• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹാ... എത്ര മനോഹര മനുഷ്യർ! സന്തോഷിക്കേണ്ട സമയമായില്ലെങ്കിലും ഇതൊന്ന് വായിക്കണം... കണ്ണ് നനയിക്കും

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളം... എന്നാല്‍ അതില്‍ തളരാന്‍ നമുക്ക് മനസ്സില്ല. മറിടക്കാന്‍, അതിജീവിക്കാന്‍ ഓരോ കച്ചിത്തുരുന്പും ഉപയോഗപ്പെടുത്തുകയാണ് നമ്മള്‍. ദുരന്തബാധിത മേഖലകളിലേക്ക് ഓടിയെത്തിയ അനേകായിരം മനുഷ്യര്‍, അവരിലേക്ക് വിവരങ്ങളെത്തിക്കാന്‍ ഉറക്കവും ഭക്ഷണവും ഉപേക്ഷിച്ച് 24 മണിക്കൂറും മൊബൈല്‍ ഫോണിലും കന്പ്യട്ടറിലും ചെലവഴിക്കുന്ന ആയിരങ്ങള്‍ വേറേയും. ദുരിതാശ്വാസ ക്യാന്പുകളിലേക്ക് വേണ്ടുന്നവ സമാഹരിച്ചും അവ എത്തിച്ചും അഹോരാത്രം ഓടിനടക്കുന്നവര്‍, അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ പണമായും സാധനങ്ങളായും എത്തിച്ച് നല്‍കുന്നവര്‍.... അതേ നമ്മള്‍ അതിജീവിക്കുകയാണ്.

മഴ ഒതുങ്ങുകയാണ്. രക്ഷാ പ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. പരാതികള്‍ പറയാന്‍ പലര്‍ക്കും ഒരുപാടുണ്ടാവും. എന്നാലും കാണാതെ പോകാന്‍ ആകാത്ത ചിലതുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട അത്തരം ചില കുറിപ്പുകളും വിവരങ്ങളും സമഹാരിച്ച് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരന്‍ കൂടിയായ അഭിലാഷ് മേലേതില്‍... ആ കുറിപ്പ് ഇങ്ങനെയാണ്...

ഇടുക്കിയിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചു; രണ്ട് ഷട്ടറുകൾ അടച്ചു

സന്തോഷിയ്ക്കേണ്ട സമയമൊന്നുമായില്ല. എന്നാലും ഫേസ്ബുക് കുത്തൊഴുക്കിൽ ഇതൊന്നും മറന്നുപോവാതിരിയ്ക്കാൻ ഇവിടെ ചേർത്തുവയ്ക്കുന്നു. ഭാരതരത്നമൊന്നും വേണ്ട, കേരളത്തിന്റെ സ്വന്തം രത്നങ്ങൾ. മലയാളി എന്ന പദത്തിന് പുതിയ അർത്ഥങ്ങളും മാനങ്ങളും നൽകിയവർ.

കോസ്റ്റല്‍ വാരിയേഴ്സ്

കോസ്റ്റല്‍ വാരിയേഴ്സ്

ചെങ്ങന്നൂർ പാണ്ടനാട് വിവേകാനന്ദ സ്കൂളിനു സമീപമുള്ള ബാലാശ്രമത്തിൽ 5 വയസിനും 10 വയസിനും ഇടയിലുള്ള മുപ്പതോളം കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്. രക്ഷാപ്രവർത്തകർക്കു കടന്നു ചെല്ലാനാവാത്ത വിധം പലയിടത്തും നല്ല കുത്തൊഴുക്കായിരുന്നു. വെള്ളം നിറഞ്ഞ റോഡിൽ നിന്നും ഇടയ്ക്കുള്ള ഞെരുങ്ങിയ വഴികളിലൂടെയായിരുന്നു പോകേണ്ടത്. ഇന്നു ഞങ്ങളുടെ ദൗത്യസംഘത്തിൽ ചേർന്ന ചെങ്ങന്നൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷൈബു സാർ ഞങ്ങളോടു പറഞ്ഞു, എന്തായാലും അവരെ രക്ഷിച്ചേ പറ്റൂ. എന്റെ കൂടെയുള്ള ധീരൻമാരായ പൂന്തുറയിലെ ചുണക്കുട്ടികൾ #CoastalWarriors ശ്രമം ഏറ്റെടുത്തു.....വെള്ളം നിറഞ്ഞ മെയിൻ റോഡിൽ നിന്നും, ഇടത്തോട്ട് തിരിഞ്ഞ് ഇടവഴികളിലൂടെ 100 മീറ്ററോളം ഉള്ളിലെത്തണം ബാലശ്രമത്തിലെത്താൻ. പല മതിലുകളിലും മരങ്ങളിലുമുരഞ്ഞ് ഞങ്ങൾ ബാലാശ്രമത്തിലെത്തി. കുട്ടികൾ രണ്ടാം നിലയിൽ. അകത്തെ മുറിയിൽ നമ്മുടെ #CoastalWarrierട നീന്തിക്കയറിയപ്പോൾ അവിടെ ഒരു പശുവിനെ കെട്ടിയിരിയ്ക്കുന്നു. അതിന്റെ സമീപത്തു കൂടി മുകൾ നിലയിൽ കയറി 27 കുട്ടികൾ ഉൾപ്പെടെ 28 പേരെ രക്ഷിയ്ക്കാൻ സാധിച്ചു.(Johny Chekkitta)

മനുഷ്യന്‍... ഹാ എത്ര മനോഹരമായ പദം

മനുഷ്യന്‍... ഹാ എത്ര മനോഹരമായ പദം

എല്ലാവരും രക്ഷാപ്രവര്‍ത്തനം നിര്‍ത്തി ഫീല്‍ഡില്‍ നിന്ന് തിരികെ പോന്ന ശേഷം എന്‍റെ അപ്പച്ചന്റെ പ്രായമുള്ള ഒരു മത്സ്യതൊഴിലാളി രാത്രി പത്ത് മണിക്ക് കണ്‍ട്രോള്‍ സെന്‍ററില്‍ വന്ന് കരഞ്ഞു കൊണ്ട് എന്‍റെ കൈ പിടിച്ചു. "മോനെ ഇവിടുത്തെ സാറന്മാര്‍ ഇനി പോകാന്‍ സമ്മതിക്കുന്നില്ല . പതിനഞ്ചു പേര്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള ഒരു കടവില്‍ ഞങ്ങളെ കാത്ത് നില്‍ക്കുന്നു. തിരിച്ചു ചെല്ലാം എന്ന് പറഞ്ഞിട്ടാണ് ഞങ്ങള്‍ പോന്നത്. ഞങ്ങള്‍ രാത്രി കടലില്‍ പണി ചെയ്യുന്നവരാണ്". "എന്തൊരു മനുഷ്യന്‍ !" , ഞാന്‍ സീറ്റില്‍ നിന്ന് ചാടിയെണീറ്റു പോയി. (Joy Sebastian)

ആ ചെറുപ്പക്കാര്‍

ആ ചെറുപ്പക്കാര്‍

ബൊലീറോയുടെ മുകളിൽനിന്നുമാണാ ചെറുപ്പക്കാരൻ ഇലക്ട്രിക് പോസ്റ്റിലേക്ക് വലിഞ്ഞ് കയറിയത്. ഏതാണ്ടൊരു രണ്ടാൾ പൊക്കത്തിൽ മുകളിൽ നിന്നും താഴോട്ട് വീണു.വീണ്ടും ചാടിയെണീറ്റ് കയറുകയാണ്.തണ്ണീർമുക്കം കല്ലറ റൂട്ടിൽ കല്ലറയോട് ചേർന്നാണ്. വഴിയിൽ രണ്ടടിക്ക് മുകളിൽ വെള്ളം. വഴിയിൽ ശക്തമായ ഒഴുക്കാണ്.ഒരു വണ്ടിപ്പാട് വീതിക്ക് ഇരുവശത്തും നിൽക്കുകയാണ് ആ ചെറുപ്പക്കാർ, ഏതാണ്ട് നൂറ് മീറ്ററിൽ അധികം ദൂരം. വണ്ടിയോടിക്കുന്നവർക്ക് വഴിതെറ്റാതിരിക്കാനായാണവർ ഇങ്ങനെ നിൽക്കുന്നത്. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അപ്പോൾ അവർ ആംഗ്യം കാണിക്കും."കാല് കൊടുത്ത് വേഗം പോ, നിന്നുപോയാൽ പണിയാകും" എന്നാണവർ ഓരോ ഡ്രൈവർമാരോടും പറഞ്ഞുകൊണ്ടിരിക്കുന്നത്.ഓരോരുത്തരും കാലു കൊടുത്തു വേഗത കൂട്ടുമ്പോൾ വെള്ളം അവരുടെ ശരീരത്തിലേക്ക് അടിച്ചു കയറുകയാണ്. അവർക്ക് വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്. പക്ഷേ ചിരിച്ചുകൊണ്ടവർ പറയുകയാണ് "ഭയപ്പെടേണ്ട, ചവിട്ടി വീടൂ, ഞങ്ങളുണ്ട്".വെളിച്ചമില്ലവിടെ. അതുകൊണ്ട് വലിയ ലൈറ്റ് പോസ്റ്റിൽ കെട്ടാൻ കയറിയതാണാ ചെറുപ്പക്കാരൻ. (Jinesh PS)

എബിന്‍രാജ് എന്ന ചെറുപ്പക്കാരന്‍

എബിന്‍രാജ് എന്ന ചെറുപ്പക്കാരന്‍

എബിൻ രാജ് ,ക്യാമ്പ് തുടങ്ങിയ അന്നു മുതൽ ദിവസവും മുണ്ടേരി ക്യാമ്പിലേക്ക് ബത്തേരിക്കടുത്ത വാകേരിയിൽ നിന്നും 30 കിലോമീറ്റർ ബൈക്കോടിച്ച് പുലർച്ചെ തന്നെ എത്തും. ക്യാമ്പിലെ സകല കാര്യങ്ങളും നേതൃപരമായി കണ്ടറിഞ്ഞ് ചെയ്യും.രാത്രി വൈകി സകല പണികളും തീർന്നാൽ ബൈക്കിൽ തിരിച്ച് വാകേരിക്ക്. ഈ ദിവസങ്ങളത്രയും തൊഴിൽ സ്ഥാപനത്തിൽ നിന്നും അവധി.(Arjun Sivaraman)

കൂടെയുണ്ട്, ഇവര്‍....

കൂടെയുണ്ട്, ഇവര്‍....

മൂന്നു രാത്രികള്‍ കഴിഞ്ഞു ഒന്നുറങ്ങിയിട്ട്. പെരുമഴയത്തും ഓട്ടമാണ്. വെള്ളി - ശനി മുഴുക്കെ തൃശ്ശൂര്‍ പലയിടങ്ങളില്‍ ജീവിതത്തെ കൈവിടാന്‍ മനസില്ലാത്ത, വെറും പ്രതീക്ഷകളില്‍ മാത്രം ജീവിക്കുന്ന നൂറു കണക്കിന് മനുഷ്യരുടെ ഇടയിലായിരുന്നു. പ്രളയത്താല്‍ തൃശ്ശൂര്‍ ഭാഗത്തെ അവസ്ഥ മോശമാകുന്നു എന്ന് തോന്നാന്‍ തുടങ്ങിയപ്പോത്തന്നെ കിട്ടിയ ഭക്ഷണ സാധനങ്ങളും വെള്ളവുമായി തൃശ്ശൂര്‍ക്ക് പുറപ്പെടാന്‍ ഒരുങ്ങി. കൂടെ രണ്ടു സുഹൃത്തുക്കള്‍ Nisam Asafam & Vishnu Pvh .... ഒപ്പം എന്തിനും തയാറായി നിന്ന Ranjith Antony, Vidya Abhilash, Nandakumar MN , Mahesh Pazhanimala , Sudheesh Kumar അങ്ങിനെ പലരും. വഴിയില്‍നിന്നും പിന്നെയും പിന്നെയും സുഹൃത്തുക്കളുടെ സഹായം. ഷോര്‍ണൂര്‍ വിട്ടങ്ങോട്ട് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് ബ്ലോക്കില്‍ നിന്നും, ഞങ്ങളുടെ വണ്ടിയെ കടത്തി വിടാന്‍ വേണ്ടി എത്രയോ മനുഷ്യര്‍. വഴി നിറയെ "മനുഷ്യര്‍ മാത്രം". അഞ്ചു മണിക്ക് തൃശൂര്‍ എത്തിയതുമുതല്‍ ഈ സമയം വരെയും ജീവിതത്തെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ കൂടെയായിരുന്നു.(Shaji Mullookkaaran)

ഇതില്‍പരം എന്ത് വേണം....

ഇതില്‍പരം എന്ത് വേണം....

ഈ നേരം വരെ എന്നോടൊപ്പം ഉണർന്നിരുന്ന കൂട്ടുകാരെ ചേർത്തു പിടിക്കുന്നു. അയ്യായിരത്തിൽപ്പരം കേസുകൾ രക്ഷാ പ്രവർത്തക ശ്രദ്ധയിൽ എത്തുകയും തീവ്രപരിഗണന വേണ്ട നാനൂറ്റി എഴുപത് കേസുകൾ എയർ ലിഫ്റ്റിങ്ങിലും നേവി ബോട്ടുകളിലും എത്തുകയും ചെയ്ത പ്രവർത്തനമാണ് കടന്നു പോയത്. നമ്മൾ കൊടുത്ത പട്ടികയിലെ വലിയൊരു ശതമാനം മനുഷ്യരെയും രക്ഷപ്പെടുത്താനായിട്ടുണ്ട് എന്ന് അറിയുന്നു.(Sreechithran Mj)

ഒരിക്കലും നിലയ്ക്കാത്ത ആവേശം

ഒരിക്കലും നിലയ്ക്കാത്ത ആവേശം

മത്സ്യത്തൊഴിലാളികൾ അവരുടെ ബോട്ടുകളുമായി പോകുന്നു.‌ മതിലുകളിലും വീടുകളിലും ഇടിച്ചും, മരങ്ങൾ വെട്ടിമാറ്റി വഴിയുണ്ടാക്കിയും പാമ്പിന്റെയും മറ്റ് ഇഴജന്തുക്കളുടെ ഇടയിലൂടെ നീന്തിയും ഒരേസമയം മുപ്പതും നാൽപ്പതും ആളുകളെ രക്ഷപ്പെടുത്തി തിരികെപോകുന്നു. വലിയ മീൻ കൂട്ടങ്ങൾ കാണുമ്പോൾ ഉണ്ടാകുന്ന ഉത്സാഹത്തോടും ആവേശത്തോടും വീണ്ടും പോകുന്നു. വേഗതയിൽ തിരിച്ച് വരുന്നു. ഒരുദിവസം തന്നെ നൂറും ഇരുന്നൂറും ആളുകളെ രക്ഷപ്പെടുത്തുന്നു. മടിപ്പില്ലാതെ വീണ്ടും പോകാൻ തയ്യാറെടുക്കുന്നു. പോലീസ്കാർ വിലക്കും വരെ രക്ഷാപ്രവർത്തനം സജീവമാക്കുന്നു. തിരുവനന്തപുരം മരിയനാടിലെ മൂന്ന് വള്ളക്കാർ രക്ഷാപ്രവർത്തനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ചെങ്ങന്നൂർ താലൂക്ക് ആഫിസിനടുത്തുള്ള ക്യാമ്പിൽ ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല! സമയം: 2: 00 am 19 ആഗസ്റ്റ് 2018. NDRF ന്റെ ബോട്ടിൽ കയറാൻ ദുരന്തമുഖത്തുള്ളവർ തയ്യാറാകുന്നില്ല. കാരണം അവർ മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ കയറാനാണ് കൂടുതൽ താല്പര്യം കാണിക്കുന്നത്. (Johnson Jament)

കളക്ടര്‍ അല്ല, ആര്‍ക്കും തൊണ്ടയിടറും

കളക്ടര്‍ അല്ല, ആര്‍ക്കും തൊണ്ടയിടറും

കോഴിക്കോട്ടുകാരുടെ ദുരന്തത്തോടുള്ള പ്രതികരണവും, അതൊഴിഞ്ഞപ്പോൾ അവർ മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് ദുരിതാശ്വാസവുമായി ഉടനെത്തന്നെ പോയതുമെല്ലാം വിവരിയ്ക്കുമ്പോൾ കണ്ണുനിറഞ്ഞു തൊണ്ടയിടറി വാക്കുമുട്ടിപ്പോയ കോഴിക്കോട് കളക്റ്റർ (from MediaOne)

ആ അമ്മൂമ്മ

ആ അമ്മൂമ്മ

മെഡിക്കൽ സ്റ്റോറിലേക്കു നടക്കുമ്പോ കാഴ്ചക്കുറവുള്ള ഒരമ്മൂമ്മ കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ നീട്ടി "ഇതെത്രയാ മോളേന്നു ചോദിച്ചു ". പെൻഷൻ എടുത്തു വന്നതാവുമെന്നു തോന്നി എണ്ണിത്തിട്ടപ്പെടുത്തികൊടുത്തു .നോട്ടുകൾ മുഷിഞ്ഞിരുന്നു .പെൻഷൻ അല്ലെന്നു മനസ്സിലായി . ആകെ 2050 രൂപയുണ്ട് .പിന്നെ പത്തിന്റെ ചില്ലറയും . ആ പണം ഒരു പരിചയവുമില്ലാത്ത എനിക്ക് നേരെ നീട്ടിയിട്ടു അമ്മൂമ്മ - "മക്കളേ ഇതുകൊണ്ട് പെൺപിള്ളേർക്ക് തൊട്ടൂടാതാവുമ്പോ വയ്ക്കണ ആ സാധനം കടേന്ന് വാങ്ങിക്കണം .പിന്നെ കുറച്ചു ബാടീം (ബ്രേസിയർ ). ഓണത്തിന് കൊച്ചുങ്ങൾക്കു വല്ലോം വാങ്ങിക്കാൻ വച്ചതാണ് .ഓരോ പെങ്കൊച്ചുങ്ങളകാര്യം പറേണ കേട്ടിട്ട് എന്തരോണം.എവിടേക്കൊടുക്കണോന്ന് അറിഞ്ഞൂട മക്കളിത്തിരി കൊണ്ട് കൊടുക്കോ " (Gitanjali PS)

അന്യനാട്ടില്‍ നിന്ന്

അന്യനാട്ടില്‍ നിന്ന്

ഇന്ന് നേരം വെളുക്കുമ്പോൾ കോഴിക്കോട്

DTPC യിൽ അവശ്യ വസ്തുക്കളും മരുന്നുകളുമായി ആദ്യമെത്തിയത് കർണാടകയിലെ കാർവാറിൽ നിന്നുള്ള സംഘം.

തൊട്ടു പുറകെ മൂന്ന് ലോറികളുമായി

കാസർകോട്ടെ ഗ്രാമീണയുവാക്കൾ. (Umesh Vallikkunnu)

 കല്ലല്ല, മനുഷ്യനാണ്

കല്ലല്ല, മനുഷ്യനാണ്

ഒരു വീഡിയോയിൽ സ്ത്രീകൾക്ക് ബോട്ടിലേയ്ക്ക് കയറാൻ വെള്ളത്തിൽ മുട്ടുകുത്തിനിന്നുകൊടുക്കുന്ന ഒരാൾ. മൂന്നു നാല് സ്ത്രീകൾ അയാളുടെ പുറത്തു ചവിട്ടി കയറി. പശ്ചാത്തലത്തിൽ ഒരാളുടെ ശബ്ദം : "അത് ഒര് മൻഷ്യനാണ്, കല്ലല്ല , അതോർത്താ മതി ങ്ങള്" (Random - and this will go up in the list a long way)

ഷമ്മാസിനെ മറക്കാനാകുമോ

ഷമ്മാസിനെ മറക്കാനാകുമോ

പനി പിടിച്ചു കിടക്കുകയായിരുന്നു ഷമ്മാസ് , രാവിലെ ഒരു പത്തേ മുപ്പതു ആയപ്പോൾ വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴക്കലക്കണ്ടി പുഴയിൽ ഒരു കുഞ്ഞു തല കണ്ടത് പോലെ തോന്നിയ ഉമ്മ ഷമ്മാസിനെ വിളിച്ചു . ഒന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തു ചാടിയ ഷമ്മാസ് സംശയം തോന്നിയ സ്ഥലത്തേക്ക് നീന്തി ചെന്നു. മുങ്ങി താഴുന്നത് ഒരു പിഞ്ചു കുഞ്ഞു തന്നെയാണ് . അയൽവാസിയായ മൂന്നു വയസ്സുള്ള കുഞ്ഞു. വീട്ടുകാരുടെ കണ്ണൊന്നു തെറ്റിയപ്പോൾ മുറ്റത്തിറങ്ങിയ കുഞ് കാല് തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു . കുട്ടിയേയും കയ്യിൽ പിടിച്ചു ഷമ്മാസ് കരയിലേക്ക് നീന്തിയടുത്തു.

അഭിലാഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

അഭിലാഷ് മേലേതിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

അടിയന്തര സഹായത്തിന്....

അടിയന്തര സഹായത്തിന്....

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045

കൊല്ലം- 0474 2794002

പത്തനംതിട്ട- 0468 2322515

ആലപ്പുഴ- 0477 2238630

കോട്ടയം 0481 2562201

ഇടുക്കി 0486 2233111

എറണാകുളം 0484 2423513

തൃശ്ശൂര്‍ 0487 2362424

പാലക്കാട് 0491 2505309

മലപ്പുറം 0483 2736320

കോഴിക്കോട് 0495 2371002

വയനാട് 9207985027

കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515

ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130

കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002

ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630

കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800

എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751

പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541

സതീഷ് (അയിരൂര്‍) 8547611214

ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209

പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101

അഭിലാഷ്(ചെറുകോല്‍) 9847080787

cmsvideo
  ഇതാണ് മനുഷ്യത്വത്തിന്റെ സല്യൂട്ട് | OneIndia Malayalam
  സംഭാവന ചെയ്യൂ....

  സംഭാവന ചെയ്യൂ....

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

  Name of Donee: CMDRF

  Account number : 67319948232

  Bank: State Bank of India

  Branch: City branch, Thiruvananthapuram

  IFSC Code: SBIN0070028

  Swift Code: SBININBBT08

  keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

  English summary
  Kerala Floods Updates: Some inspirational experiences shared on Social Media, compiled by Abhilash M

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more