തെക്കൻ കേരളത്തിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടുക്കിയിൽ അലർട്ട് പിൻവലിച്ചു
തിരുവവനന്തപുരം; തലസ്ഥാനത്ത് കനത്ത മഴ. നഗര പ്രദേശങ്ങളിലും ഉൾ മേഖലകളിലുമെല്ലാം മഴ തുടരുകയാണ്. ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴയ്ക്ക് അൽപം ശമനം ഉണ്ടായെങ്കിലും പുലർച്ചയോടെ മഴ വീണ്ടും ശക്തമായി. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്.
നിലവിൽ നാശനഷ്ടങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയം പുളിമുറ്റത്ത് തെറ്റിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ഇതിന്റെ കരയിലുള്ള നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് രാവിലെ മുതൽ പരക്കെ മഴ പെയ്യുന്നുണ്ട്.

ഇന്ന് തിരുവനന്തപുരം കൂടാതെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും അത് പിൻവലിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്
കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനില്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ ഉള്ളവർ മാറി താമസിക്കണമെന്നും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരുംദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറിതാമസിക്കണമെന്നും വകുപ്പ് വ്യക്തമാക്കി. മലയോര മേഖലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വകുപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications