണയം കുറ്റമറ്റതാണെന്ന് വിലയിരുത്തുമ്പോഴും പ്രവർത്തകർക്കിടയിൽ പല മണ്ഡലങ്ങളിലും എതിർ അഭിപ്രായമുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവഹാജിയടക്കമുള്ള നേതാക്കളും സ്ഥാനാർഥി നിർണയത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

പരസ്യ പ്രതിഷേധവുമായി സംസ്ഥാന വൈസ് പ്രസിഡന്റ്
രാജ്യസഭാ സീറ്റ് നല്‍കാമെന്നായിരുന്നു ബാവഹാജിക്ക് ലീഗ് നല്‍കിയ വാഗ്ദാനം. അതല്ലെങ്കില്‍ നിയമസഭാ സീറ്റില്‍ പരിഗണിക്കാമെന്നും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇത് രണ്ടും നടക്കാതായതോടെയാണ് സി.പി. ബാവഹാജി തന്റെ പ്രതിഷേധം പരസ്യമാക്കിയത്. ഇക്കാര്യം നേതൃത്വത്തെ ബാവഹാജി അറിയിക്കുകയും ചെയ്തു. അതേസമയം ബാവഹാജിയുമായി സംസ്ഥന നേതൃത്വം ഇന്ന് ചർച്ച നടത്തും.

ബാവഹാജി പാർട്ടി വിട്ടേക്കും
ബാവഹാജിക്ക് പിന്തുണ അറിയിച്ച് തവനൂരിലെ ഒരു വിഭാഗം പ്രവർത്തകരും രംഗത്തെത്തിയതോടെ വിമത നീക്കത്തിനുള്ള സാധ്യതകളും തെഴിഞ്ഞുവരുകയാണ്. ബാവഹാജി പാർട്ടി വിട്ടേക്കുമെന്നും വാർത്തകളുണ്ട്. ജനപ്രതിനിധികളടക്കം പ്രവർത്തകരുടെ വലിയ പിന്തുണ ഹാജിക്കുണ്ട്. തന്നെ സ്ഥാനാർഥിയായെ പരിഗണിച്ചെ തീരുവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബാവഹാജി.

കളമശേരിയിലും പ്രതിഷേധം
കളമശ്ശേരിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിനെതിരെ ജില്ലാ നേതൃത്വം തന്നെയാണ് പരസ്യമായി രംഗത്തെത്തിയത്. സ്ഥാനാർഥിയെ അടിച്ചേൽപ്പിച്ചാൽ പ്രചാരണത്തിന് ഇറങ്ങില്ലെന്നും നേതാക്കൾ വ്യക്തമാക്കുന്നു. ജില്ലാ നേതൃത്വം നൽകിയ പേരുകൾ വെട്ടിമാറ്റിയാണ് സംസ്ഥാന കമ്മിറ്റി ഗഫൂറിനെ കളമശ്ശേരിയിൽ സ്ഥാനാര്‍ത്ഥിയാക്കിയത്. പാലാരിവട്ടം പാലം അഴിമതി പ്രചാരണ രംഗത്ത് സജീവമാകും എന്നതിനാൽ ഇബ്രാഹീം കുഞ്ഞിനെയോ മകനെയോ സ്ഥാനാര്‍ഥിയാക്കരുതെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

പതിവ് തെറ്റിച്ച് പാണക്കാട്
സാധാരണ ഗതിയിൽ മുസ്ലിം ലീഗിലെ അവസാന വാക്ക് പാണക്കാട് തങ്ങളുടേതാണ്. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളോ ഭിന്നതകളോ ഉണ്ടായാലും അത് പാണക്കാട് തങ്ങളുടെ അഭിപ്രായത്തിന് മുകളിൽ പോകാറില്ല. എന്നാൽ ഇത്തവണ പതിവ് തെറ്റി. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുക മാത്രമല്ല പ്രവര്‍ത്തകര്‍ പാണക്കാട് എത്തുകയും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി തെരുവില്‍ ഇറങ്ങുകയും ചെയ്തു.

ഒടുവിൽ നൂർബിനയെ അംഗീകരച്ച് മണ്ഡലം കമ്മിറ്റി
കോഴിക്കോട് സൗത്തിലെ വനിതാ സ്ഥാനാർഥി നൂർബിന റഷീദിനെതിരായ പ്രതിഷേധം അയഞ്ഞു. നൂർബിന റഷീദിനെ അംഗീകരിക്കുന്നെന്ന് നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സ്ഥാനാർഥിയായി നൂർബിന റഷീദിനെ പ്രഖ്യാപിച്ചതിനെതിരെ മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു. നൂർബിനയുടെ സ്ഥാനാർഥിത്വം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഭാരവാഹികൾ അറിയിച്ചത്. യോഗം ചേർന്ന് നൂർബിനയുടെ സ്ഥാനാർഥിത്വത്തെ എതിർക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ലീഗ് നേതൃത്വം വിഷയത്തിൽ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications