മഴ; സംസ്ഥാനത്ത് ഇന്നും 10 ജില്ലകളിൽ റെഡ് അലർട്ട്: വടക്കൻ കേരളത്തിലും മഴ കനക്കുന്നു, അതീവ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും മഴ കനക്കും. പത്ത് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ വ്യക്തമാക്കുന്നത്. കാസർഗോഡ് തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അതിതീവ്രമഴ വടക്കന്‍കേരളത്തിലേക്കും വ്യാപിക്കുകയാണ്.

അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു. കേരളതീരത്ത് 3.0 - 3.3 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലക്ക് സാധ്യത ഉള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം.

അടുത്ത 3 ദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ് പ്രകാരം, പമ്പ(മാടമണ്‍), നെയ്യാര്‍(അരുവിപ്പുറം), മണിമല(പുലകയര്‍), മണിമല(കല്ലൂപ്പാറ) കരമന(വെള്ളകടവ് )എന്നി നദികളില്‍ ജലനിരപ്പ് അപകട നിരപ്പ് കടന്നിട്ടുണ്ട്. ഇവിടെ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. അച്ചന്‍കോവില്‍(തുമ്പമണ്‍), കാളിയാര്‍(കലമ്പുര്‍), തൊടുപുഴ(മണക്കാട്), മീനച്ചില്‍(കിടങ്ങൂര്‍) എന്നീ നദികളിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.ജലസേചനവകുപ്പിന്റെയും വൈദ്യുതിബോര്‍ഡിന്റെയും 23 അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍, വലിയ അണക്കെട്ടുകളില്‍ ആശങ്കാജനകമായ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.

സംസ്ഥാനത്ത് ചൊവ്വാഴ്ച 6 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി. കണ്ണൂർ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ചു. കണിച്ചാർ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. കണിച്ചാൽ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55) എന്നിവരാണു മരിച്ചത്.
പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ തകർന്ന ചന്ദ്രന്റെ വീട് പൂർണമായും മണ്ണിനടിയിലാണ്. ഇന്ത്യൻ ആർമിയുടെയും ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.

തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശി കന്യാകുമാരി പുത്തൻതുറ കിങ്സറ്റൺ (27) കടലിൽ തിരയിൽപ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ടു കൂട്ടിക്കൽ കന്നുപറമ്പിൽ റിയാസ് (45) മരിച്ചു. എറണാകുളം കുട്ടമ്പുഴയിൽ ഇന്നലെ (തിങ്കളാഴ്ച) കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാവനാകുടിയിൽ പൗലോസിനെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.23 വീടുകൾ പൂർണമായും 71 വീടുകൾക്കു ഭാഗീകമായും തകർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 2291 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 95 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ












Click it and Unblock the Notifications