പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു
പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ്. കേരള രാഷ്ട്രീയത്തില്‍ സുപ്രധാന പങ്കുവഹിച്ച ഒരു നേതാവിന്‍റെ പാർലമെന്‍ററി ജീവിതമാണ് ഈ തീരുമാനത്തോടെ അവസാനിക്കുന്നത്. 84 വയസ്സുള്ള പി.ജെ. ജോസഫ് കഴിഞ്ഞ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ സാമാജികനായിരുന്നു. അരനൂറ്റാണ്ടുകാലത്തെ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പി.ജെ ജോസഫ് പിൻവാങ്ങുമ്പോൾ അദ്ദേഹം പത്തുതവണ നിയമസഭയിൽ പ്രതിനിധീകരിച്ച തൊടുപുഴ മണ്ഡലത്തിൽ മകൻ അപു ജോൺ ജോസഫ് ആണ് മത്സരിക്കുന്നത്. നിലവിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ് അപു ജോണ്‍ ജോസഫ്. പാർട്ടി ചെയർമാനായി പി.ജെ. ജോസഫ് തുടരും. പാർട്ടി മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി
ആരോഗ്യപരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറുന്നതെന്നും പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും ജോസഫ് പറഞ്ഞു. കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുൻ എംഎൽഎ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ നൽകിയിരിക്കുന്നത്.

ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥിപ്പട്ടിക ഇങ്ങനെയാണ്- 1.തൊടുപുഴ- അപു ജോൺ ജോസഫ്, 2.കോതമംഗലം- ഷിബു തെക്കുംപുറം, 3.ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടൻ, 4.കടുത്തുരുത്തി- മോൻസ് ജോസഫ്, 5.ചങ്ങനാശ്ശേരി- വിനു ജോബ്, 6.തിരുവല്ല- വർഗീസ് മാമൻ, 7.കുട്ടനാട്- റെജി ചെറിയാൻ, 8.കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളിയിൽ.
തൊടുപുഴയിൽ ജോസഫ് ഗ്രൂപ്പ് ആകെ വീണത് രണ്ട് തവണയാണ്. അതും കോൺഗ്രസ് നേതാവ് പി.ടി. തോമസിന് മുന്നിൽ. 1970ൽ കന്നിയങ്കത്തിൽ തന്നെ പി.ജെ.ജോസഫ് ഇവിടെ ജയിച്ചതാണ്. പിന്നീട് 1977,80,82,87 തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ചു. കേരള കോൺഗ്രസ് എൽഡിഎഫിലെത്തിയ 1991ൽ പി.ടി.തോമസ് മണ്ഡലം പിടിച്ചെടുത്തു. ജോസഫ്ഗ്രൂപ്പിലെ പി.സി.ജോസഫിനെ 1092 വോട്ടുകൾക്ക് മറികടന്നാണ് പി.ടി. വിജയക്കൊടി പാറിച്ചത്. 1996ലെ തീപാറിയ പോരാട്ടത്തിൽ പി.ജെ. ജോസഫ് ഒരിക്കൽകൂടി ആധിപത്യംനേടി. 2001ൽ പക്ഷേ, വിജയം പി.ടി. തോമസിനൊപ്പം നിന്നു. 2006ൽ പി.ജെ വീണ്ടും തൊടുപുഴ തിരിച്ചുപിടിച്ചു. പിന്നീട് യുഡിഎഫിലേക്ക് മാറിയ 2011ലും 2016ലും 2021ലും വിജയം ആവർത്തിച്ചു.
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്
1968ൽ കേരള കോൺഗ്രസിലൂടെയാണ് പി.ജെ. ജോസഫിന്റെ രാഷ്ട്രീയ പ്രവേശം. 1978ൽ എ.കെ. ആന്‍റണി മന്ത്രിസഭയിലാണ് അദ്ദേഹം ആദ്യമായി മന്ത്രിയായത്. ഏകദേശം 8 മാസത്തോളം അദ്ദേഹം ആഭ്യന്തരം കൈകാര്യം ചെയ്തു. പിന്നീട് കെ.എം. മാണിക്കുവേണ്ടി മന്ത്രി സ്ഥാനം രാജിവെച്ചു. 1981ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം റവന്യൂ മന്ത്രിയായി. പിന്നീട് 1996 മുതൽ 2001 വരെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി. 2006-2010 കാലയളവില്‍ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ഹ്രസ്വകാല പൊതുമരാമത്ത് മന്ത്രിയായി.
അപു ജോൺ ജോസഫ് മുന്‍നിരയിലേക്ക് വരുന്നത് പാര്‍ട്ടി നേതൃത്വത്തില്‍ ചലനാത്മകത കൊണ്ടുവരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സംസ്ഥാന കോര്‍ഡിനേറ്ററായതിനുശേഷം അപു പാര്‍ട്ടി പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. നിലപാടിലെ വ്യക്തതയും വാക്കിലെ സൗമ്യതയുമായി പാർട്ടി പ്രവർത്തകർക്ക് ഏറെ പ്രിയങ്കരനാണ് അപു. താൻ മക്കൾ രാഷ്ട്രീയത്തിന്റെ ഉൽപന്നമല്ലെന്ന കൃത്യമായ സന്ദേശം അണികൾക്ക് നൽകുന്നതിലും അപു വിജയിച്ചിട്ടുണ്ട്. 'രണ്ടു പതിറ്റാണ്ടോളമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. താഴെത്തട്ടിൽ നിന്നു പ്രവർത്തിച്ചു മികവു തെളിയിച്ചാൽ മാത്രം മുകളിലേക്കു വരാം എന്നായിരുന്നു അച്ഛന്റെ നിലപാട്. അങ്ങനെ തന്നെയാണു വന്നതും’ – അപു പറയുന്നു.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയ അപു 15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം, സ്റ്റിയറിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഐടി ആൻഡ് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും യൂത്ത് ഫ്രണ്ടിന്റെ ചുമതലയുള്ള പാർട്ടി ഉന്നതാധികാര സമിതിയംഗവുമാണ്.
ഡിജിറ്റൽ സംവിധാനങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തി പ്രവർത്തനം കൂടുതൽ ശക്തമാക്കാനുള്ള അപുവിന്റെ പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. പാർട്ടി അംഗങ്ങളുടെ പൂർണമായ ഡേറ്റബേസും പാർട്ടി അംഗത്വത്തിനുള്ള വെബ്സൈറ്റുമൊക്കെ അപുവിന്റെ നേതൃത്വത്തിലാണ് തയാറാക്കിയത്. അറിയുന്ന കാര്യങ്ങളിൽ മാത്രം പ്രതികരിച്ചും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുതന്നെ പറഞ്ഞും ആരെയും വ്യക്തിപരമായി ആക്ഷേപിക്കാതെയുമുള്ള അപുവിന്റെ പക്വതയുള്ള നിലപാടുകളും കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഇന്നിങ്സിന് ഇറങ്ങുമ്പോൾ ഗുണകരമാകും.


Click it and Unblock the Notifications