• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് കാലത്തെ വിജയദശമിയില്‍ കുരുന്നുകള്‍ അക്ഷരലോകത്തേക്ക്: ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നത്. പൊതുസ്ഥലങ്ങളിലെ വിദ്യാരംബ ചടങ്ങുകള്‍ ഒഴിവാക്കണമെന്നും പരമാവധി വീടുകളില്‍ തന്നെ ചടങ്ങുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദ്യാരംഭം ദിനങ്ങള്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുമ്പുള്ള പൂജാ ദിനങ്ങള്‍ പോലെയല്ല ഇത്തവണത്തേത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും കോവിഡ് ഭീഷണിയിലാണ്. ആകെയുള്ള കോവിഡ് രോഗികളുടെ എണ്ണം കുറവുള്ള ജില്ലകളില്‍ പോലും 60 വയസിന് മുകളിലുള്ളവരില്‍ കോവിഡ് ബാധ വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഈ സാഹചര്യത്തില്‍ പൂജവയ്പ്പ്, വിദ്യാരംഭം ചടങ്ങുളോടനുബന്ധിച്ചുള്ള ഒത്തുകൂടലുകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉത്സവ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്.

വിദ്യാരംഭ ചടങ്ങുകള്‍ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങള്‍ ചേര്‍ന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താന്‍ പാടുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുകള്‍ക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുത്. 65 വയസിന് മുകളിലുള്ളവര്‍, മറ്റ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതാണെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

വിദ്യാരംഭ സമയത്ത് നാവില്‍ സ്വര്‍ണം കൊണ്ടെഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കിയിരിക്കണം. ആ സ്വര്‍ണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. കൊറോണ വൈറസ് പെട്ടെന്ന് ബാധിക്കുന്നത് വായിലൂടെയും മൂക്കിലൂടെയുമാണെന്ന് ഓര്‍ക്കുക. അതിനാല്‍ ഓരോ കുട്ടിയേയും എഴുത്തിനിരുത്തുന്നതിന് മുമ്പും ശേഷവും എഴുത്തിനിരുത്തുന്നയാള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കഴുകേണ്ടതാണ്. ചെറുതാണെങ്കിലും രോഗലക്ഷണമുള്ള ഒരാളും കുട്ടികളെ എഴുത്തിനിരുത്തരുത്. മധുരപലഹാരം, ഭക്ഷണം എന്നിവ കഴിക്കുമ്പോള്‍ ഒത്തുകൂടാതെ നിശ്ചിത അകലം പാലിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും പേരും ഫോണ്‍ നമ്പരും എഴുതി സൂക്ഷിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവി ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തിരക്ക് കുറവാണ്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ വിദ്യാരംഭത്തിന് അവസരമുള്ളൂ. ഇതിനിടെ ഭാഷ പിതാവിന്റെ ജന്മസ്ഥലമായ തുഞ്ചന്‍പറമ്പില്‍ വിജയദശമി ദിനത്തില്‍ ആള്‍ത്തിരക്കില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഇവിടെ വിദ്യാരംഭ ചടങ്ങുകള്‍ ഇല്ല. പൂജയ്ക്ക് വച്ച പഠനോപകരങ്ങള്‍ തിരികെ വാങ്ങാന്‍ ഏതാനും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാത്രമാണ് തുഞ്ചന്‍പറമ്പില്‍ എത്തിയത്.

English summary
Kerala: Vidyarambham ceremonies were started following the Covid protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X