കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകത്തില്‍ നിസ്സംഗത; ജനങ്ങള്‍ക്ക് ഹര്‍ത്താല്‍ ആഘോഷം

  • Posted By: അൻവർ സാദത്ത്
Subscribe to Oneindia Malayalam

കണ്ണൂര്‍: രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ എന്ന് കേള്‍ക്കുന്നതൊന്നും കണ്ണൂരിലെ ജനങ്ങള്‍ക്ക് പുതുമയല്ലാതായിരിക്കുന്നു. രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ ആരെയെങ്കിലും കൊലപ്പെടുത്തിയെന്നത് ഇവിടുത്തെ ജനങ്ങള്‍ കേള്‍ക്കുന്നതാകട്ടെ നിസ്സംഗതയോടെയാണ്. അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും അത് ഒരു സ്വാഭാവിക കാര്യം മാത്രമാണെന്നുമാണ് ജനങ്ങളുടെ നിലപാട്.

അല്ലെങ്കില്‍ അങ്ങിനെയൊരു ചിന്തയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണൂരിലെ ജനങ്ങളെ മാറ്റിയെടുത്തു കഴിഞ്ഞു. എവിടെയെങ്കിലും രാഷ്ട്രീയ അക്രമമുണ്ടെന്നോ കൊലപാതകം നടന്നെന്നോ കേട്ടാല്‍ ആദ്യം ചോദിക്കുന്നത് ഹര്‍ത്താല്‍ ഉണ്ടോയെന്നാണ്. ഹര്‍ത്താല്‍ ആണെന്നു കേട്ടാല്‍ സന്തോഷമായി. ഹര്‍ത്താലിനെക്കുറിച്ച് നേരത്തെയറിഞ്ഞാല്‍ അതിനുള്ള തയ്യാറെടുപ്പിലായി നാട്ടിലെ സുഹൃദ്‌സംഘങ്ങള്‍.

hartal

ഹര്‍ത്താല്‍ ദിവസം വിവാഹം നടത്തുന്നതോ അത്യാവശ്യ യാത്രകള്‍ നടത്തുന്നതോ കണ്ണൂര്‍കാര്‍ക്ക് വിഷയമല്ല. അത് ശീലമായിക്കഴിഞ്ഞെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ, പൊടുന്നനെയുള്ള ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളില്‍ ഞെട്ടുന്നവരല്ല കണ്ണൂര്‍ക്കാര്‍. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ നന്നായി ചൂഷണം ചെയ്യുന്നുമുണ്ട്.

ഏറ്റവും എളുപ്പത്തില്‍ യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ ചെയ്യാവുന്ന പ്രതിഷേധമാര്‍ഗമാണ് ഇപ്പോള്‍ ഹര്‍ത്താല്‍. പത്രസമ്മേളനം വിളിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ മാത്രം മതി. അണികള്‍ അത് നടപ്പാക്കിക്കൊള്ളും. ജനങ്ങള്‍ അത് ആഘോഷമാക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സന്തോഷം. ഹര്‍ത്താല്‍ പിറ്റേന്ന് ഏവരും തങ്ങളുടെ പതിവ് ജോലികളിലേക്ക് മടങ്ങും. നഷ്ടം സംഭവിക്കുന്നതാകട്ടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി ബലിയാടാകുന്നവരുടെ കുടുംബങ്ങള്‍ക്കുമാത്രം.

English summary
kerala peoples celebrating hartal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്