കണക്കുകൂട്ടലിന്റെ അവസാന ലാപ്പിൽ അങ്കലാപ്പ്- ആശങ്കയുടെ കരിനിഴൽ ഇടത് ഘടക കക്ഷികളിലും
തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന കണക്കുകൂട്ടലിന്റെ അവസാന ലാപ്പിൽ ഇടതുമുന്നണിയിലെ ഘടക കക്ഷികളും അങ്കലാപ്പിലാണ്. വിജയം പത്ത് സീറ്റിലേക്ക് ചുരുങ്ങുമെന്ന് വിലയിരുത്തിയ സിപിഐക്ക് പിന്നാലെ ഇടതുമുന്നണിയിലെ ചെറുകക്ഷികളിലും ആശങ്കയുടെ കരിനിഴൽ വീശുന്നുണ്ട്. 24 സീറ്റുകളിലാണ് ഇക്കുറി പ്രധാന ഘടക കക്ഷികൾ മത്സരിച്ചതെങ്കിലും എത്ര സീറ്റ് ഉറപ്പിക്കാമെന്ന കാര്യത്തിൽ ആത്മവിശ്വാസത്തോടെയുള്ള മറുപടി പലരിൽ നിന്നും ഉയരുന്നില്ല.'കടുത്ത മത്സരം’, 'നേരിയ മേൽക്കൈ’ തുടങ്ങിയ പ്രയോഗങ്ങളിൽ അഭയം തേടുകയാണ് നേതാക്കൾ. ഘടക കക്ഷി സീറ്റുകളായ തിരുവനന്തപുരം, കോവളം, കാസർകോട് അടക്കമുള്ളിടങ്ങളിൽ ഇക്കുറി ഇടത് സ്വതന്ത്രരെ മത്സരത്തിനിറക്കിയത് വിജയിക്കുമോയെന്നത് കണ്ടറിയണമെന്ന വിലയിരുത്തലുമുണ്ട്.
ശരിക്കും 'സ്ട്രോങ്'- ഇവിഎം സൂക്ഷിക്കുന്ന മുറി എങ്ങിനെ തുറക്കാം? ആരൊക്കെ വേണം?
12 സീറ്റുകളിൽ മത്സരിച്ച പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി വിഭാഗം ഉറപ്പായി വിജയിക്കുമെന്ന് കണക്കുകൂട്ടുന്നത് മൂന്ന് സീറ്റാണ്. ചെയർമാൻ ജോസ് കെ. മാണിയുടെ പാലായേക്കാൾ അവർ വിജയപ്രതീക്ഷയിൽ ഒന്നാം സ്ഥാനത്ത് നിർത്തിയിരിക്കുന്നത് എൻ. ജയരാജ് മത്സരിച്ച കാഞ്ഞിരപ്പള്ളിയെ. മണ്ഡലത്തിന്റെ പൊതുസ്വഭാവം യുഡിഎഫിന് അനുകൂലമെങ്കിലും റാന്നിയിൽ പ്രമോദ് നാരായണൻ 'കട്ടയ്ക്ക് കട്ട’ എന്ന വിലയിരുത്തലുണ്ട്. ഇടുക്കിയിൽ റോഷി അഗസ്റ്റിന്റെ കാര്യത്തിലും ആശങ്കയുണ്ട്. സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ ), ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി)എന്നിവർ കടുത്ത മത്സരം നേരിട്ടതായാണ് വിലയിരുത്തൽ.

പി.ജെ. ജോസഫ് മകൻ അപുവിന് കൈമാറിയ തൊടുപുഴയിൽ ഇക്കുറിയും മാണി വിഭാഗം വലിയ പ്രതീക്ഷ പുലർത്തുന്നില്ല. പ്രചാരണത്തിൽ സിറിയക് ചാഴിക്കാടന് മേൽക്കൈ നേടാനായില്ലെന്ന വിലയിരുത്തൽ നേരത്തേ തന്നെയുണ്ടായിരുന്നു. പിറവത്തും പെരുമ്പാവൂരിലും ചാലക്കുടിയിലും ഇരിക്കൂറിലുമെല്ലാം സമാന സാഹചര്യമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
വടകര, കൽപറ്റ, കൂത്തുപറമ്പ് സീറ്റുകളിൽ മത്സരിച്ച ആജെഡി നേരിയ വിജയ പ്രതീക്ഷ പുലർത്തുന്നത് കൂത്തുപറമ്പിൽ പി.കെ. പ്രവീണിലാണ്. കഴിഞ്ഞ തവണ 9,541 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത് മുൻനിർത്തിയാണ് ഈ വിലയിരുത്തൽ. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ചിറ്റൂരിലും എറണാകുളത്തും തിരുവല്ലയിലുമാണ് മത്സരിച്ചത്. മത്സരം കടുപ്പമേറിയതായിരുന്നെങ്കിലും തിരുവല്ലയിൽ മാത്യു ടി.തോമസ് വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പടിയിറങ്ങിയ കൃഷ്ണൻകുട്ടി വിജയിച്ച ചിറ്റൂരിൽ ഇക്കുറി അഡ്വ. കെ. മുരുകദാസ് കടുത്ത മത്സരമാണ് നേരിട്ടത്. എറണാകുളത്തും സമാനമാണ് സ്ഥിതി. പതിവായി നാലാം സീറ്റായി ലഭിക്കാറുള്ള കോവളത്ത് തർക്കത്തെ തുടർന്ന് ഇക്കുറി ഇടതു സ്വതന്ത്രൻ ജനവിധി തേടിയതിനാൽ വിജയിച്ചാലും അത് ഐഎസ്ജെഡിയുടെ ക്രഡിറ്റിൽ വരില്ല. എൻസിപിക്കായി മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിച്ച എലത്തൂരിലും തോമസ് കെ. തോമസ് മത്സരിച്ച കുട്ടനാട്ടിലും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്.
വിവാദം 'സ്ട്രോങ്' ആണ്; അന്തിമ വോട്ടിങ് ശതമാനം വരെ സംശയ നിഴലില് നിര്ത്തി പ്രതിപക്ഷം
എലത്തൂരിൽ കഴിഞ്ഞ തവണ 38,502 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതാണ് എ.കെ ശശീന്ദ്രന് ആത്മവിശ്വാസമേകുന്നത്. എന്നാൽ, പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്ന എതിർപ്പ് ഇത്തവണ ആശങ്ക ഉയർത്തിയിട്ടുണ്ട്. കുട്ടനാട്ടിൽ രാഷ്ട്രീയ സാഹചര്യങ്ങൾ കഴിഞ്ഞ തവണത്തേക്കാൾ സങ്കീർണമായത് വെല്ലുവിളിയാണ്.
കോൺഗ്രസ് എസിന്റെ സിറ്റിങ് സീറ്റായ കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കേരള കോൺഗ്രസ്-ബിയുടെ സിറ്റിങ് സീറ്റായ പത്തനാപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറും വിജയിക്കാൻ അൽപം വിയർക്കേണ്ടി വരുമെന്ന കണക്കുകൂട്ടലാണ്. ആർഎസ്പി ലെനിനിസ്റ്റ് പ്രതിനിധിയായി കോവൂർ കുഞ്ഞുമോൻ മത്സരിച്ച കുന്നത്തൂരിലും രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ട്. കോഴിക്കോട് സൗത്തിൽ ഐഎൻഎൽ വിജയ പ്രതീക്ഷ വെച്ചുപുലർത്തുന്നുമുണ്ട്.












Click it and Unblock the Notifications