പ്രളയത്തിൽ തകർന്ന കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി! ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ട
തിരുവനന്തപുരം: കരകയറുക അസാധ്യമെന്ന് ഭയന്ന ഒരു വന്‍ദുരന്തത്തില്‍ നിന്നും തലയൊന്ന് ഉയര്‍ത്തി തുടങ്ങിയതേ ഉള്ളൂ കേരളം. മലയാളികള്‍ക്കൊപ്പം അയല്‍സംസ്ഥാനങ്ങളും അയല്‍ രാജ്യങ്ങളും അടക്കം നീട്ടിയ കൈ പിടിച്ച് നിവര്‍ന്ന് നില്‍ക്കാനുള്ള പരിശ്രമം നടത്തുന്ന ഒരു നാടിന് ഇരുട്ടടി നല്‍കിയിരിക്കുകയാണ് കേന്ദ്രം.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണോ എന്ന്. ആ സംശയം ശരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രളയദുരന്തത്തിന്റെ തുടക്കം മുതല്‍ക്കേ കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനവും എന്ന് ആക്ഷേപമുണ്ട്. ഏറ്റവും ഒടുവിലായി കേരളത്തിന് ലഭിക്കുന്ന വിദേശ സഹായവും കേന്ദ്രം നിരസിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

അവഗണിക്കപ്പെട്ട് കേരളം
പ്രളയദിനങ്ങളുടെ തുടക്കത്തില്‍ തന്നെ കേരളത്തിന് പണമടക്കം കൂടുതല്‍ കേന്ദ്ര സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളം സന്ദര്‍ശിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ദുരവസ്ഥ സര്‍ക്കാര്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നിട്ട് കേരളത്തിന് അടിയന്തര സഹായമായി ആദ്യം കിട്ടിയത് വെറും നൂറ് കോടി രൂപയാണ്.

ചോദിച്ചതും തന്നതും
പിന്നാലെ പ്രളയം കനത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്ത് എത്തി. ദേശീയ ദുരന്തമായി കേരളത്തിലെ പ്രളയത്തെ പ്രഖ്യാപിക്കണമെന്ന മുറവിളികളൊന്നും പ്രധാനമന്ത്രിയുടെ ചെവിയിലെത്തിയില്ല. 20000 കോടി രൂപ നഷ്ടം കണക്കാക്കുന്ന ഇടത്ത് അടിയന്തര സഹായമായി രണ്ടായിരം കോടി ചോദിച്ചപ്പോള്‍ കേന്ദ്രം തന്നതാകട്ടെ അഞ്ഞൂറ് കോടി രൂപയും.

വിദേശത്ത് നിന്നും സഹായം
കേന്ദ്ര അവഗണനയ്ക്ക് എതിരെ വലിയ തോതിലാണ് പ്രതിഷേധം ഉയരുന്നത്. അതിനിടെ കേന്ദ്ര സര്‍ക്കാരിനെ നാണിപ്പിച്ച് കൊണ്ട് യുഎഇ കേരളത്തിന് 700 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ 600 കോടിയേക്കാള്‍ 100 കോടി അധികം. മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നും സഹായമെത്തുന്നു. ഐക്യരാഷ്ട്ര സഭയും കേരളത്തെ സഹായിക്കാന്‍ തയ്യാറെന്ന് അറിയിച്ചു.

യുഎൻ സഹായം വേണ്ട
പ്രളയത്തില്‍ അപ്പാടെ തകര്‍ന്ന കേരളത്തിന് ഈ സമയത്ത് എവിടെ നിന്ന് സഹായം കിട്ടിയാലും അധികമാവില്ല. എന്നാല്‍ കേരളത്തിന് യുഎന്‍ അടക്കമുള്ള വിദേശ സഹായങ്ങള്‍ വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.യുഎന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുമടക്കമുള്ള സഹായമാണ് കേന്ദ്രം നിരസിച്ചിരിക്കുന്നത്.

വിദേശ സഹായം വേണ്ട
കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഇന്ത്യന്‍ സര്‍ക്കാരിന് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂ്‌സ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേന്ദ്രത്തിന്റെ സഹായത്തില്‍ കേരള സര്‍ക്കാര്‍ തൃപ്തരാണ്. അതുകൊണ്ട് തന്നെ വിദേശ ഏജന്‍സികളുടെ സഹായം വേണ്ടെന്നാണ് കേന്ദ്ര തീരുമാനമത്രേ.

പിന്നീട് തീരുമാനിക്കും
പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇങ്ങോട്ട് സന്നദ്ധത അറിയിച്ചതായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനര്‍നിര്‍മ്മാണത്തിനും സഹായിക്കാമെന്നായിരുന്നു യുഎന്‍ അറിയിച്ചത്. ഇപ്പോള്‍ സഹായം ആവശ്യമില്ലെന്നും പിന്നീട് പുനര്‍നിര്‍്മ്മാണ ഘട്ടത്തില്‍ ഈ സഹായം ഉപയോഗിക്കണോ എന്നത് കേന്ദ്രം പിന്നീട് തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വലിയ പ്രതിഷേധം
കേന്ദ്ര നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന് വരുന്നുണ്ട്. ബിജെപിയെ അടുപ്പിക്കാത്ത സംസ്ഥാനം എന്ന നിലയ്ക്ക് കേന്ദ്രം സംസ്ഥാനത്തോട് പ്രതികാരം തീര്‍ക്കുകയാണ് എന്നാണ് സൈബര്‍ ലോകം ഒരുപോലെ വിലയിരുത്തുന്നത്. കേരളത്തിന് അര്‍ഹമായ സഹായം നല്‍കാതിരിക്കുകയും ലഭിക്കുന്ന സഹായം മുടക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

പിന്തുണച്ച് ടിജി മോഹൻദാസ്
അതേസമയം കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം നിരസിച്ച കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് സൈബര്‍ സംഘികളും രംഗത്ത് വന്നുതുടങ്ങി. യുഎന്നിന്റെ സഹായം കേന്ദ്രം മാന്യതയോടെ വേണ്ടെന്ന് പറഞ്ഞെന്നും നമ്മള്‍ അതീജീവിക്കും എന്നുമാണ് കേരളത്തിലെ ബിജെപിയുടെ ബൗദ്ധിക സെല്ലിന്റെ തലവനായ ടിജി മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications