പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 17കാരന്‍ മരിച്ചു; മഴക്കെടുതിയില്‍ നാല് മരണം
കോഴിക്കോട്: വടകര മണിയൂരില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. സൈക്കിളില്‍ പോകുമ്പോള്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മുതുവന കായക്കുടി ഹമീദിന്റെ മകന്‍ നിഹാല്‍ ( 17 ) ആണ് മരിച്ചത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് രണ്ട് മരണവും കോട്ടയത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീടിനുമുകളില്‍വീണ മരം വെട്ടിമാറ്റുന്നതിനിടെ പാറശാലയില്‍ ഗൃഹനാഥനാണ് മരിച്ചത്. ആര്യനാട് പതിനഞ്ചുകാരനാണ് മരിച്ചത്. കോട്ടയത്ത് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് കനത്ത മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ ആറ് താലൂക്കുകളിലായി 18 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ച മുതല്‍ പെയ്ത മഴയില്‍ വര്‍ക്കല താലൂക്കിലെ നാല് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്കുകളില്‍ അഞ്ച് വീടുകള്‍ വീതവും നെയ്യാറ്റിന്‍കര താലൂക്കില്‍ രണ്ട് വീടുകള്‍ക്കും ഭാഗിക നാശനഷ്ടം സംഭവിച്ചു.
കാട്ടാക്കട, തിരുവനന്തപുരം താലൂക്കുകളില്‍ ഓരോ വീടുകള്‍ക്കാണ് കനത്ത മഴയില്‍ നാശനഷ്ടമുണ്ടായത്. കടല്‍പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് മുതലപ്പൊഴി ഭാഗത്ത് ഫിഷിംഗ് ബോട്ട് മറിഞ്ഞു. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കനത്ത മഴയില്‍ ജില്ലയില്‍ 2.93 കോടിയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ സ്ഥലങ്ങളിലായി 882 കര്‍ഷകരെയാണ് മഴ ബാധിച്ചത്.












Click it and Unblock the Notifications