Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും

കോട്ടയം: വളരും തോറും പിളരും, പിളരും തോറും വളരും എന്ന രാഷ്ട്രീയ രാസപ്രക്രിയ കേരളത്തിന് അത്ഭുതമേ അല്ലാതാക്കിയത് കേരള കോൺഗ്രസാണ്. 62ാം വയസ്സിലേക്ക് നടന്നടുക്കുന്ന കേരള കോൺ​ഗ്രസ് ഇക്കാലയളവിൽ വലുതും ചെറുതുമായി പിളർന്നത് 13ലധികം തവണയാണ്. ആറിലധികം തവണ ലയിക്കുകയും ചെയ്തു. കേരള കോൺഗ്രസിന്റെ വളക്കൂറുള്ള മണ്ണിൽ പിറന്നത് ഏഴോളം പുതിയ പാർട്ടികൾ. ജന-സാമുദായിക പിന്തുണകൊണ്ട് വളർന്നും തളർന്നും മുന്നേറുന്ന കേരള കോൺഗ്രസുകളുടെ നീക്കങ്ങൾ പ്രാധാന്യത്തോടെ നിരീക്ഷിക്കപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് കാലം കൂടി വരുമ്പോൾ ആറ് പതിറ്റാണ്ട് പിന്നിടുന്ന അവയുടെ ചരിത്രവും ചർച്ചയാകുകയാണ്. ​

പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ​ജോസഫ്; തൊടുപുഴയിൽ മകൻ അപു
1962ൽ മുഖ്യമന്ത്രി പട്ടം താണുപിള്ള രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് ആർ. ശങ്കറിന്‍റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ കേരളത്തിൽ അധികാരത്തിലേറി. പി.ടി ചാക്കോ ആയിരുന്നു ആഭ്യന്തര മന്ത്രി. ശങ്കറും ചാക്കോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അധികാര വടംവലിയും കോൺഗ്രസിനുള്ളിൽ ഒരു ആഭ്യന്തര കലാപത്തിന് കോപ്പുകൂട്ടുന്ന കാലം. ഈ അന്തഃപ്പുര യുദ്ധം രൂക്ഷമായിരിക്കെയാണ് 1963ൽ പീച്ചിയിലേക്കുള്ള യാത്രക്കിടെ പി.ടി ചാക്കോ സഞ്ചരിച്ച കാർ ഒരു ഉന്തുവണ്ടിയിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്കേൽക്കുന്നത്. എന്നാൽ, ചാക്കോയുടെ കാർ നിർത്താതെ പോയി. ആ കാറിൽ ചാക്കോയ്ക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നെന്ന വാർത്ത പുറംലോകമറിഞ്ഞു. ചാക്കോയെ കടന്നാക്രമിക്കാൻ ഈ അവസരം പാർട്ടിയിലെ എതിരാളികൾക്ക് ധൈര്യമേകി. 1964 ഫെബ്രുവരി 20ന് ചാക്കോയുടെ രാജിയിലേക്കാണ് ഇത് നയിച്ചത്. ആൾരൂപം കൊണ്ടും ജനപിന്തുണ കൊണ്ടും അതികായനായ ചാക്കോ നേരിട്ട തിരിച്ചടി അവിടെയും തീർന്നില്ല. ഇതിന് പിന്നാലെ നടന്ന കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും തോറ്റു.

keralacongressmandkmmani

പി.ടി ചാക്കോക്കെതിരായ നീക്കം പാർട്ടിയിലെ ഗ്രൂപ്പ് ഗൂഢാലോചന ആണെന്ന് വിശ്വസിക്കുകയും ആരോപിക്കുകയും ചെയ്ത അനുയായികൾ കോൺഗ്രസിൽ നിന്ന് മാനസികമായി അകന്നു. അങ്ങനെ കെ.എം. ജോർജിന്‍റെ നേതൃത്വത്തിൽ 15 എം.എൽ.എമാർ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ തീരുമാനിച്ചതോടെയാണ് എല്ലാത്തിന്റേയും തുടക്കം. ഇതിന് പിന്നാലെ സെപ്റ്റംബറിൽ അവിശ്വാസ പ്രമേയം കൊണ്ടുവരികയും ആർ. ശങ്കർ മന്ത്രിസഭ നിലംപതിക്കുകയും ചെയ്തു.

മന്നത്ത് പദ്മനാഭൻ പ്രഖ്യാപിച്ചു- 'കേരള കോൺഗ്രസ്’

1964 ഒക്ടോബർ ഒമ്പതിന് കോട്ടയം തിരുനക്കര മൈതാനത്ത് ചേർന്ന സമ്മേളനത്തിൽ എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭൻ കെ.എം. ജോർജ് ചെയർമാനായ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു- 'കേരള കോൺഗ്രസ്’. നാലുമാസം കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കേരള കോൺഗ്രസും പടക്കിറങ്ങി. ഒറ്റക്ക് 25 സീറ്റ് നേടി കരുത്ത് തെളിയിക്കുകയും ചെയ്തു.

കോട്ടയം ഡി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ച്കെ.എം. മാണിയും കേരള കോൺഗ്രസിലെത്തി.പാലായിൽ നിന്ന് നിയമസഭാംഗവുമായി. 1975ലെ അച്യുതമേനോൻ മന്ത്രിസഭയിൽ പങ്കാളിയാകാൻ കേരള കോൺഗ്രസിന് അവസരം ലഭിച്ചു. ഇതോടെ ആരെല്ലാം പാർട്ടിയെ പ്രതിനിധീകരിച്ച് മന്ത്രിമാരാകണമെന്ന ചർച്ച ഉയർന്നു. ചെയർമാനായ കെ.എം. ജോർജിനായിരുന്നു മുൻതൂക്കം. പക്ഷേ, പാർട്ടിയിൽ ഇരട്ടപദവി പാടില്ലെന്ന വാദവുമായി കെ.എം. മാണി രംഗത്തെത്തി. തുടർന്ന് മാണിയും ജോർജിന്‍റെ പിന്തുണയോടെ ആർ. ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി. മാണിയുടെ തന്ത്രം മനസിലാക്കിയ കെ.എം. ജോർജ്, ബാലകൃഷ്ണപിള്ളയെ പാർട്ടി ചെയർമാനാക്കുകയും തുടർന്ന് മന്ത്രിയാകുകയും ചെയ്തു. കെ.എം. ജോർജിന്റെ മരണത്തോടെ ബാലകൃഷ്ണപിള്ളയും മാണിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി. 1976ൽ കെ.എം. മാണി കേരള കോൺഗ്രസ് പിളർത്തി. കേരള കോൺഗ്രസിനെ നടുവെ മുറിച്ച ആദ്യ പിളർപ്പായിരുന്നു അത്.

1979ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ ഭാഗമായി മത്സരിച്ച ബാലകൃഷ്ണപിള്ളക്ക് രണ്ടും മാണി വിഭാഗത്തിന് 20ഉം സീറ്റ് ലഭിച്ചു. ഇതിനിടെ പാർട്ടി ചെയർമാനെ തെരഞ്ഞെടുത്തതിൽ മാണി വാക്കുപാലിച്ചില്ലെന്ന ആരോപണവുമായി പി.ജെ. ജോസഫ് രംഗത്തെത്തി. ഇതോടെ പാർട്ടി പിളർത്തിയ കെ.എം. മാണി കേരള കോൺഗ്രസ് (എം) എന്ന പുതിയ പാർട്ടിക്ക് രൂപം നൽകി. കേരളം സാക്ഷിയായ കേരള കോൺഗ്രസിലെ രണ്ടാമത്തെ പിളർപ്പ്.

ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി
1980ൽ മാണിയും പിള്ളയും ലയിക്കുകയും 82ലെ യു.ഡി.എഫ് മന്ത്രിസഭയിൽ ഇരുവരെയും കൂടാതെ പി.ജെ. ജോസഫും ടി.എം. ജേക്കബും അംഗങ്ങളാവുകയും ചെയ്തു. ഇരുവിഭാഗമായി നിലകൊണ്ട മാണി‍യും ജോസഫും 1985ൽ വീണ്ടും ഒന്നിച്ചു. എന്നാൽ, ഈ ലയനത്തിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. 1987ൽ മാണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പുറത്തുവന്ന ജോസഫ് മൂന്നാമത്തെ പിളർപ്പിന് വഴിവെച്ചു.

പിളർപ്പും പുതുപ്പിറവിയും തുടർക്കഥ

1989ൽ പി.ജെ. ജോസഫും ബാലകൃഷ്ണപിള്ളയും തമ്മിൽ പിളർന്നു. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) എന്ന പുതിയ പാർട്ടിക്ക് രൂപം നൽകി. 1993ൽ ഉൾപാർട്ടി ജനാധിപത്യവും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടുള്ള കെ.സി. ജോസഫിന്‍റെ പോരാട്ടം പുതിയ പാർട്ടി രൂപവത്കരണത്തിലാണ് കലാശിച്ചത്. ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം മാത്യു എന്നീ നാല് എം.എൽ.എമാരും കെ.സി ജോസഫിനൊപ്പം ചേർന്നു. 1995ൽ കേരള കോൺഗ്രസ് ബി പിളർത്തി ജോസഫ് എം. പുതുശേരി, ഒ.വി ലൂക്കോസിനെ ചെയർമാനാക്കി പുതിയ പാർട്ടി രൂപവത്കരിച്ചു. ഇതോടെ കേരള കോൺഗ്രസിലെ പിളർപ്പുകൾ ആറക്കം തികച്ചു.

ഇതിനിടെ, കേരള കോൺഗ്രസ് എമ്മിൽ മാണിയും പി.ടി. ചാക്കോയുടെ മകൻ പി.സി. തോമസും തമ്മിലുള്ള അകൽച്ച വർധിച്ചു വന്നു. 2001ഓടെ മാണി പുറത്താക്കിയ പി.സി. തോമസ് ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി രൂപവത്കരിച്ചു. 2003ൽ പി.ജെ. ജോസഫ് വിഭാഗത്തെ പിളർത്തി പി.സി. ജോർജ് കേരള കോൺഗ്രസ് സെക്കുലർ എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്ന് 2004ൽ യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച ടി.എം. ജേക്കബ് കെ. കരുണാകരന്‍റെ ഡി.ഐ.സിയിലൂടെ എൽ.ഡി.എഫിൽ ചേക്കേറാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ കേരള കോൺഗ്രസ് ജേക്കബ് എന്ന പാർട്ടിയുമായി തിരിച്ചെത്തി.

മാണിയുടെ ശത്രുക്കൾ ഒന്നിച്ചു, പിന്നെ ഒപ്പം ചേർന്നു

2005ലാണ് മാണിയുടെ ശത്രുക്കൾ ഒന്നിക്കുന്നത്. പി.സി. തോമസ് വിഭാഗം പി.ജെ. ജോസഫിന്‍റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിൽ ലയിച്ചു. അത്തവണത്തെ മുവാറ്റുപുഴ ലോക്സഭാ സീറ്റിൽ എൻ.ഡി.എ സ്ഥാനാർഥിയായി മൽസരിച്ച പി.സി. തോമസ് ജോസ് കെ. മാണിയെ തോൽപിച്ച് മാണിയോടുള്ളപ്രതികാരം വീട്ടി. മാണിയുടെ ശത്രുക്കളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. വാജ്പേയ് സർക്കാറിൽ തോമസ് മന്ത്രിയായി. പിന്നീട്, മതത്തിന്‍റെ പേരിൽ വോട്ട് ചോദിച്ചെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ പി.സി. തോമസിന്‍റെ വിജയം റദ്ദാക്കിയത് മറ്റൊരു ചരിത്രം.

2009ൽ വർഷങ്ങൾ നീണ്ട പിണക്കത്തിന് അന്ത്യം കുറിച്ച് പി.സി ജോർജ് മാണിയുടെ കേരള കോൺഗ്രസ് എമ്മിൽ ലയിച്ചു. അങ്ങനെ ജോർജ് മാണി വിഭാഗത്തിന്‍റെ ഏക ഉപാധ്യക്ഷനായി. എന്നാൽ, ജോർജിന്‍റെ നീക്കത്തെ എതിർത്ത ടി.എസ് ജോണും കൂട്ടരും കേരള കോൺഗ്രസ് സെക്കുലറിൽ ഉറച്ചു നിന്നു.

2010ൽ ജോസഫുമായുള്ള ബന്ധം അവസാനിപ്പിച്ച പി.സി. തോമസ് പഴയ കേരള കോൺഗ്രസുമായി രംഗത്തെത്തി. അതിനിടെ, 23 വർഷം നീണ്ട പിണക്കം അവസാനിപ്പിച്ച് മാണി വിഭാഗത്തിലെത്തിയ പി.ജെ. ജോസഫ് പാർട്ടിയുടെ വർക്കിങ് ചെയർമാനായി. 2015ഓടെ പി.സി. തോമസുമായുള്ള ബന്ധത്തിന് അന്ത്യം കുറിച്ച സ്കറിയ തോമസ് വിഭാഗം എൽ.ഡി.എഫിലെത്തി. 2016ൽ മാണിയുമായി ഇടഞ്ഞ കെ.എം. ജോർജിന്‍റെ മകൻ ഫ്രാൻസിസ് ജോർജും കെ.സി. ജോസഫും ആന്‍റണി രാജുവും ജനാധിപത്യം കേരള കോൺഗ്രസ് രൂപവത്കരിച്ച് ഇടതുമുന്നണിയിൽ ചേക്കേറി. ഫ്രാൻസിസ് ജോർജ് പിന്നെ പി.ജെ. ജോസഫിനൊപ്പമെത്തി.

2011ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയപ്പോഴാണ് മന്ത്രിസ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിൽ വീണ്ടും ഏറ്റുമുട്ടൽ തുടങ്ങുന്നത്. കെ.എം മാണിയും പി.ജെ. ജോസഫും മന്ത്രിമാരായപ്പോൾ പി.സി. ജോർജിന് കിട്ടിയത് ചീഫ് വിപ്പ് പദവി. ഇതോടെ ജോർജ് പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തി. സംസ്ഥാനത്ത് വീശിയടിച്ച ബാർ കോഴ വിവാദം ആയുധമാക്കി നീക്കം നടത്തിയ ജോർജിനെ പദവിയിൽനിന്ന് മാണി നീക്കി. മാണിയുമായി തെറ്റിയ ജോർജ് 'കേരള ജനപക്ഷം' എന്ന പുതിയ പാർട്ടിയുമായി രംഗത്തെത്തി പിന്നീട് എൻ.ഡി.എയുമായി കൂട്ടുകൂടി.

2014ൽ കേരള കേൺഗ്രസ് (എം) പിളർന്ന് നോബിൾ മാത്യു, കുരുവിള മാത്യു തുടങ്ങിയവർ ചേർന്ന് കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) രൂപവത്കരിച്ച് എൻ.ഡി.എയുടെ ഭാഗമായി. പിന്നെ മൂന്നായി പിളർന്നു. ഒരു വിഭാഗം ലോക്‌ജനശക്‌തി പാർട്ടിയിൽ ലയിച്ചു.നോബിൾ മാത്യു നേതൃത്വം നൽകിയിരുന്ന വിഭാഗം ബി.ജെ.പിയിലും ലയിച്ചു.

മാണി വിഭാഗം എൽ.ഡി.എഫിലേക്ക്

2016ൽ യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് മാണി വിഭാഗം നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിന്നു. രണ്ട് വർഷത്തിന് ശേഷം തിരികെ യു.ഡി.എഫിലെത്തുകയും ചെയ്തു. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ പി.ജെ. ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങളുടെ അധികാര വടംവലി ആരംഭിച്ചു. ജോസഫിനെ എതിർത്ത അണികൾ ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തു. തർക്കം കോടതി കയറി. ഇതിനിടെ പാലാ ഉപതെരഞ്ഞെടുപ്പിലെ ജോസ് കെ. മാണിയുടെ സ്ഥാനാർഥിയായ ജോസ് ടോമിന് പി.ജെ. ജോസഫ് പാർട്ടി ചിഹ്നമായ രണ്ടില അനുവദിച്ചില്ല. ഇതോടെ ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ചയുടെ ആഴം വർധിപ്പിച്ചു. യു.ഡി.എഫ് വിട്ട മാണി വിഭാഗം എൽ.ഡി.എഫിന്‍റെ ഭാഗമായി.

2020ൽ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളർന്നു. ജോണി നെല്ലൂർ വിഭാഗം പി.ജെ. ജോസഫ്​ വിഭാഗത്തിൽ ലയിക്കാൻ തീരുമാനിച്ച് ജേക്കബ്​ വിഭാഗം വൈസ്​ ചെയർമാൻ ജോർജ്​ ജോസഫ്​​ ലയനപ്രമേയം അവതരിപ്പിച്ചു​. 2023ൽ മുൻ എം.എൽ.എ ജോണി നെല്ലൂർ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി തെറ്റിപിരിഞ്ഞു.

2021ൽ ആർ. ബാലകൃഷ്ണപിള്ള രൂപം കൊടുത്ത കേരള കോൺഗ്രസ് ബി പിളർന്നു. കെ.ബി. ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹൻദാസിനെ പിളർന്ന വിഭാഗത്തിന്‍റെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തു. നിലവിൽ കോൺഗ്രസ് ബി എൽ.ഡി.എഫിന്‍റെ ഭാഗമാണ്.

2024 ഏപ്രിലിൽ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ ജോസഫ് വിഭാഗം കോട്ടയം ജില്ല അധ്യക്ഷനും യു.ഡി.എഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ പാർട്ടിവിട്ടു. കേരള കോൺഗ്രസ് (ഡെമോക്രാറ്റിക്) എന്ന പുതിയ പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുടെ ഭാഗമായി. എൻ.ഡി.എയിൽ നിന്നുള്ള 'അവഗണന’ കാരണം മുന്നണി വിട്ട് പി.വി. അൻവറിനൊപ്പം കൈ കോർത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി. സജി മടങ്ങിതോടെ കുരുവിള മാത്യൂസ് ചെയര്‍മാനായുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് മാത്രമാണ് എൻ.ഡി.എക്കൊപ്പമുള്ളത്. 2024 ജനുവരി 31ന് മുൻ എം.എൽ.എയും ചീഫ് വിപ്പുമായ പി.സി. ജോർജ് ചെയർമാനായ ജനപക്ഷം സെക്യുലർ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു.

മിക്ക പ്രാദേശിക പാർട്ടികളും വിവിധ സംസ്ഥാനങ്ങളിൽ ഒറ്റക്ക് അധികാരത്തിലേറുന്നത് ഇന്ത്യ കണ്ടതാണ്. എന്നാൽ, ഷ​ഷ്ടി​പൂ​ർ​ത്തി​യിലെത്തിയിട്ടും കേരള കോൺഗ്രസിന് ആ രാഷ്ട്രീയ ഭാഗ്യം ഉണ്ടാകാത്തതിന് കാരണം ആറ് പതിറ്റാണ്ടത്തെ ചരിത്രത്തിലൂ​ടെ കണ്ണോടിച്ചാൽ കണ്ടെത്താനാകും. 'ഒറ്റക്ക് കേരളം ഭരിക്കുക' എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമാണെങ്കിലും ഓരോ തെരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് കേരള കോൺഗ്രസുകളുടെ നിലപാടുകളിലേക്കും ചുവടുമാറ്റത്തിലേക്കുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+