സഭയിലെ പ്രസംഗം പിടിച്ചില്ല; സിപിഐ എംഎല്‍എയോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി, വല്ല ധാരണയുമുണ്ടോ?
തിരുവനന്തപുരം: നിയമസഭയില്‍ സിപിഐ എംഎല്‍എയോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരന്തം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. മൂവാറ്റുപുഴയിലെ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനോടാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നാണ് എല്‍ദോ എംഎല്‍എ ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു അംഗത്തിന്റെ ആവശ്യം. അദ്ദേഹം പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി എഴുന്നേറ്റ് നില്‍ക്കുകയും പ്രതികരിച്ച ശേഷം സീറ്റിലിരിക്കുകയായുമായിരുന്നു.
സര്‍ക്കാര്‍ സഹായധനത്തെ കുറിച്ച് എംഎല്‍എക്ക് വല്ല ധാരണയുമുണ്ടോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സഹായം എത്രയാണ്, കേരളം എത്ര കൂട്ടിച്ചേര്‍ക്കുന്നുണ്ട് എന്നത് സംബന്ധിച്ച് ധാരണയുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ കേന്ദ്രസഹായം അപര്യപ്തമാണെന്ന് അറിയാമെന്ന് എല്‍ദോ എംഎല്‍എ പ്രതികരിച്ചു.
സഹായധനം കൂട്ടണമെന്നു പറഞ്ഞതിന് പിന്നാലെ മലങ്കര ഡാം തുറന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും എല്‍ദോ പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന അതേ ആരോപണമാണിത്. സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
പ്രളയത്തില്‍ ഇതുവരെ 483 പേര്‍ മരിച്ചെന്നും 14 പേരെ കാണാതായെന്നും മുഖ്യമന്ത്രി വിശദമാക്കി. 140 പേര്‍ ചികില്‍സയിലുണ്ട്. 59296 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications