ചെന്നി'തല' തെറിക്കും... ഉമ്മന്‍ ചാണ്ടിയുടെ വഴിയേ രമേശ്; വിഡി സതീശന്‍ പുതിയ പ്രതിപക്ഷ നേതാവ്?
തിരുവനന്തപുരം: 2016 ലെ തിരഞ്ഞെടുപ്പിലും യുഡിഎഫ് നേരിട്ടത് വന്‍ പരാജയം ആയിരുന്നു. അന്ന് യുഡിഎഫിനെ നയിച്ചത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന്, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി വിസമ്മതിച്ചു. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തില്ല.
ഇപ്പോള്‍ അതിലും വലിയ പരാജയമാണ് യുഡിഎഫ് നേരിട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍, ഉമ്മന്‍ ചാണ്ടിയുടെ പാത പിന്‍പറ്റി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ആരായിരിക്കും പുതിയ പ്രതിപക്ഷ നേതാവ്? പരിശോധിക്കാം...
കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

വന്‍ പരാജയം
യുഡിഎഫ് ഒരു ഘട്ടത്തിലും പ്രതീക്ഷിക്കാത്ത പരാജയം ആണ് ഇത്തവണ നേരിട്ടത്. എന്നാല്‍ എല്‍ഡിഎഫ് നേടിയത് അവര്‍ പ്രതീക്ഷിച്ച വിജയവും. കഴിഞ്ഞ തവണ നേടിയ 47 സീറ്റില്‍ നിന്ന് യുഡിഎഫ് എത്തി നില്‍ക്കുന്നത് 41 സീറ്റിലാണ്. സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടിയാണിത്.

ഉമ്മന്‍ ചാണ്ടിയുടെ വഴിയേ
2016 ല്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു യുഡിഎഫിനെ നയിച്ചത്. മുഖ്യമന്ത്രിയും അദ്ദേഹമായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുത്ത് അന്ന് ഉമ്മന്‍ ചാണ്ടി യുഡിഎഫിന്റേയും പ്രതിപക്ഷത്തിന്റേയും നേതൃത്വസ്ഥാനം ഒഴിഞ്ഞു. അതേ വഴിയിലേക്കാണ് ചെന്നിത്തലയും എത്തുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനം
ഇത്തരമൊരു സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരം. യുഡിഎഫ് പരാജയത്തിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തല മാത്രമാണോ ഏറ്റെടുക്കേണ്ടത് എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

നയിച്ചതാര്
ഇത്തവണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിച്ചത് ആരാണ് എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ത്തപ്പെടുന്നുണ്ട്. കൂട്ടായ നേതൃത്വം എന്നൊക്കെ പറയുമെങ്കിലും, തിരഞ്ഞെടുപ്പിനെ നയിക്കാന്‍ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു. ഉമ്മന്‍ ചാണ്ടി നയിച്ച തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ചെന്നിത്തല എന്തിന് രാജിവയ്ക്കണം എന്നും ചിലര്‍ ആരായുന്നുണ്ട്.

പരാജയപ്പെട്ട ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി എന്തായാലും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതയില്ല. ഉമ്മന്‍ ചാണ്ടി നയിച്ച മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടിരിക്കുന്നത്. 2006 ല്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നു. 2016 ലും 2021 ലും അത് ആവര്‍ത്തിച്ചു. 2011 ല്‍ ഒരു മിന്നുന്ന വിജയം നേടാന്‍ യുഡിഎഫിന് കഴിഞ്ഞതുമില്ല.

ആരാകും പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇല്ലെങ്കില്‍ പിന്നെ ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഉയരുന്നത്. കോണ്‍ഗ്രസിന് പുറത്ത് നിന്ന് മറ്റേതെങ്കിലും ഘടകക്ഷികളില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആരെയെങ്കിലും പരിഗണിക്കുമോ എന്ന ചര്‍ച്ചയും പുറത്ത് നടക്കുന്നുണ്ട്.

പട്ടികയില്‍ ആരൊക്കെ
വിജയിച്ചുവന്ന നേതാക്കളില്‍, ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും മുതിര്‍ന്ന ആള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. അതിന് പിറകെ പിടി തോമസും വിഡി സതീശനും വരുന്നു. ഇവരില്‍ ആര്‍ക്കാണ് പ്രതിപക്ഷ നേതാവിന്റെ പദവി ഏറ്റെടുക്കേണ്ടി വരിക?

സതീശന് കൂടുതല്‍ സാധ്യത
പറവൂരില്‍ നിന്ന് തുടര്‍ച്ചയായി നാല് തവണ തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആയിരിക്കും കൂടുതല്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച സാമാജികന്‍ എന്ന് പേരെടുത്തിട്ടുളള സതീശന്‍, എതിരാളികള്‍ പോലും ബഹുമാനിക്കുന്ന ആളാണ്. കാര്യങ്ങള്‍ പഠിച്ച് ചര്‍ച്ച ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശേഷി, കേരള നിയമസഭ പലതവണ കണ്ടിട്ടുള്ളതാണ്.

ഹൈക്കമാന്‍ഡിനും പ്രിയം
തിരുവഞ്ചൂരിനേയും പിടി തോമസിനേയും വച്ച് നോക്കുമ്പോള്‍ താരതമ്യേന ചെറുപ്പമാണ് വിഡി സതീശന്‍. ഹൈക്കമാന്‍ഡിന് കൂടുതല്‍ താത്പര്യമുള്ള നേതാവ് എന്ന പ്രത്യേകതയും സതീശനുണ്ട്. എഐസിസി സെക്രട്ടറിയെന്ന നിലയിലും മികച്ച പ്രകടനം. വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായപ്പോള്‍ കെപിസിസി വൈസ് പ്രസിഡന്റ് ആയി സതീശനെ നിയമിച്ചത് രാഹുല്‍ ഗാന്ധി തന്നെ ആയിരുന്നു.

എളുപ്പമാകില്ല
ആരാകണം പ്രതിപക്ഷ നേതാവ് എന്നത് യുഡിഎഫ് ഒറ്റക്കെട്ടായി എടുക്കേണ്ട തീരുമാനമാണ്. എന്തായാലും ഇത്തവണ പ്രതിപക്ഷ നേതാവ് കഴിഞ്ഞ തവണത്തേക്കാള്‍ വിയര്‍ക്കുമെന്ന് ഉറപ്പാണ്. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചു എന്നത് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ അംഗബലം കൂടുതലും ഉണ്ട്.
വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications