'നിങ്ങളുടെ നഷ്ടത്തില്‍ 50,000 രൂപ ഞാന്‍ പങ്കിടുന്നു".. നൗഷാദിന് സ്നേഹ സമ്മാനവുമായി തമ്പി ആന്‍റണി
തിരുവനന്തപുരം: നന്‍മയുടെ, മനുഷ്യത്വത്തിന്‍റെ ഒറ്റയാള്‍ തുരുത്തായി മാറിയ നൗഷാദ് എന്ന വഴിയോര കച്ചവടക്കാരനെ നെഞ്ചിലേറ്റിയിരിക്കുകയാണ് മലയാളികള്‍. മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നവന്‍, സഹജീവികളുടെ ദുഖം നെഞ്ചിലേറ്റുന്നവന്‍ നൗഷാദിനെ വാഴ്ത്തുകയാണ് സോഷ്യല്‍ ലോകം. ആ നല്ല മനസിനെ താനും പ്രണമിക്കുകയാണ് വ്യക്തമാക്കുകയാണ് നടനും നിര്‍മ്മാതാവുമായ തമ്പി ആന്‍റണി.
നൗഷാദ് നൗഷാദ് ,നിങ്ങളുടെ വിശാല മനസ്സിന് ,ഏതു കഠിനഹൃദയനും
പ്രചോദനമേകുന്ന ഹൃദയ വിശാലതക്ക് സാഷ്ടാംഗ പ്രണാമം തമ്പി ആന്‍റണി കുറിച്ചു. നൗഷാദിന്‍റെ നല്ല മനസിന് അദ്ദേഹത്തിന് 50,000 രൂപ നല്‍കാന്‍ തയ്യാറാണെന്നും തമ്പി ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു. നൗഷാദിന്‍റെ ഫോണ്‍ നമ്പര്‍ ലഭിച്ചെന്നും അദ്ദേഹത്തെ ഉടന്‍ തന്നെ ബന്ധപ്പെടുമെന്നും തമ്പി ആന്‍റണി അറിയിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാംമ്പുകളിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം ഇന്നലെ എറണാകുളം ബ്രോഡ് വേയില്‍ എത്തിയപ്പോഴായിരുന്നു കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി നൗഷാദ് ചാക്കില്‍ നിറച്ചത്. നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..'. എന്നായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചെത്തിയവരോട് നൗഷാദ് പറഞ്ഞത്.