തരംഗമല്ല ഇത് ഇടത് കൊടുങ്കാറ്റ്: ചരിത്രം തിരുത്തി പിണറായി വിജയനും കേരളവും
തിരുവനന്തപുരം: പിണറായി വിജയനിലൂടെ ചരിത്രം തിരുത്തി കേരളം. അധികാരത്തുടര്‍ച്ച നേടുന്ന ആദ്യ സിപിഎം മുഖ്യമന്ത്രിയെന്ന ഖ്യാതി ഇനി പിണറായി വിജയന് സ്വന്തം. കഴിഞ്ഞ തവണത്തേക്കാള്‍ കുടുതല്‍ സീറ്റെന്ന പിണറായി വിജയന്‍റെ അവകാശവാദം തന്നെ സാക്ഷാല്‍ക്കരിച്ചുകൊണ്ടാണ് പതിനഞ്ചാമത് നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും വിജയം കരസ്ഥമാക്കിയത്. 99 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ കേവലം 41 സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. കേരളത്തില്‍ വലിയ പ്രതീക്ഷ കൈവച്ച ബിജെപിയാവട്ടെ ഇത്തവണ തീര്‍ത്തും നിരാശരയായി. അവരുടെ ഏക സിറ്റിങ് സീറ്റായ നേമം എല്‍ഡിഎഫ് പിടിച്ചെടുത്തു. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ ഇടത് തരംഗത്തിന്‍റെ സൂചനകള്‍ ശക്തമായിരുന്നു. ഓരോ ഘട്ടം പിന്നിടുന്തോറും അത് കൂടുതല്‍ കൂടുതല്‍ ശക്തവും വ്യക്തവുമായി വരികയായിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

റെക്കോര്‍ഡ് ഭൂരിപക്ഷങ്ങള്‍
റെക്കോര്‍ഡ് ഭൂരിപക്ഷം നേടിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെകെ ശൈലജയുമെല്ലാം വിജയിച്ച് കയറിയത്. ധര്‍മ്മടത്ത് അമ്പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷം പിണറായി വിജയന് ലഭിച്ചപ്പോള്‍ മട്ടന്നൂരില്‍ കെകെ ശൈലജയുടെ ഭൂരിപക്ഷം എത്തി നിന്നത് അറുപതിനായിരം വോട്ടുകള്‍ക്ക് മുകളിലാണ്. ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് 37000 ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍റെ ലീഡും 20000 കടന്നു.

നേമവും കഴക്കൂട്ടവും
കുണ്ടറയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പരാജയം വിജയത്തിലും ഇടതുമുന്നണിക്ക് നൊമ്പരമായി. കോണ്‍ഗ്രസിലെ പിസി വിഷ്ണുനാഥിനായിരുന്നു ഇവിടെ വിജയം. അവസാന നിമിഷം വരെ പിന്നില്‍ നിന്ന ശേഷമായിരുന്നു തവനൂരില്‍ കെടി ജലീല്‍ കടന്ന് കൂടിയത്. നേമം മികച്ച ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തതോടെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് നടപ്പിലാക്കാന്‍ വി ശിവന്‍കുട്ടിക്ക് സാധിച്ചു. കഴക്കൂട്ടത്ത് 22000 ത്തിലേറെ വോട്ടിനായിരുന്നു മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വിജയിച്ചത്.

തൃത്താല പിടിച്ചു
യുഡിഎഫുമായി ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളിലും വിജയം കരസ്ഥമാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. വാശിയേറിയ പോരാട്ടം നടന്ന തൃത്താല മണ്ഡലം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് മധുരപ്രതികാരമായി. വിടി ബല്‍റാമിനെതിരെ 3173 വോട്ടുകള്‍ക്കാണ് എംബി രാജേഷ് ഇവിടെ ജയിച്ചത്. അഭിമാന പോരാട്ടം നടന്ന മറ്റൊരു മണ്ഡലമായി വടക്കാഞ്ചേരി വന്‍ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ഇത്തവണ തിരിച്ച് പിടിച്ചത്.

അഴീക്കോട്, കളമശ്ശേരി
അഴീക്കോട് കെഎം ഷാജിയെ കെവി സുമേഷും അരുവിക്കരയില്‍ ശബരിനാഥിനെ ജി സ്റ്റീഫനും പരാജയപ്പെടുത്തിയതാണ് ഇടത് വിജയങ്ങളില്‍ ശ്രദ്ധേയം. കളമ്മശ്ശേരിയിലെ പി രാജീവിന്‍റെ വിജയവും എടുത്ത് പറയേണ്ട നേട്ടമാണ്. പാര്‍ട്ടിയും മുന്നണിയും മികച്ച വിജയം സ്വന്തമാക്കിയിട്ടും പാലായിലെ ജോസ് കെ മാണിക്ക് തിരിച്ചടി നേരിടേണ്ടി വന്നതാണ് കാണാന്‍ കഴിഞ്ഞത്. 11,246 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പൻ ഇവിടെ വിജയിച്ചത്. തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്‍റെതാണ് ഇടത് നിരയിലെ പ്രധാനപ്പെട്ട മറ്റൊരു പരാജയം.

തകര്‍ന്നടിഞ്ഞ യുഡിഎഫ്
എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചത്. എറണാകുളത്ത് മൂവാറ്റുപുഴയും തൃപ്പൂണിത്തുറയും തിരിച്ച് പിടിച്ചപ്പോള്‍ കളമ്മശ്ശേരിയും കുന്നത്നാടും നഷ്ടമായി. മലപ്പുറത്ത് ലീഗ് കേന്ദ്രങ്ങളില്‍ ശക്തമായ മത്സരം നേരിട്ടപ്പോള്‍ നിലവിലെ സീറ്റ് നിലനിര്‍ത്താന്‍ മാത്രമാണ് ഇത്തവണ സാധിച്ചത്. വയനാട്ടില്‍ മൂന്നില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധിച്ചു.

മഞ്ചേശ്വരവും പാലക്കാടും
ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം വന്‍തോതില്‍ കുറയുന്നതിനും ഈ നിയമസഭ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. നേമത്ത് കെ മുരളീധരനെ ഇറക്കി നടത്തിയ നീക്കം ഒരു ഘട്ടത്തില്‍ പോലും ചലനം സൃഷ്ടിച്ചില്ല. അതേസമയം ബിജെപിയുടെ അതിശക്തമായ വെല്ലുവിളി നേരിട്ട മഞ്ചേശ്വരവും പാലക്കാടും നിലനിര്‍ത്താന്‍ കഴിഞ്ഞത് യുഡിഎഫിന് നേരിയ ആശ്വാസം നല്‍കുന്നു.

സംപൂജ്യരായി ബിജെപി
അഞ്ചിലേറെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിച്ച ബിജെപിയുടെ കയ്യിലുള്ള ഏക സീറ്റും ഇത്തവണ നഷ്ടമായി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച രണ്ടിടത്തും പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തും കോന്നിയില്‍ മൂന്നാമതുമാണ് സുരേന്ദ്രന്‍ ഫിനിഷ് ചെയ്തത്. പാലക്കാട് ഇ ശ്രീധരന് വന്‍തോതില്‍ വോട്ട് പിടിക്കാന്‍ സാധിച്ചെങ്കിലും അവസാന നിമിഷം അവിടെയും പരാജയപ്പെട്ടു.

പിസി ജോര്‍ജും ട്വന്‍റി-ട്വന്‍റിയും
2016 ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളേയും വെല്ലുവിളിച്ചുകൊണ്ട് മത്സരിച്ച് വിജയിച്ച പിസി ജോര്‍ജിന് പൂഞ്ഞാറില്‍ ഇത്തവണ കാലിടറി. വന്‍ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇവിടെ വിജയിച്ച് കയറിയത്. കുന്നത്തുനാട് പിടിക്കുമെന്ന് ട്വന്‍റി-ട്വന്‍റി അവകാശപ്പെട്ടിരുന്നെങ്കിലും അതും ഫലം കണ്ടില്ല. എന്നാല്‍ ഇവിടെ യുഡിഎഫിന്‍റെ പരാജയം നിര്‍ണ്ണയിക്കുന്നതില്‍ അവര്‍ പിടിച്ച വോട്ടുകള്‍ നിര്‍ണ്ണായകമായി.












Click it and Unblock the Notifications